
എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ മലയാളത്തിൻ്റെ മുൻനിര സംവിധായകർ ഒരുക്കിയ ഒൻപത് ചിത്രങ്ങളുടെ സമാഹാരം 'മനോരഥങ്ങള്‍' പ്രേക്ഷകരിലേക്ക് എത്തുന്നു. മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെയുള്ളവർ അഭിനയിച്ച ഒന്‍പത് ചിത്രങ്ങളാണ് സമാഹാരത്തിലുള്ളത്. എംടിയുടെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ ട്രെയിലര്‍ കൊച്ചിയിൽ ലോഞ്ച് ചെയ്തു. ഓഗസ്റ്റ് 15 ന് സീ ഫൈവ് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ചിത്രം റിലീസ് ചെയ്യും. മമ്മൂട്ടി, ബിജു മേനോന്‍, ആസിഫ് അലി, ഇന്ദ്രജിത്ത്, ഇന്ദ്രന്‍സ്, അപര്‍ണ ബാലമുരളി, നദിയ മൊയ്തു, സുരഭി ലക്ഷ്മി തുടങ്ങി നിരവധി താരങ്ങള്‍ ട്രെയിലര്‍ ലോഞ്ചില്‍ പങ്കെടുത്തു. എം.ടിയുടെ 91-ാം പിറന്നാളും ചടങ്ങില്‍ വെച്ച് ആഘോഷിച്ചു. കമല്‍ ഹാസനാണ് സിനിമയുടെ നരേഷന് ശബ്ദം നല്‍കിയിരിക്കുന്നത്.
സരിഗമ ഇന്ത്യയുടെ ബാനറില്‍ വിക്രം മേഹ്റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍, രോഹന്‍ദീപ് സിങ്, രാജേഷ് കെജ്രിവാള്‍, ജയ് പാണ്ഡ്യ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.
സിനിമയ്ക്ക് ഒരു സാഹിത്യം ഉണ്ടെന്ന് തോന്നിയത് എം.ടിയുടെ തിരക്കഥയിലൂടെയാണെന്ന് നടന്‍ മമ്മൂട്ടി പറഞ്ഞു. എഴുത്തിലെ അദ്ദേഹത്തിന്റെ ചെറുപ്പം അത്ഭുതപ്പെടുത്തുന്നു. പുതിയ തലമുറയുടെ സാഹിത്യ ലോകത്ത് ജീവിക്കുന്ന ആളാണ് അദ്ദേഹം. എം.ടിയുടെ ആത്മകഥാംശം ഉള്ള സിനിമയായ കഡുഗണ്ണാവ ഒരു യാത്രാക്കുറിപ്പ് എന്ന സിനിമയിലാണ് എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞത്. എം.ടിക്ക് ഇന്നും പ്രായമായിട്ടില്ല, ഒരു വര്‍ഷം കൂടി കടന്നുപോകുന്നു എന്നതുമാണ് അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ സംഭവിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.
പ്രിയദർശൻ ഒരുക്കിയ ‘ഓളവും തീരവും’ എന്ന സിനിമയിൽ മോഹൻലാലാണ് നായകൻ. ബിജു മേനോൻ പ്രധാന വേഷത്തിലെത്തുന്ന ‘ശിലാലിഖിത’ത്തിന്റെ സംവിധാനവും പ്രിയദര്‍ശനാണ്. എം.ടി.യുടെ ആത്മകഥാംശങ്ങളുള്ള ‘കഡുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’ എന്ന ചിത്രം മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ഷെർലക്ക് എന്ന വിഖ്യാത ചെറുകഥയുടെ ചലച്ചിത്രാവിഷ്കാരത്തിന് പിന്നിൽ മഹേഷ് നാരായണനാണ്. ഫഹദ് ഫാസിലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിദ്ദിഖ് മുഖ്യവേഷത്തിലെത്തുന്ന 'അഭയം തേടി വീണ്ടും’ എന്ന ചിത്രം സന്തോഷ് ശിവൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. നെടുമുടി വേണു, സുരഭി, ഇന്ദ്രൻസ് എന്നിവരഭിനയിച്ച ‘സ്വർഗം തുറക്കുന്ന സമയം’ ജയരാജും സംവിധാനം ചെയ്യുന്നു. പാർവതി തിരുവോത്ത് അഭിനയിച്ച ‘കാഴ്ച’യുടെ സംവിധായകൻ ശ്യാമപ്രസാദ് ആണ്. ഇന്ദ്രജിത്തിനെയും അപർണ ബാലമുരളിയെയും പ്രധാനകഥാപാത്രങ്ങളായി കടൽക്കാറ്റ് എന്ന സിനിമ രതീഷ് അമ്പാട്ട് ഒരുക്കിയിരിക്കുന്നു. ഇവർക്കൊപ്പം എം.ടി.യുടെ മകൾ അശ്വതിയും സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. വില്പന എന്ന സിനിമയാണ് അശ്വതി സംവിധാനം ചെയ്തത്. ആസിഫ് അലിയും മധുബാലയുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും ചിത്രം കാണാനാകും.