സീസണ്‍ 4ഓടെ സീരീസ് അവസാനിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു
എച്ച്.ബി.ഓ സീരീസായ ഹൗസ് ഓഫ് ദി ഡ്രാഗണ്‍ സീസണ്‍ 2 തിങ്കളാഴ്ച്ചയോട് കൂടി അവസാനിച്ചു. ഇനി സീസണ്‍ 3നായുള്ള കാത്തിരിപ്പാണ്. ഇപ്പോഴിതാ സീസണ്‍ 3 2025ല്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇനി രണ്ട് സീസണുകള്‍ കൂടി മാത്രമെ സീരീസിന് ഉണ്ടാവുകയുള്ളൂ എന്നും സീസണ്‍ 4ഓടെ സീരീസ് അവസാനിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
ഷോറണ്ണറായ റയാന്‍ കോണ്ടല്‍ ആണ് സീരീസിന് ഇനി രണ്ട് സീസണുകള്‍ കൂടിയെ ഉണ്ടാവുകയുള്ളു എന്ന് വെളിപ്പെടുത്തിയത്. മൂന്നാം സീസണ്‍ നിലവില്‍ എഴുതി കൊണ്ടിരിക്കുകയാണെന്നും 2025ന്റെ തുടക്കത്തില്‍ ചിത്രീകരണം ആരംഭിക്കുമെന്നും അറിയിച്ചു. തിങ്കളാഴ്ച്ച നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് റയാന്‍ ഇക്കാര്യം പറഞ്ഞത്. സീസണ്‍ 3 സീസണ്‍ 2 പോലെ എട്ട് എപ്പിസോഡുകളായിരിക്കുമോ എന്ന ചോദ്യത്തിന് താന്‍ എച്ച്.ബി.ഓയുമായി അക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നാണ് റയാന്‍ മറുപടി പറഞ്ഞത്.
സീസണ്‍ 2ന്റെ അവസാന എപ്പിസോഡില്‍ ഗെയിം ഓഫ് ത്രോണ്‍സിലെ ഡനേറിയസ് ടാര്‍ഗേറിയനെ കാണിക്കുന്നുണ്ട്. അത് എന്തിനായിരുന്നു എന്ന ചോദ്യവും വാര്‍ത്ത സമ്മേളനത്തില്‍ ഉയര്‍ന്നുവന്നിരുന്നു. അതിന് റയാന്‍ നല്‍കിയ മറുപടി, രണ്ട് സീരീസുകളും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു എന്നതിനാലാണ് അത്തരത്തില്‍ ഡനേറിയസിനെ കൊണ്ടുവന്നത് എന്നായിരുന്നു. രണ്ട് സീരീസും തമ്മില്‍ ബന്ധിപ്പിക്കുന്നത് ഡ്രാഗനുകളാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം പിന്നീട് ഡ്രാഗണുകള്‍ ഉണ്ടാകുന്നത് ഡനേറിയസിന്റെ കാലഘട്ടത്തിലാണെന്നും റയാന്‍ വ്യക്തമാക്കി.