പലതരം കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് നമ്മുടെ സന്തോഷം നിലനിൽക്കുന്നത്. നമ്മുടെ ചുറ്റുപാട്, ബന്ധങ്ങൾ, നമ്മുടെ ദൈനം ദിന കാര്യങ്ങൾ വരെ നമ്മുടെ സന്തോഷത്തെ ബാധിച്ചേക്കാം
പലതരം കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് നമ്മുടെ സന്തോഷം നിലനിൽക്കുന്നത്. നമ്മുടെ ചുറ്റുപാട്, ബന്ധങ്ങൾ, നമ്മുടെ ദൈനംദിന കാര്യങ്ങൾ വരെ നമ്മുടെ സന്തോഷത്തെ ബാധിച്ചേക്കാം. നമ്മുടെ ശരീരവും നമ്മുടെ സന്തോഷത്തിൽ ഒരു വലിയ റോൾ വഹിക്കുന്നുണ്ട്. ശരീരം ഹാപ്പി ഹോർമോൺസ് ഉൽപാദിപ്പിക്കുമ്പോഴാണ് നമുക്ക് സന്തോഷം അനുഭവപ്പെടുന്നത്. സെറോടോണിൻ, ഡോപ്പമിൻ, ഓക്സിടോസിൻ, എൻഡോർഫിൻസ് എന്നിവയാണ് ശരീരം ഉൽപാദിപ്പിക്കുന്ന ഹാപ്പി ഹോർമോണുകൾ. ചില ദൈനംദിന കാര്യങ്ങൾ ഈ ഹാപ്പി ഹോർമോൺസ് നമ്മുടെ ശരീരത്തിൽ ഉൽപാദിപ്പിക്കാൻ സഹായിക്കുകയും, സന്തോഷകരമായ ജീവിതം നയിക്കാനും സാധിക്കും.
വ്യായാമം
സ്ഥിരമായി വ്യായാമം ചെയ്യുന്നത് നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ വർധിപ്പിക്കും. വ്യായാമം ചെയ്യുമ്പോൾ എൻഡോർഫിൻ എന്ന ഹോർമോൺ ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടും. ഇത് വിഷാദം, ഉത്കണ്ഠ എന്നിങ്ങനെയുള്ള മാനസിക പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും.
ഉപകാരസ്മരണ
നമ്മുടെ മാനസിക ആരോഗ്യത്തെ സ്വാധീനിക്കാൻ സാധിക്കുന്ന ഒന്നാണ് ഗ്രാറ്റിട്യൂഡ് അഥവാ ഉപകാരസ്മരണ. സ്ഥിരമായി ഗ്രാറ്റിട്യൂഡ് പരിശീലിച്ചാൽ സെറോട്ടിൻ ഹോർമോണിന്റെ അളവ് കൂടുകയും സന്തോഷമായി ഇരിക്കാൻ സഹായിക്കുകയും ചെയ്യും.
സാമൂഹികമായ ഇടപെടലുകളും ആശയവിനിമയവും
ആളുകളുമായി അടുത്ത് ഇടപഴകേണ്ടി വരുന്നവരാണ് നമ്മൾ. ഇത്തരത്തിൽ സൗഹൃദങ്ങൾ ഉണ്ടാക്കുകയും, സംസാരവുമെല്ലാം ശരീരത്തിൽ 'ലവ് ഹോർമോൺ' ആയ ഓക്സിടോസിൻ ഉൽപാദിപ്പിക്കുകയും, നമ്മുടെ മാനസികാവസ്ഥയെ ബൂസ്റ്റ് ചെയ്യുകയും ചെയ്യും. ഇഷ്ടപെട്ട ആളുകളുടെ കൂടെ സമയം ചിലവഴിക്കുന്നത്, കെട്ടിപ്പിടിക്കുന്നത് വരെ ഓക്സിടോസിൻ ഉൽപാദിപ്പിക്കപ്പെടാൻ കാരണമാകും.
ഉറക്കം
നമ്മുടെ ആരോഗ്യത്തിന് ഏറ്റവും പ്രധാനമാണ് ഉറക്കം. ഉറക്കമില്ലായ്മ സെറോട്ടിൻ എന്ന ഹോർമോണിന്റെ ഉൽപാദനം കുറയ്ക്കുകയും, അത് മൂഡ് സ്വിങ്സ് ഉണ്ടാകാൻ കാരണമാവുകയും ചെയ്യുന്നു. പ്രായപൂർത്തിയായ ഒരു വ്യക്തി രാത്രിയിൽ 7 മുതൽ 9 മണിക്കൂർ വരെ ഉറങ്ങണമെന്നാണ് ശാസ്ത്രം പറയുന്നത്. കൃത്യമായൊരു ഉറക്കശീലം ഉണ്ടാക്കിയെടുക്കുക എന്നത് വളരെ പ്രധാനപെട്ടതാണ്.
ഡയറ്റ്
നമ്മൾ എന്ത് കഴിച്ചുവെന്നതും നമ്മുടെ സന്തോഷത്തെയും മാനസികാവസ്ഥയെയും ബാധിക്കും. അതായത്, നട്സ്, മുട്ട, മീൻ എന്നിവ ശരീരത്തിലെ ഡോപ്പമിന്റെ അളവ് കൂട്ടുകയും സന്തോഷം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
പാഷൻ
വെറുതെയുള്ള സമയങ്ങളിൽ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നതും സന്തോഷം വർധിപ്പിക്കാൻ സഹായിക്കും. അതായത്, ഇഷ്ടപെട്ട പാട്ട് കേൾക്കുക, വായന, വരയ്ക്കുക... അങ്ങനെ നിങ്ങൾക്ക് ഇഷ്ടപെട്ട കാര്യങ്ങൾ ചെയ്യുന്നത് മാനസികമായി സന്തോഷമുണ്ടാക്കാൻ സഹായിക്കും.
മെഡിറ്റേഷൻ
മാനസികാരോഗ്യത്തിനും സന്തോഷത്തിനും മെഡിറ്റേഷൻ ഒരു പ്രധാന ഘടകമാണ്. ഇത് പ്രാക്ടീസ് ചെയ്യുന്നത് സെറോട്ടിൻ, എൻഡോർഫിൻ എന്നീ ഹോർമോണുകൾ ഉൽപാദിപ്പിക്കപ്പെടുകയും സമ്മർദ്ദം കുറക്കാൻ സഹായിക്കുകയും ചെയ്യും.