അടുത്തിടെ താരത്തിന്റെതായി പുറത്തിറങ്ങിയ മരിയ എന്ന ബയോഗ്രഫിക്കല്‍ സൈക്കോളജിക്കല്‍ ഡ്രാമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്
പ്രായമാകുന്നത് ഒരിക്കലും തനിക്കൊരു പ്രശ്‌നമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഹോളിവുഡ് താരം ആഞ്ചലീന ജോളി. അടുത്തിടെ താരത്തിന്റെതായി പുറത്തിറങ്ങിയ മരിയ എന്ന ബയോഗ്രഫിക്കല്‍ സൈക്കോളജിക്കല്‍ ഡ്രാമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.
'പ്രായമാകും തോറും എനിക്ക് മികച്ച സിനിമകള്‍ ലഭിച്ചു', എന്നാണ് ആഞ്ചലീന ജോളി പറഞ്ഞത്. 'പ്രായമാകുന്നത് അഭിനേതാക്കള്‍ക്ക് ഗായകരെക്കാളും നര്‍ത്തകരെക്കാലും നല്ലതാണ്. കാരണം നമ്മുടെ ശരീരത്തിന് മാറ്റമൊന്നും ഉണ്ടാകുന്നില്ലെ'ന്നും അവര്‍ പറഞ്ഞു. അതോടൊപ്പം മരിയ കല്ലാസ് എന്ന ഒപ്പേറ ഗായികയുടെ തൊഴിലിനോടുള്ള പ്രതിബദ്ധതയെ ആഞ്ചലീന ജോളി പ്രശംസിക്കുകയും ചെയ്തുവെന്ന് ഡെഡ്‌ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മരിയ എന്ന ചിത്രത്തില്‍ അന്തരിച്ച ഒപ്പേറ ഗായിക മരിയ കാല്ലാസിനെയാണ് ആഞ്ചലീന ജോളി അവതരിപ്പിച്ചിരിക്കുന്നത്. പാബ്ലോ ലാരൈന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഒപ്പേറ ഗായിക മരിയയുടെ മരണത്തിന് മുന്‍പുള്ള ദിവസങ്ങളാണ് ചിത്രത്തില്‍ പറഞ്ഞുവെക്കുന്നത്. 1977ല്‍ തന്റെ 53-ാം വയസിലാണ് മരിയ ഹാര്‍ട്ട് അറ്റാക്ക് മൂലം മരിക്കുന്നത്.
സിനിമയുടെ ആവശ്യത്തിനായി പാട്ട് പരിശീലിച്ചതിനെ കുറിച്ച് ജോളി ഓര്‍മ്മിച്ചു. 'ഞാന്‍ പിയാനോയും ആയി മുറിയിലേക്ക് നടന്ന് കയറി. അപ്പോള്‍ ഒരാള്‍ പറഞ്ഞു, നിങ്ങള്‍ ഇപ്പോള്‍ പാട്ടിന്റെ കാര്യത്തില്‍ എവിടെയാണെന്ന് നോക്കട്ടെയെന്ന്. അത് വളരെ വൈകാരികമായ ഒരു നിമിഷമായിരുന്നു. ഞാന്‍ ഒരു ദീര്‍ഘ ശ്വാസം എടുത്തു. എന്നിട്ട് ഞാന്‍ പാടാന്‍ ആരംഭിച്ചു. അവസാനമായപ്പോഴേക്കും ഞാന്‍ കരഞ്ഞു പോയി. നമ്മള്‍ നമ്മുടെ ശരീരത്തില്‍ എത്രത്തോളം കാര്യങ്ങള്‍ പിടിച്ചുവെക്കുന്നു എന്നത് നമുക്ക് പോലും അറിയില്ല', ആഞ്ചലീന ജോളി പറഞ്ഞു.