സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന റൗണ്ട് ടേബിള്‍ അഭിമുഖത്തിലാണ് പാര്‍വതി ഗംഗമ്മയെ കുറിച്ച് സംസാരിച്ചത്
തങ്കലാനിലെ ഗംഗമ്മ എന്ന കഥാപാത്രത്തെ കുറിച്ച് സംസാരിച്ച് നടി പാര്‍വതി തിരുവോത്ത്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന റൗണ്ട് ടേബിള്‍ അഭിമുഖത്തിലാണ് പാര്‍വതി ഗംഗമ്മയെ കുറിച്ച് സംസാരിച്ചത്. താന്‍ അവരുടെ അമ്മയായി മാറുകയായിരുന്നു എന്നാണ് പാര്‍വതി പറഞ്ഞത്.
'ഗംഗമ്മ ഗംഗമ്മയായത് തങ്കലാനിലെ കഥാപാത്രം ചെയ്യാന്‍ തുടങ്ങിയപ്പോഴല്ല. ഞാന്‍ അവരുടെ അമ്മയായി മാറുകയായിരുന്നു. ഒരു ദിവസം ഞാന്‍ എന്റെ കഥാപാത്രത്തിന്റെ ഏറ്റവും ചെറിയ കുട്ടിക്കൊപ്പമായിരുന്നു. അവന്റെ യഥാര്‍ഥ അമ്മ അവന് കുടിക്കാന്‍ പാല്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ അവന്‍ അമ്മയെ കണ്ടാല്‍ കരയുകയായിരുന്നു. അതുകൊണ്ട് ഞാനാണ് അവന് പാല്‍ കൊടുത്തത്. പിന്നീട് ഞാനും രഞ്ജിത്തും (സംവിധായകന്‍) സംസാരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു, ഇതാണ് ഗംഗമ്മ അവന്റെ അമ്മ എന്ന്. അതിന് ശേഷം ഞാന്‍ രഞ്ജിത്തിനോട് ചോദ്യങ്ങള്‍ ചോദിച്ചിട്ടില്ല. എനിക്ക് മനസിലായി അവള്‍ ഒരമ്മയാണെന്ന്. എന്നെ സംബന്ധിച്ച് അമ്മ എന്നാല്‍ എന്താണെന്ന് എനിക്ക് അറിയില്ല. അതുകൊണ്ട് തന്നെ ഇത് വല്ലാത്തൊരു അനുഭവമായിരുന്നു', പാര്‍വതി പറഞ്ഞു.
കര്‍ണാടകയിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡിന്റെ കഥയെ ആസ്പദമാക്കി ഒരുക്കിയ തങ്കലാന്‍ ഓഗസ്റ്റ് 15ന് തിയേറ്ററുകളിലെത്തും. വിക്രം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ പാര്‍വതി തിരുവോത്ത്, മാളവിക മോഹനന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതുവരെ കാണാത്ത തീര്‍ത്തും വ്യത്യസ്തമായ ഗെറ്റപ്പിലാണ് ഒരോ അഭിനേതാക്കളും തങ്കലാനില്‍ എത്തുന്നത്. പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കിരണ്‍, മുത്തുകുമാര്‍, തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അഴകിയ പെരിയവന്‍ സംഭാഷണവും എ കിഷോര്‍ കുമാര്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. എസ്.എസ്. മൂര്‍ത്തിയാണ് കലാസംവിധാനം. ജി.വി പ്രകാശ് കുമാറാണ് സംഗീത സംവിധാനം. കെ.യു. ഉമാദേവി, അരിവ്, മൗനന്‍ യാത്രിഗന്‍ എന്നിവരുടേതാണ് വരികള്‍. നീലം പ്രൊഡക്ഷന്‍സും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തങ്കലാന്‍ റിലീസ് ചെയ്യും.