ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്തത് കൊടിയ നീതി നിഷേധം: ഡബ്ല്യു.സി.സി

സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്നും ഡബ്ല്യു.സി.സി അഭിപ്രായപ്പെട്ടു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്തത് കൊടിയ നീതി നിഷേധം: ഡബ്ല്യു.സി.സി
Published on

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരെയുള്ള സ്റ്റേ നീട്ടിയതില്‍ പ്രതികരിച്ച് ഡബ്ല്യു.സി.സി. റിപ്പോര്‍ട്ട് പുറത്തുവിടാത്തത് കൊടിയ നീതി നിഷേധമാണെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചതെന്നും ഡബ്ല്യു.സി.സി അഭിപ്രായപ്പെട്ടു. സമൂഹമാധ്യമത്തിലൂടെയായിരുന്നു പ്രതികരണം.


ഡബ്ല്യു.സി.സിയുടെ ഫേസ്ബുക്ക് പോസ്റ്റ് :

വയനാടിന്റെ ദുരന്തം ഉണ്ടാക്കിയ ഞെട്ടലില്‍ നിന്ന് നമ്മള്‍ ഇനിയും മുക്തരായിട്ടില്ല. അതിനിടയിലാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വരുന്നതിനെതിരെ ഒരു പ്രൊഡ്യൂസര്‍ നല്‍കിയ സ്റ്റേ വീണ്ടും അടുത്ത മാസം ആറാം തീയ്യതി വരെ നീട്ടിയത്. സമാനതകളിലാത്ത ഈ ദുരിത സാഹചര്യത്തിലാണെങ്കിലും ഇതേ കുറിച്ച് ചിലത് പറയാതിരിക്കാനാവില്ല. നിയമം ഉണ്ട് എന്നത് സ്ത്രീയ്ക്ക് നീതി കിട്ടും എന്നതിന്റെ ഉറപ്പല്ല.

നീതിക്കായുള്ള പോരാട്ടം പിന്നെയും ഒരു വലിയ കടമ്പയാണ്. സിനിമയിലെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അത് ഇരട്ടി ദൂരം സഞ്ചരിക്കലാണ്. നീതി കിട്ടുന്നു എന്ന പ്രതീതി മാത്രമാണ് അവര്‍ക്കായി ബാക്കി നില്‍ക്കുന്നത്. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നിട്ട് വരുന്ന ഡിസംബറില്‍ അഞ്ചു വര്‍ഷം തികയും. റിപ്പോര്‍ട്ട് പുറത്തു കൊണ്ടുവരാനോ അത് നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പിലാക്കാനോ കേരളത്തിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. അതിനായി മുന്നിട്ടിറങ്ങാന്‍ സര്‍ക്കാറോ സിനിമയില്‍ ആധിപത്യം വഹിക്കുന്ന സംഘടനകളോ തയ്യാറുമല്ല.

സിനിമയിലെ തൊഴിലിടങ്ങളില്‍ പണിയെടുക്കുന്ന സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കുന്ന കാര്യത്തില്‍ കേരളം എന്തു വലിയ പരാജയമാണ് എന്ന് ഈ കാത്തിരുപ്പ് ഓര്‍മ്മിപ്പിക്കുന്നു. നീതിശൂന്യമായ ഈ കാത്തിരിപ്പിന് ഒരു പരിഹാരമായാണ് ആരുടെയും സ്വകാര്യത ലംഘിക്കാത്ത രീതിയില്‍ ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടണം എന്ന വിവരാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം. അന്യായങ്ങള്‍ ചെയ്തവരെ അത് സുരക്ഷിതരാക്കി നിര്‍ത്തുന്നു. എന്നാല്‍ അത് പോലും നിയമക്കുരുക്കിലേക്ക് കൊണ്ടു പോയി, റിപ്പോര്‍ട്ട് പുറത്തു വരുന്നത് തടഞ്ഞു നിര്‍ത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ നിയമക്കുരുക്ക് സിനിമയിലെ മുഴുവന്‍ സ്ത്രീകള്‍ക്കുമേലും പതിച്ച നീതി നിഷേധത്തിന്റെ കുരുക്കാണ്.

