fbwpx
സാങ്കല്‍പ്പിക ലോകത്ത് നടക്കുന്ന കഥയാണ് ലെവല്‍ ക്രോസ്; അര്‍ഫാസ് അയ്യൂബ് അഭിമുഖം

ട്യൂണീഷ്യയിലെ ഒരു ലെവല്‍ ക്രോസില്‍ വെച്ചാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ചിത്രത്തില്‍ അമല പോളും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളാണ്.

INTERVIEW

അർഫാസ് അയ്യൂബ്

ആസിഫ് അലിയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അര്‍ഫാസ് അയ്യൂബ് സംവിധാനം ചെയ്ത ചിത്രമാണ് ലെവല്‍ ക്രോസ്. ചിത്രം ജൂലൈ 26ന് തിയേറ്ററിലെത്തും. തികച്ചും സാങ്കല്‍പ്പികമായൊരു ലോകത്ത് നടക്കുന്ന കഥയാണ് ലെവല്‍ ക്രോസ് എന്ന് അര്‍ഫാസ് അയ്യൂബ് ന്യൂസ് മലയാളത്തോട് പറഞ്ഞു. ട്യൂണീഷ്യയിലെ ഒരു ലെവല്‍ ക്രോസില്‍ വെച്ചാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. ചിത്രത്തില്‍ അമല പോളും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളാണ്.


ആദ്യ സിനിമയായി ചെയ്യാനിരുന്നത് ലെവല്‍ ക്രോസല്ല


എന്റെ ആദ്യത്തെ സിനിമയായി ഞാന്‍ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്ന സിനിമയായിരുന്നില്ല ലെവല്‍ ക്രോസ്. കുറച്ചുകൂടെ വലിയ ബജറ്റില്‍ ഉള്ള വലിയ താരങ്ങളെ വെച്ചിട്ടുള്ള ഹിന്ദി സിനിമയാണ് ഞാന്‍ ആദ്യം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നത്. പക്ഷെ അത് നടപ്പിലാക്കാന്‍ ഒരു തുടക്കകാരനായ സംവിധായകന്‍ എന്ന നിലയ്ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. ആ സമയത്താണ് ഞാന്‍ മുംബൈയില്‍ നിന്നും കൊച്ചിയിലേക്ക് വരുന്നതും ജീത്തു സാറിനൊപ്പം അസിസ്റ്റ് ചെയ്ത് തുടങ്ങുന്നതും.ട്വില്‍ത്ത് മാനിന്റെ സമയത്താണ് ഞാന്‍ ഈ കഥ സാറിനോട് പറയുന്നത്. ഈ സിനിമ എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒന്നാണ്. അതിന് കാരണം ഈ സിനിമ ഒരു സംവിധായകന്‍ എന്ന നിലയ്ക്ക് എനിക്ക് തരുന്ന സാധ്യതകളും ആ കഥയുടെ ഒരു നേച്ചറുമാണ്. അതുകാരണം ഈ സിനിമ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നുരണ്ട് തിരക്കഥകളില്‍ ഒന്നായിരുന്നു. ജീത്തു സാറിനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് കഥ ഇഷ്ടപെടുകയും റാമിന്റെ നിര്‍മാതാക്കളോട് പറയുകയും ചെയ്തു. അങ്ങനെ ഞാന്‍ പോയി അവരോട് കഥ പറഞ്ഞു. അത് കഴിഞ്ഞ് കൂമന്റെ സമയത്താണ് ഞാന്‍ ആസിഫിനോട് കഥ പറയുന്നത്. അങ്ങനെയാണ് ലെവല്‍ ക്രോസ് തുടങ്ങുന്നത്.


