
കിരണ്‍ റാവു സംവിധാനം ചെയ്ത ലാപത്താ ലേഡീസ് എന്ന ചിത്രം സുപ്രീം കോടതിയില്‍ ഇന്ന് സ്‌ക്രീന്‍ ചെയ്യും. ജഡ്ജിമാര്‍ക്കും കുടുംബങ്ങള്‍ക്കും മറ്റ് ഒഫീഷ്യലുകള്‍ക്കും വേണ്ടിയാണ് ചിത്രം സ്‌ക്രീന്‍ ചെയ്യുന്നത്. നിര്‍മാതാവ് ആമിര്‍ ഖാന്‍, സംവിധായിക കിരണ്‍ റാവു, ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്നിവരും സ്‌ക്രീനിങ്ങില്‍ പങ്കെടുക്കും. വൈകുന്നേരം 4.15 മുതല്‍ 6.20നും ഇടയ്ക്കാണ് സ്‌ക്രീനിങ്ങ് നടക്കുക. സുപ്രീം കോടതി സ്ഥാപിതമായതിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് ലിംഗസമത്വത്തെ കുറിച്ച് സംസാരിച്ച ലാപത്താ ലേഡീസ് സ്‌ക്രീന്‍ ചെയ്യുന്നത്.
2010ലെ ധോബി ഘട്ട് എന്ന ചിത്രത്തിന് ശേഷം കിരണ്‍ റാവു സംവിധാനം ചെയ്ത ചിത്രമാണ് ലാപത്താ ലേഡീസ്. മാര്‍ച്ച് 1നാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തത്. അതിന് ശേഷം ഏപ്രില്‍ 26ന് ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്തിരുന്നു. ഭൂല്‍ കുമാരി, ജയ, ദീപക് എന്നിവരുടെ കഥയാണ് ചിത്രം പറയുന്നത്. നമ്മുടെ രാജ്യത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ രസകരമായ രീതിയിലാണ് കിരണ്‍ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.