ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന്, പുനരധിവാസത്തിന് 3 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് മോഹന്‍ലാല്‍

ദുരിതബാധിതരെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍
മോഹന്‍ലാല്‍
മോഹന്‍ലാല്‍
Published on

വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണെന്ന് നടനും ലെഫ്റ്റനന്റ് കേണലുമായ മോഹന്‍ലാല്‍. ദുരിതബാധിതരെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍. ഇത്തരം പ്രകൃതി ദുരന്തങ്ങള്‍ നമ്മള്‍ എല്ലാവരും തീരുമാനമെടുക്കണമെന്നും മോഹന്‍ലാല്‍ പറഞ്ഞു. അതോടൊപ്പം പുനരധിവാസത്തിനായി മോഹന്‍ലാലിന്‍റെ വിശ്വശാന്തി ഫൗണ്ടേഷന്‍ മൂന്ന് കോടിയുടെ പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തു. 

മോഹന്‍ലാലിന്റെ വാക്കുകള്‍ :


വളരെ സങ്കടകരമായ കാര്യമാണ്. അത് അവിടെ പോയി കണ്ടുകഴിഞ്ഞാലെ മനസിലാവുകയുള്ളു അതിന്റെ വ്യാപ്തി. ഒരുപാട് പേര്‍ക്ക് ഉറ്റവരെയും ഉടയവരെയും വീടും സ്വത്തും എല്ലാം നഷ്ടപ്പെട്ടു. പക്ഷെ നമ്മള്‍ എല്ലാവരും ഒരുമിച്ച് ചേര്‍ന്ന് അവരെ സഹായിക്കുന്നു എന്നുള്ളത് വലിയ കാര്യമാണ്. അതില്‍ എടുത്ത് പറയാവുന്നതാണ് ഇന്ത്യന്‍ ആര്‍മി, നേവി, എയര്‍ ഫോഴ്‌സ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, പൊലീസ്, ഹോസ്പിറ്റല്‍, ഡോക്ടേഴ്‌സ്, സന്നദ്ധ സംഘടനകള്‍, സാധാരണക്കാർ. ഒരു കല്ലെടുത്ത് മാറ്റിവെക്കുന്ന കുട്ടി പോലും ഇതിന്റെ ഭാഗമായി മാറുന്നു.

ഇവിടെ ആദ്യമെത്തിയത് ഞാന്‍ കൂടെ ഉള്‍പ്പെടുന്ന 122 ഇന്‍ഫെന്‍ററി ബെറ്റാലിയന്‍ ആയിരുന്നു. അവരാണ് ആദ്യം ഇവിടെ എത്തിയത്. അവര്‍ക്ക് വലിയ ശ്രമങ്ങള്‍ നടത്തി ഒരുപാട് പേരെ രക്ഷിക്കാന്‍ സാധിച്ചു. കഴിഞ്ഞ 16 വര്‍ഷമായിട്ട് ഞാന്‍ ആ ബെറ്റാലിയനിലാണ് ഉള്ളത്. അവര്‍ മാത്രമല്ല ഇവിടെ വന്നിട്ടുള്ള പല യൂണിറ്റുകളും ഉണ്ട്. അവരെല്ലാവരെയും മനസുകൊണ്ട് നമസ്‌കരിക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്. തീര്‍ച്ചയായും നമുക്ക് എല്ലാവര്‍ക്കും ചേര്‍ന്ന് ഇതിനെതിരെ വളരെ ശക്തമായി നീങ്ങണം. ഇത്തരം പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ നമ്മള്‍ എല്ലാവരും ചേർന്ന് തീരുമാനങ്ങള്‍ എടുക്കണം.



പിന്നെ ഈ ബ്രിഡ്ജ് ഉണ്ടാക്കിയത് തന്നെ വലിയൊരു അത്ഭുതമാണ്. ഈ ബ്രിഡ്ജ് ഇല്ലായിരുന്നെങ്കില്‍ ആര്‍ക്കും മുകളിലേക്കോ താഴേക്കോ പോകാന്‍ പറ്റില്ല. ഈശ്വരന്റെ സഹായം കൂടി ഇതിന്റെ പുറകില്‍ ഉണ്ടെന്ന് വിചാരിക്കാം. ഒരുപാട് പേരെ ഇനിയും കണ്ടെത്തേണ്ടതുണ്ട്. നമുക്ക് പ്രതീക്ഷിക്കാം അവരെ കണ്ടെത്താന്‍ സാധിക്കട്ടെയെന്ന്.

അതിലുപരി എനിക്ക് പറയാനുള്ളത് ഞാനുമായി അസോസിയേറ്റ് ചെയ്ത് വിശ്വശാന്തി ഫൗണ്ടേഷന്‍ ഉണ്ട്. ആ ഫൗണ്ടേഷന്‍ ഇവിടുത്തെ പുനരധിവാസത്തിന് ഇപ്പോള്‍ നമ്മളൊരു മൂന്ന് കോടി രൂപയാണ് കൊടുക്കാന്‍ തയ്യാറാകുന്നത്. തീര്‍ച്ചയായും അതിന് ശേഷം സ്ഥിതിഗതികള്‍ നിരീക്ഷിച്ചതിന് ശേഷം വീണ്ടും പണത്തിന്റെ ആവശ്യമുണ്ടെങ്കില്‍ ഫൗണ്ടേഷന്‍ വീണ്ടും പണം നല്‍കുന്നതായിരിക്കും.


ആര്‍മി മാത്രമല്ല എല്ലാവരോടും നന്ദിയുണ്ട്. അത് എങ്ങനെ പറയണമെന്ന് അറിയില്ല. കാരണം ഒരു ജീവന്‍ പണയം വെച്ച് മറ്റൊരു ജീവനെ രക്ഷിക്കുക എന്ന് പറയുന്നത് വലിയ കാര്യമാണ്. പിന്നെ ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ്. നഷ്ടപ്പെട്ടത് ഒന്നും നമുക്ക് തിരിച്ചെടുക്കാന്‍ സാധിക്കില്ല. ഇനി മുന്നോട്ടുള്ള അവരുടെ ജീവിതത്തെ എങ്ങനെ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന് നമ്മളാണ് ആലോചിക്കേണ്ടത്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com