കോടതി പറഞ്ഞ സമയത്തിനുള്ളില്‍ റിപ്പോര്‍ട്ട് കൈമാറാന്‍ കഴിഞ്ഞില്ലെങ്കില്‍ മറുപടി പറയേണ്ടത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണെന്നും മന്ത്രി പറഞ്ഞു
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ സാംസ്കാരിക വകുപ്പിനും സര്‍ക്കാരിനും റോളില്ലെന്ന് മന്ത്രി സജി ചെറിയാന്‍. റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് തന്നെയാണ് സര്‍ക്കാരിന്‍റെ നിലപാട്. പുറത്തുവിടേണ്ടത് സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസറാണ്.കോടതി പറഞ്ഞ സമയത്തിനുള്ളില്‍ റിപ്പോര്‍ട്ട് കൈമാറാന്‍ കഴിഞ്ഞില്ലെങ്കില്‍ മറുപടി പറയേണ്ടത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ്. എസ്‌പിഐഒ പറഞ്ഞ സമയത്തിനകം റിപ്പോര്‍ട്ട് പുറത്തുവിടുമെന്നാണ് പ്രതീക്ഷ, എന്തിനാണ് തിടുക്കം കൂട്ടുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ അറിയണമെന്നത് ഹര്‍ജിക്കാരിയുടെ വ്യക്തിപരമായ ആവശ്യമാണ്. റിപ്പോര്‍ട്ട് പുറത്തുവിടാന്‍ നിലവില്‍ നിയമതടസങ്ങളില്ലെന്നും സജി ചെറിയാന്‍ വ്യക്തമാക്കി. സ്ത്രീകൾ ചൂഷണത്തിനിരയായ വിവരം റിപ്പോർട്ടിലുണ്ടങ്കിൽ നിയമനടപടി സ്വീകരിക്കും. താൻ റിപ്പോർട്ട് കണ്ടിട്ടില്ല. സിനിമ മേഖലയിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് തന്നെയാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് എന്തുകൊണ്ടാണ് അപേക്ഷകർക്ക് നൽകാത്തതെന്ന് വ്യക്തമാക്കി വിശദീകരണം നൽകണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷൻ സാംസ്കാരിക വകുപ്പിനോട് ആവശ്യപ്പെട്ടു. ചലച്ചിത്ര നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ച സാഹചര്യത്തില്‍ ഇന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നില്ല.
ALSO READ : ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടില്ല; തീരുമാനം നടി രഞ്ജിനിയുടെ ഹര്‍ജിയെ തുടര്‍ന്ന്
തിങ്കളാഴ്ച കേസ് ഹൈക്കോടതി പരിഗണിക്കുന്നത് വരെ റിപ്പോർട്ട് പുറത്തുവിടാൻ ഉള്ള തീരുമാനം മരവിപ്പിക്കുന്നതാണ് ഉചിതം എന്ന് സാംസ്കാരിക വകുപ്പിന് നിയമോപദേശം ലഭിച്ചിരുന്നു. നിര്‍മാതാവ് സജിമോന്‍ പാറയിലിന്റെ ഹര്‍ജി തള്ളിയ കോടതി ഉത്തരവ് അനുസരിച്ച് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ 19-ാം തീയതി വരെ സര്‍ക്കാരിന് സമയമുണ്ട്. അതിനാല്‍ തിങ്കളാഴ്‌ച കോടതി ഇടപെടലിന്റെ അടിസ്ഥാനത്തില്‍ തീരുമാനം എടുക്കാമെന്ന് സാംസ്കാരിക വകുപ്പ് തീരുമാനിക്കുകയായിരുന്നു.