അണിയറ പ്രവര്‍ത്തകരെ ഹൃദയത്തോട് ചേര്‍ത്തുവെക്കുന്നൊരാള്‍

മുംബൈയില്‍ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്ത് ഞാന്‍ ഒരു സംവിധായകന്റെ കൂടെ ഒരു തവണ മാത്രം ജോലി ചെയ്യാന്‍ ശ്രമിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു. നമ്മള്‍ സിനിമ പഠിക്കുകയാണല്ലോ. അപ്പോള്‍ ഒരോ സംവിധായകരില്‍ നിന്നും പഠിക്കാന്‍ പറ്റുന്നതെല്ലാം പഠിക്കുക. അത് കഴിഞ്ഞ് അടുത്ത സംവിധായകനിലേക്ക് പോവുക. അങ്ങനെയായിരുന്നു എന്റെ ഒരു രീതി. നമ്മളെ സംബന്ധിച്ച് ഒരുപാട് സംവിധായകര്‍ക്കൊപ്പം സിനിമ ചെയ്യുക എന്നതാണ്. കാരണം ഓരോ സംവിധായകരും അവരുടെ ക്രാഫ്റ്റിലും അനുഭവത്തിലുമെല്ലാം വ്യത്യസ്തരായിരിക്കും. അപ്പോള്‍ അങ്ങനെയായിരുന്നു ഞാന്‍ ചെയ്തുകൊണ്ടിരുന്നത്. എന്നാല്‍ ജീത്തു സാറിനൊപ്പം സിനിമ ചെയ്തതിന് ശേഷം അത് മാറി. ബോഡി എന്ന ഹിന്ദി സിനിമയിലാണ് ഞാന്‍ ആദ്യമായി സാറിനെ അസോസിയേറ്റ് ചെയ്യുന്നത്. അത് കഴിഞ്ഞ് സാര്‍ മലയാളം സിനിമകളുമായി കേരളത്തിലേക്ക് മടങ്ങി. ഞാന്‍ മുംബൈയില്‍ തന്നെ സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ആ സമയത്താണ് റാമിന്റെ പ്രഖ്യാപനം നടക്കുന്നത്. അങ്ങനെ സാര്‍ എന്നോട് റാമില്‍ വര്‍ക്ക് ചെയ്യുന്നോ എന്ന് ചോദിച്ചു. ഞാന്‍ ഭയങ്കര എക്‌സൈറ്റഡ് ആയിരുന്നു. കാരണം ഒരു മലയാള സിനിമ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പിന്നെ ലാല്‍ സാറിനൊപ്പം ഒരു സിനിമ എന്ന് പറയുന്നത് സ്വപ്‌നം യാഥാര്‍ഥ്യമാകുന്നതിന് തുല്യമായിരുന്നു. അങ്ങനെ റാമിന് വേണ്ടി ഞാന്‍ കേരളത്തിലേക്ക് വരുകയായിരുന്നു. ജീത്തു സാറിനൊപ്പം ഒരു സിനിമ ചെയ്താലൊന്നും നമുക്ക് മടുക്കില്ല. ഭയങ്കര ഇന്നോവേറ്റീവായ സ്‌ക്രിപ്പ്റ്റിലൂടെ എല്ലാവരെയും എക്‌സൈറ്റ് ചെയ്യിപ്പിക്കുന്ന ഒരു സംവിധായകനാണ്. അതിനെല്ലാം അപ്പുറത്ത് വളരെ അച്ചടക്കമുള്ള വ്യക്തിയാണ് അദ്ദേഹം. പിന്നെ അണിയറ പ്രവര്‍ത്തകരെ ഹൃദയത്തോട് അടുത്ത് നിര്‍ത്തുന്ന ഒരാളാണ്. അതുപോലെ ഓരോ സിനിമ മാറുമ്പോളും കാസ്റ്റ് മാറുന്നുണ്ടാകും പക്ഷെ അണിയറ പ്രവര്‍ത്തകര്‍ മിക്കവരും പഴയ ആളുകളായിരിക്കും. അത് നല്ലൊരു കാര്യമാണ്. കാരണം നമുക്ക് ഒരു കുടുംബം പോലെ തോന്നി പോകും. നമുക്കെപ്പോഴും നമ്മുടെ കുടുംബത്തിലേക്ക് തിരിച്ചുപോകാനാണല്ലോ തോന്നുക. അങ്ങനെത്തെ ഒരു നല്ല അന്തരീക്ഷമാണ് സാറിന്റെ കൂടെ സിനിമ ചെയ്യുമ്പോള്‍.


