
54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര നേട്ടത്തില്‍ സന്തോഷം പങ്കുവെച്ച് നടന്‍ വിജയരാഘവന്‍. 50 വര്‍ഷത്തെ അഭിനയജീവിതത്തില്‍ ആദ്യമായാണ് വിജയരാഘവനെ തേടി സംസ്ഥാന പുരസ്കാരം എത്തുന്നത്. ഗണേഷ് രാജ് സംവിധാനം ചെയ്ത പൂക്കാലം എന്ന സിനിമയിലെ ഇട്ടൂപ്പ് എന്ന വയോധികന്‍റെ കഥാപാത്രമാണ് വിജയരാഘവനെ മികച്ച സ്വഭാവ നടനുള്ള പുരസ്കാരത്തിന് അര്‍ഹനാക്കിയത്.
' കഴിഞ്ഞ 50 വർഷമായി മലയാള സിനിമാ പ്രേക്ഷകർ ഒരു കുറവും കൂടാതെ എന്നെ സ്നേഹിക്കുന്നു. അവരുടെ നിരന്തര സ്നേഹത്തിൻ്റെയും വിശ്വാസത്തിൻ്റെയും പ്രതിഫലനമാണ് ഈ സംസ്ഥാന അവാർഡ്. ഓരോരുത്തർക്കും നന്ദി. സംവിധായകൻ ഗണേഷ് രാജ്, നിർമ്മാതാക്കളായ വിനോദ് ഷൊർണൂർ, തോമസ് തിരുവല്ല, ഡിഒപി ആനന്ദ് എന്നിവര്‍ക്കും പൂക്കാലത്തിലെ എല്ലാ അഭിനേതാക്കളോടും അണിയറപ്രവർത്തകർക്കും എൻ്റെ ഹൃദയംഗമമായ നന്ദി '- എന്ന് വിജയരാഘവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കുടുംബത്തോടൊപ്പം യു.കെയില്‍ അവധി ആഘോഷിക്കാനെത്തിയപ്പോഴായിരുന്നു പുരസ്കാര വിവരം വിജയരാഘവനെ തേടിയെത്തിയത്.
അതേസമയം, ആടുജീവിതത്തിലെ നജീബിനെ അവിസ്മരണീയമാക്കിയ പൃഥ്വിരാജ് സുകുമാരനാണ് മികച്ച നടൻ. സംവിധായകനും, മികച്ച അവലംബിത തിരക്കഥക്കുമുള്ള പുരസ്‌കാരം ബ്ലെസി സ്വന്തമാക്കി. മികച്ച നടിയായി ഉര്‍വശിയും ബീന ആര്‍ ചന്ദ്രനും തെരഞ്ഞെടുക്കപ്പെട്ടു. ജിയോ ബേബി സംവിധാനം ചെയ്ത 'കാതല്‍ ദി കോര്‍' ആണ് മികച്ച സിനിമ. ഹിന്ദി സംവിധായകനും നിര്‍മാതാവുമായ സുധീര്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള ജൂറിയാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.