തീവ്രമായ വയലന്‍സ് രംഗങ്ങളും സംഘട്ടന രംഗങ്ങളും സിനിമയിലുണ്ടാകുമെന്ന സൂചന ടീസറില്‍ നിന്ന് ലഭിച്ചിരുന്നു
ലക്ഷ്യ ലാല്‍വാനി, നിഖില്‍ ഭട്ട്
വയലന്‍സിന്‍റെ പേരില്‍ 'കില്‍ ' വിമര്‍ശിക്കപ്പെട്ടാല്‍ ഹൊറര്‍ സിനിമ ആളുകളെ പേടിപ്പിക്കുന്നുവെന്ന് വിമര്‍ശിക്കുന്നതു പോലെയാകുമെന്ന് സംവിധായകന്‍ നിഖില്‍ ഭട്ട്. ഇന്ത്യന്‍ എക്സപ്രെസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നിഖില്‍ സിനിമയെ കുറിച്ച് സംസാരിച്ചത്. നവാഗതനായ ലക്ഷ്യ ലാല്‍വാനി നായകനാകുന്ന ചിത്രം ജൂലൈ അഞ്ചിനാണ് തീയേറ്ററുകളിലെത്തുന്നത്. തീവ്രമായ വയലന്‍സ് രംഗങ്ങളും സംഘട്ടന രംഗങ്ങളും സിനിമയിലുണ്ടാകുമെന്ന സൂചന ടീസറില്‍ നിന്ന് ലഭിച്ചിരുന്നു. ഇന്ത്യയില്‍ നിര്‍മിച്ച ഏറ്റവും അക്രമാസാക്തമായ സിനിമയാകും കില്‍ എന്ന് അണിയറ പ്രവര്‍ത്തകരും പ്രഖ്യാപിച്ച് കഴിഞ്ഞു. കരണ്‍ ജോഹറിന്‍റെ ധര്‍മ പ്രൊഡക്ഷന്‍സും ഗുനീത് മോംഗയുടെ സിഖ്യ എൻ്റർടൈൻമെൻ്റും ചേർന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
1995-94 കാലത്ത് വിദ്യാര്‍ഥിയായിരുന്നപ്പോള്‍ പാട്നയില്‍ നിന്ന് പൂനെയിലേക്ക് ബോബെ ജനത എക്സ്പ്രസില്‍ യാത്ര ചെയ്യവെ ഉണ്ടായ ഒരു സംഭവമാണ് കില്‍ സിനിമയുടെ കഥയെഴുതാന്‍ പ്രചോദനമായതെന്ന് നിഖില്‍ ഭട്ട് പറഞ്ഞു. " ഒരു രാത്രി സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്യവെ എന്തോ ശബ്ദം കെട്ട് ഞാനുണര്‍പ്പോള്‍ ട്രെയിന്‍ ഏതോ ചെറിയ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്നതായി കണ്ടു. എനിക്ക് ഇറങ്ങേണ്ട അലഹാബാദ് സ്റ്റേഷന്‍ അല്ല അതെന്ന് എനിക്ക് മനസിലായി. ട്രെയിനിലെ എസി കോച്ച് കൊള്ളയടിക്കപ്പെട്ടു എന്ന വിവരമാണ് എന്‍റെ ചെവിയില്‍ പിന്നാലെ എത്തിയത്. തുടര്‍ന്ന് ധാനാപൂരില്‍ നിന്ന് ഒരു കൂട്ടം സൈനികര്‍ കോച്ചിലേക്ക് കേറി. ഞാന്‍ ഉണ്ടായിരുന്ന സ്ലീപ്പര്‍ കോച്ചിലേക്ക് കൊള്ളക്കാര്‍ കടക്കുന്നത് അവര്‍ തടയുകയും ചെയ്തു. ചിരിച്ച മുഖവുമായി ആത്മവിശ്വാസത്തോടെയാണ് അവര്‍ എന്നെ സമീപിച്ചത്. ഈ സംഭവം വര്‍ഷങ്ങളായി എന്‍റെ മനസില്‍ തങ്ങി നില്‍ക്കുന്നു", എന്നും നിഖില്‍ കൂട്ടിച്ചേർത്തു.
"സിനിമയുടെ ടീസറില്‍ കണ്ടതുപോലെ ഒട്ടും ദയയില്ലാത്ത വ്യക്തിയാണ് ലക്ഷ്യയുടെ നായക കഥാപാത്രം. ആരാണ് ഇങ്ങനെ കൊല്ലുന്നതെന്ന് വില്ലന്‍പോലും ചോദിക്കുന്നു. അതുകൊണ്ട് സിനിമ റിലീസായ ശേഷം ഉണ്ടാകാന്‍ പോകുന്ന വിമര്‍ശനങ്ങളെ ഭയക്കുന്നില്ല. രണ്‍ബീര്‍ കപൂറിന്‍റെ അനിമലിന് സ്ത്രീവിരുദ്ധതയുടെയും വയലന്‍സിന്‍റെയും പേരില്‍ വിമര്‍ശനം നേരിട്ടപ്പോഴും സിനിമ വന്‍ വിജയമായി.ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ എന്‍റെ ക്രാഫ്റ്റ് വേണ്ടവിധം പരീക്ഷിക്കാനും വേണ്ടിവന്നാല്‍ ഒഴിവാക്കാനും തയാറാണ്. ന്യായമായ വിമര്‍ശനങ്ങളെ സ്വീകരിക്കും, അതില്‍ നിന്ന് പാഠം പഠിക്കും. കില്‍ ഒരു വയലന്‍റ് സിനിമയാണ്. അതിനാല്‍ വയലന്‍സിന്‍റെ പേരില്‍ കില്‍ വിമര്‍ശിക്കപ്പെട്ടാല്‍ ഹൊറര്‍ സിനിമ ആളുകളെ പേടിപ്പിക്കുന്നുവെന്ന് വിമര്‍ശിക്കുന്നതു പോലെയാകും " - നിഖില്‍ പറഞ്ഞു.
പട്ടാളക്കാരനായ നായകന്‍റെ കാമുകിയെ രാഘവ് ജുയാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം ട്രെയിനില്‍ തട്ടിക്കൊണ്ടുപോകുന്നതും തുടര്‍ന്ന് ഇരുവരും തമ്മില്‍ സംഘട്ടനത്തിലേര്‍പ്പെടുകയും ട്രെയിനിനെ ഒരു രക്തക്കളമാക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം. ഇന്ത്യയില്‍ നിന്ന് ഇതുവരെ വന്നിട്ടുള്ളതില്‍ ഏറ്റവും മികച്ച ആക്ഷന്‍ ചിത്രമാണ് കില്‍ എന്ന് സംവിധായകനും നിര്‍മാതാവുമായ അനുരാഗ് കശ്യപ് അഭിപ്രായപ്പെട്ടിരുന്നു.