ഇത് കേരളത്തില്‍ നടക്കാത്ത കഥ

ലെവല്‍ ക്രോസ് എന്ന് പറയുന്നത് ഒരു സ്ലോ ബേണര്‍ ത്രില്ലറാണ്. ഇന്റെന്‍സ് ഡ്രാമയാണ്. വളരെ ലെയേഡായ തിരക്കഥയുള്ള ഒരു സിനിമയാണ്. ഈ സിനിമ ആദ്യം കാണുമ്പോള്‍ അതിന്റെ കഥയും കഥാപാത്രങ്ങളെയും വിഷ്വല്‍സും സൗണ്ട് ഡിസൈനുമെല്ലാമായിരിക്കും പ്രേക്ഷകര്‍ ആസ്വദിക്കുക എന്ന് എനിക്ക് തോന്നുന്നു. പക്ഷെ രണ്ടാം തവണ കാണുമ്പോള്‍ ആ സിനിമയിലെ ലെയേഴ്‌സും അതിന് അപ്പുറവും ആസ്വദിക്കാന്‍ പ്രേക്ഷകര്‍ക്ക് സാധിക്കും. അതുകൊണ്ട് തന്നെ ഈ സിനിമ രണ്ട് തവണയെങ്കിലും തിയേറ്ററില്‍ കാണണമെന്ന് എന്റെ സുഹൃത്തുക്കളോടും കുടുംബത്തോടും ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. കാരണം ഓരോ തവണ കാണുമ്പോഴും ഈ സിനിമ നിങ്ങള്‍ക്ക് പുതിയൊരു അനുഭവമായിരിക്കും. നിങ്ങള്‍ക്ക് ഒരേ സിനിമ കാണുകയാണെന്ന് തോന്നില്ല. അതാണ് ലെവല്‍ ക്രോസിന്റെ പ്രത്യേകതയും. ലെവല്‍ ക്രോസിന്റെ കഥ സാങ്കല്‍പികമായൊരു സ്ഥലത്ത് നടക്കുന്ന ഒരു ഫിക്ഷണല്‍ കഥയാണ്. ഇത് ഒരിക്കലും കേരളത്തില്‍ നടക്കാവുന്ന ഒരു കഥയൊന്നുമല്ല. അങ്ങനത്തെ ഭൂപ്രകൃതിയും കേരളത്തില്‍ ഇല്ല. അതൊരു സാങ്കല്‍പിക ലോകത്താണ് നടക്കുന്നത്. ആ കഥാപാത്രങ്ങളുടെ ലോകം തന്നെ വേറെയാണ്. അതുകൊണ്ട് തന്നെ സാങ്കല്‍പികം എന്ന വാക്കുമായി സാമ്യമുള്ള ഒരു സ്ഥലമായിരിക്കണം എന്നത് നിര്‍ബന്ധമായിരുന്നു. മുന്‍പ് കണ്ടിട്ടുള്ള ഒരു സ്ഥലം ഒരിക്കലും ആയിരിക്കരുത്. രാജസ്ഥാനില്‍ വേണമെങ്കില്‍ ഇത് ഷൂട്ട് ചെയ്യാമായിരുന്നു. അവിടെയും മരുഭൂമിയും ലെവല്‍ ക്രോസുമെല്ലാം ഉണ്ട്. പക്ഷെ അതൊക്കെ നമ്മള്‍ ഇതിന് മുന്‍പ് കണ്ടിട്ടുള്ള വിഷ്വല്‍സാണ്. സിനിമ വിഷ്വലി മാറി നില്‍ക്കുമ്പോഴേ ആളുകള്‍ക്ക് ആ സാങ്കല്‍പിക ലോകവുമായി കുറച്ചുകൂടി ചേര്‍ന്നു നില്‍ക്കാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ടാണ് അങ്ങനെ ആരും കാണാത്ത ഒരു സ്ഥലം തേടി പോയത്. മൊറോക്കോയില്‍ എല്ലാം ലൊക്കേഷന്‍ കണ്ടിരുന്നു. പിന്നീടാണ് ട്യൂണീഷ്യയില്‍ അതിലും മികച്ചൊരു ലൊക്കേഷന്‍ കാണുന്നത്.

