
മലയാള സിനിമയില്‍ ആദ്യമായി അഭിനയിച്ചതിന്‍റെ സന്തോഷം പ്രകടിപ്പിച്ച് ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ അനുരാഗ് കശ്യപ്. ആഷിക് അബു സംവിധാനം ചെയ്യുന്ന റൈഫിള്‍ ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് അനുരാഗ് കശ്യപ് മലയാളത്തിലേക്ക് ചുവടുവെച്ചത്. മലയാള സിനിമ വളരെ ശാന്തമാണ്, ജോലി ചെയ്ത് സന്തോഷത്തോടെ പോകാന്‍ സാധിക്കുന്നു. ഞാന്‍ ധാരാളം മലയാള സിനിമകള്‍ കാണുന്നയാളാണ്. ഭാഷ മനസിലാകാത്തുകൊണ്ട് സബ് ടൈറ്റില്‍ ഇട്ടാണ് കാണുന്നത്. നല്ല സിനിമകള്‍ ഉണ്ടാക്കുന്നതില്‍ മുന്‍പന്തിയിലാണ് മലയാള സിനിമ മേഖലെയെന്നും അനുരാഗ് കശ്യപ് പറഞ്ഞു. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
കേരളം ഏറെ പ്രിയപ്പെട്ട സ്ഥലമാണെന്നും ഇവിടുത്തെ ഭക്ഷണം കഴിക്കാന്‍ ഇടയ്ക്കിടെ വരാറുണ്ടെന്നും അനുരാഗ് കശ്യപ് പറഞ്ഞു. കോട്ടയം കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിട്യൂട്ടിലെ വിദ്യാര്‍ഥികളോട് സംവദിക്കാനാണ് അനുരാഗ് കശ്യപ് കേരളത്തിലെത്തിയത്.
ബോളിവുഡിലെയും മലയാളത്തിലെയും ചെലവിനെ കുറിച്ചും അനുരാഗ് കശ്യപ് പറഞ്ഞു. മലയാളത്തില്‍ മുടക്കുന്ന ഒരോ പൈസയും സ്ക്രീനില്‍ കാണാം. എന്നാല്‍ ബോളിവുഡില്‍ മുടക്കുന്ന തുകയുടെ 10 ശതമാനം മാത്രമാണ് സ്ക്രീനില്‍ കാണുന്നത്. വലിയ തുകയാണ് ബോളിവുഡില്‍ ചെലവഴിക്കുന്നത്. അതിന്‍റെ എത്രയോ കുറഞ്ഞ തുകയ്ക്ക് മലയാളത്തില്‍ മികച്ച ചിത്രങ്ങള്‍ സ്ഥിരമായി ഉണ്ടാകുന്നുവെന്നും അനുരാഗ് കശ്യപ് പറഞ്ഞു.
സിനിമയ്ക്ക് സെന്‍സറിങ് ആവശ്യമില്ലെന്നും ഒരു കലാസൃഷ്ടി അതിന്‍റെ സംവിധായകന് നല്ല രീതിയില്‍ എടുക്കാന്‍ സാധിക്കാനും പ്രേക്ഷകന് വിലയിരുത്താനും സാധിക്കട്ടെയെന്നും അനുരാഗ് കശ്യപ് വ്യക്തമാക്കി.