ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവന പരിഗണിച്ച് രാംചരണിന് പ്രത്യേക പുരസ്കാരവും സമ്മാനിക്കും
രാം ചരണ്‍
15-ാമത് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണില്‍ മുഖ്യാതിഥിയാകാന്‍ തെലുങ്ക് ചലച്ചിത്ര താരം രാംചരണ്‍. വിക്ടോറിയന്‍ സ്റ്റേറ്റ് ഗവണ്‍മെന്‍റ് ആതിഥേയത്വം വഹിക്കുന്ന ഫിലിം ഫെസ്റ്റിവല്‍ ഓഗസ്റ്റ് 15 മുതല്‍ 25 വരെയാകും നടക്കുക. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവന പരിഗണിച്ച് രാംചരണിന് പ്രത്യേക പുരസ്കാരവും സമ്മാനിക്കും. രാംചരണ്‍ അഭിനയിച്ച സിനിമകളുടെ അവലോകനവും ഫെസ്റ്റിവലിന്‍റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
ഇന്ത്യന്‍ സിനിമയുടെ വൈവിധ്യവും സമ്പന്നതയും അന്താരാഷ്ട്ര വേദിയില്‍ ആഘോഷിക്കപ്പെടുന്ന മെല്‍ബണിലെ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നുവെന്ന് രാം ചരണ്‍ പ്രതികരിച്ചു. നമ്മുടെ സിനിമാ വ്യവസായത്തെ പ്രതിനിധീകരിക്കാനും ലോകമെമ്പാടുമുള്ള ആരാധകരുമായും സിനിമാപ്രേമികളുമായും പരിചയപ്പെടാനും കഴിയുന്നത് അംഗീകാരമണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
എസ്.എസ് രാജമൗലിയുടെ സംവിധാനത്തിലെത്തിയ ആര്‍ആര്‍ആര്‍ സിനിമയിലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിന്‍റെ ഓസ്കാര്‍ നേട്ടം രാംചരണിനെയും സഹതാരമായ ജൂനിയര്‍ എന്‍ടിആറിനും ആഗോള ശ്രദ്ധ നല്‍കിയിരുന്നു. ശങ്കര്‍ സംവിധാനം ചെയ്യുന്ന ഗെയിം ചേഞ്ചറാണ് രാം ചരണിന്‍റെ അണിയറയില്‍ ഒരുങ്ങുന്ന സിനിമ. കിയാര അദ്വാനിയാണ് നായിക. ബുച്ചി ബാബു സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രത്തില്‍ ജാന്‍വി കപൂറിനൊപ്പം താരം പ്രധാന വേഷത്തിലെത്തുന്നുണ്ട്.