ആസിഫിന്റെത് ഒരു സാങ്കല്‍പിക കഥാപാത്രമാണ്

ഞാന്‍ കൂമന്‍ ചെയ്യുമ്പോഴാണ് ആസിഫുമായി പരിചയപ്പെടുന്നത്. അതിന് മുന്‍പ് ഈ സ്‌ക്രിപ്റ്റ് നിര്‍മാതാവിന് ഓക്കെയായിരുന്നു. അങ്ങനെ ഈ സിനിമ ചെയ്യാനായി ഇരിക്കുകയായിരുന്നു. ആസിഫ് എന്ന നടനെ എനിക്ക് ഇതിന് മുന്നെ അറിയാം. അദ്ദേഹം ഒരു ഗംഭീര നടനാണ്. അധികം ആരും ഉപയോഗിക്കാത്ത ഒരു അഭിനേതാവായാണ് എനിക്ക് ആസിഫിനെ തോന്നിയിട്ടുള്ളത്. ആസിഫിന്റെ ഒരു കഴിവ് വെച്ച്. എന്റെ മനസില്‍ മികച്ച നടന്‍ എന്നതിനൊപ്പം തന്നെ മികച്ചൊരു വ്യക്തി കൂടി ആയിരിക്കണം എന്നുണ്ടായിരുന്നു. ചില നടന്‍മാരുണ്ടല്ലോ താരപരിവേഷമായിട്ടായിരിക്കും സെറ്റില്‍ വരുന്നത്. അവരെ പറഞ്ഞ് മനസിലാക്കാന്‍ ബുദ്ധിമുട്ടാണ്. എന്റെ ഒപ്പം നിന്ന് പ്രവൃത്തിക്കുന്ന ഒരാളായിരിക്കണം അഭിനയിക്കുന്ന ആളെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. എന്റെ ആദ്യ സിനിമയാണെന്ന് മനസിലാക്കി എന്നെ പിന്തുണച്ചുകൊണ്ട് എനിക്കൊപ്പം നില്‍ക്കാന്‍ കഴിയുന്ന ഒരു സുഹൃത്തിനെയാണ് എനിക്ക് വേണ്ടിയിരുന്നത്. ആസിഫ് അങ്ങനെയൊരു സുഹൃത്തായി പെട്ടന്ന് മാറുകയായിരുന്നു. കൂമന്‍ ചെയ്യുന്ന സമയത്ത് ആ സൗഹൃദം എനിക്ക് ആസിഫില്‍ നിന്നും കിട്ടി. അങ്ങനെയാണ് ആസിഫിലേക്ക് എത്തുന്നത്. അങ്ങനെ ഞാന്‍ ആസിഫിനോട് എനിക്കൊരു കഥ പറയാനുണ്ടെന്ന് പറഞ്ഞു. അപ്പോള്‍ ആസിഫ് അതെന്നോട് അങ്ങോട്ട് ചോദിക്കാന്‍ ഇരിക്കുകയായിരുന്നു എന്ന് പറഞ്ഞു. അങ്ങനെ കഥ പറയുകയും ആസിഫിന് ഇഷ്ടപെടുകയും ചെയ്തു.