അതില്‍ നിന്നും പുറത്തുകടന്ന് സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കുക എന്ന പ്രാഥമിക ഉത്തരവാദിത്വം സര്‍ക്കാറിനാണ്. ഈ കുരുക്കഴിയ്ക്കുക എന്നത് ഡബ്യു.സി.സി.യുടെ മാത്രം കാര്യമാണ് എന്ന മട്ടില്‍ മൗനം പൂണ്ടിരിയ്ക്കുകയാണ് സിനിമയിലെ സംഘടനകള്‍. അവര്‍ക്കും ഇക്കാര്യത്തില്‍ തുല്യ ഉത്തരവാദിത്വമാണുള്ളത്. സിനിമയിലെ മഹാഭൂരിപക്ഷം പ്രവര്‍ത്തകരെയും തങ്ങളുടെ കുടക്കീഴില്‍ അണിനിരത്തിയിട്ടുള്ള ഈ സംഘടനാ സംവിധാനങ്ങള്‍ ഈ വിഷയത്തില്‍ എടുത്തിരിക്കുന്ന മൗനം അന്യായമാണ്. സിനിമയിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും വിരുദ്ധമാണത്. സിനിമ നിയമവിധേയമായ ഒരു പ്രവര്‍ത്തന മണ്ഡലമായി മാറ്റിയെടുക്കാന്‍ ഈ സംഘടനകളുടെ നിഷേധാത്മക നിലപാട് ഇന്നൊരു തടസ്സമാണ്. അവരത് മാറ്റിയേ തീരൂ.

റിപ്പോര്‍ട്ട് പുറത്തു കൊണ്ടുവരുന്ന വിഷയത്തില്‍ സര്‍ക്കാര്‍ ഇക്കാലമത്രയും കൈക്കൊണ്ട നിലപാടുകള്‍ തീര്‍ത്തും നിഷേധാത്മകമാണ്. വിവരാവകാശ കമ്മീഷന്‍ അത് പുറത്തു കൊണ്ടുവരുവാന്‍ ഉത്തരവിട്ടപ്പോഴും അത് ഉറപ്പു വരുത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ജാഗ്രത കാട്ടിയിട്ടില്ല. അത് സ്റ്റേ ചെയ്യുന്നതിലേക്ക് എത്തിയപ്പോഴും അത് നീക്കം ചെയ്യാന്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടല്‍ ഉണ്ടായിട്ടില്ല. അത് ഞങ്ങളുടെ കാര്യമല്ല, കോടതിക്കാര്യമാണ് എന്ന നിഷേധാത്മക നിലപാടാണ് സര്‍ക്കാര്‍ എടുത്തതായി കാണുന്നത്. സര്‍ക്കാര്‍ ഈ നിലപാട് തിരുത്തണം. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു കൊണ്ടു വരികയും അതിന്മേല്‍ നടപടികള്‍ ഉണ്ടാവുകയും വേണം. അത് വൈകാനിടയാക്കുന്നത് കൊടിയ നീതി നിഷേധമാണ്. ഭരണഘടന അനുശാസിക്കുന്ന നീതിനിര്‍വ്വഹണത്തിലെ ലംഘനമാണ്.

ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ് ഈ അന്വേഷണങ്ങള്‍ അത്രയും നടന്നത്. സംസ്ഥാന സര്‍ക്കാര്‍ അതിനായി ഒരു കോടിയിലേറെ രൂപ ചിലവിട്ടിട്ടുണ്ട്. അത് എന്തിന് വേണ്ടിയായിരുന്നു എന്ന് എല്ലാവര്‍ക്കും ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണ്ടതുണ്ട്. അത് പാഴായിപ്പോകാതിരിക്കാനുള്ള ഉത്തരവാദിത്വം നിറവേറ്റപ്പെടേണ്ടതുണ്ട്. നീതിപൂര്‍ണ്ണമായ തൊഴിലിടം ഉറപ്പുവരുത്താന്‍ സര്‍ക്കാറില്‍ വിശ്വാസമര്‍പ്പിച്ച് കാത്തിരിക്കുന്ന സ്ത്രീ സമൂഹത്തിനായി അടിയന്തരമായി ഇടപെടേണ്ടതുണ്ട് എന്ന് ഡബ്ല്യു.സി.സി. ആവശ്യപ്പെടുന്നു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com