സിനിമയില്‍ ആസിഫിന്റെത് ഒരു സാങ്കല്‍പിക കഥാപാത്രമാണ്. അതുകൊണ്ട് തന്നെ ഇതുവരെ നമ്മള്‍ കണ്ടിട്ടില്ലാത്ത ഒരു ലുക്ക് ചെയ്യണമെന്ന് ഉണ്ടായിരുന്നു ഞങ്ങള്‍ക്ക്. റോണക്‌സ് ആയിരുന്നു മേക്കപ്പ് ചെയ്തത്. ലിന്റാ മാം ആണ് കോസ്റ്റിയൂം ചെയ്തത്. ഇവരാണ് ആസിഫിന്റെ കഥാപാത്രത്തിന്റെ ലുക്ക് ഡിസൈന്‍ ചെയ്തത്. ഞാന്‍ അവര്‍ക്ക് ഐഡിയയും റെഫറന്‍സുമെല്ലാം കൊടുത്തിരുന്നു. പിന്നെ റോണക്‌സ് പല സ്‌കെച്ചസും കാണിച്ചു. പല വിഗ്ഗുകളും പ്രോസ്‌തെറ്റിക്‌സും ട്രൈ ചെയ്തു. അങ്ങനെ ഒരുപാട് ലുക്ക് ട്രൈയലുകള്‍ നടത്തിയിട്ടാണ് അവസാനം ആസിഫിന്റെ ഇപ്പോള്‍ കാണുന്ന ലുക്കിലേക്ക് എത്തുന്നത്. ഇതിലെ സ്ത്രീ കഥാപാത്രത്തെ എഴുതുമ്പോള്‍ എന്റെ മനസില്‍ അമല പോളിനെ പോലെയുള്ള ഒരാളായിരുന്നു ഉണ്ടായിരുന്നത്. നല്ല ഭംഗിയുള്ള ഉയരമുള്ള മോഡേണായ ഒരു സ്ത്രീ. അതുകൊണ്ട് തന്നെ ഞാന്‍ ആദ്യം അമലയെ തന്നെയാണ് വിളിച്ചത്. പക്ഷെ നാല് അഞ്ച് മാസം എടുത്താണ് അമലയിലേക്ക് ഞാന്‍ എത്തുന്നത്. അവസാനം ജീത്തു സാര്‍ തന്നെ അമലയെ വിളിച്ച് ഞാനും സാറും കൂടെ പോയി അമലയോട് കഥ പറഞ്ഞു. ഷറഫിന്റെ കഥാപാത്രമാണ് ഏറ്റവും ചലഞ്ചിങ്ങായ കഥാപാത്രം. അത് സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും.

സത്യം പറഞ്ഞാല്‍ എനിക്ക് പേടിയുണ്ട്

ലെവല്‍ ക്രോസ് 26ന് റിലീസ് ചെയ്യുകയാണ്. ഞാന്‍ വളരെ എക്‌സൈറ്റഡാണ്. സത്യം പറഞ്ഞാല്‍ എനിക്ക് കുറച്ച് പേടിയുമുണ്ട്. പ്രേക്ഷകരെങ്ങനെ എടുക്കും ഈ സിനിമയെ എന്ന് എനിക്ക് അറിയില്ല. ആദ്യ സിനിമ വര്‍ക്കായില്ലെങ്കില്‍ എന്റെ കരിയര്‍ എന്താകും എന്നൊക്കെയുള്ള ചിന്തകള്‍ എന്റെ മനസിലുമുണ്ട്. പക്ഷെ ഞാന്‍ പോസ്റ്റീവായിരിക്കാന്‍ ശ്രമിക്കുന്നുണ്ട്. സിനിമയുടെ പ്രിവ്യൂ കഴിഞ്ഞപ്പോഴൊക്കെ എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞത്. പ്രേക്ഷകര്‍ ഈ സിനിമ ഒരിക്കലെങ്കിലും വന്ന് കാണണം എന്ന പ്രതീക്ഷ എനിക്കുണ്ട്. പിന്നെ നമ്മള്‍ സ്വപ്‌നം ഒത്തിരി കാണുമ്പോള്‍ അത് പിന്നീട് പ്രതീക്ഷയായി മാറും അല്ലേ. അതുകൊണ്ട് തന്നെ നല്ല പ്രതീക്ഷയിലാണ് ഞാന്‍ ഇരിക്കുന്നത്.

Also Read
user
Share This

Popular

KERALA
KERALA
പെരിയ ഇരട്ടക്കൊലപാതകം: ശിക്ഷയിൽ ഇളവ് വേണം, കോടതിയിൽ കുടുംബ പ്രാരാബ്ധങ്ങൾ എണ്ണിപ്പറഞ്ഞ് പ്രതികൾ