ആസിഫ് അലി ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് എത്തുന്നത്
ആസിഫ് അലി, അനശ്വര രാജന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന രേഖാചിത്രം ജനുവരി 9ന് തിയേറ്ററിലെത്തും. ജോഫിന്‍ ടി ചാക്കോയാണ് ചിത്രത്തിന്റെ സംവിധായകന്‍. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ജോഫിന്‍ രേഖാചിത്രത്തിന്റെ ജോണറുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ തുറന്ന് പറഞ്ഞിരുന്നു. രേഖാചിത്രം ഒരു ത്രില്ലര്‍ അല്ലെന്നാണ് ജോഫിന്‍ പറഞ്ഞത്. ജോഫിന്‍ പറയുന്നത് ചിത്രം ഒരു ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമയാണ് എന്നാണ്. ചിത്രത്തില്‍ ആസിഫ് അലിയായിരിക്കും അന്വേഷണം മുന്നോട്ട് കൊണ്ട് പോവുക.
എന്നാല്‍ രേഖാചിത്രം ഒരു ഓഫ് ബീറ്റ് ചിത്രമല്ലെന്നും ജോഫിന്‍ വ്യക്തമാക്കി. കോമേഷ്യല്‍ എലമെന്റുകള്‍ ഉള്ള ചിത്രമാണ് രേഖാചിത്രമെന്നാണ് ജോഫിന്‍ പറഞ്ഞത്. രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന ഒരു അന്വേഷണത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയ്‌ലറില്‍ നിന്നും വ്യക്തമാകുന്നത്.
ആസിഫ് അലി ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് എത്തുന്നത്. അനശ്വര രാജനിലൂടെയാണ് അന്വേഷണം കടന്ന് പോകുന്നത്. മനോജ് കെ ജയന്‍, സെറിന്‍ ഷിഹാബ്, സിദ്ദിഖ്, ഭാമ അരുണ്‍, മേഘാ തോമസ്, ജഗതീഷ്‌സ നിഷാന്ദ് സാഗര്‍, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, പ്രിയങ്ക, നന്ദു, ഉണ്ണി ലാലു, ഷഗീന്‍ സിദ്ദിഖ്, ടി ജി രവി, ശ്രീജിത്ത് രവി, സുധി കോപ്പ, ശ്രീകാന്ത് മുരളി, വിജയ് മേനോന്‍, പോളി വല്‍സന്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.
ജോണ്‍ മന്ത്രിക്കല്‍, രാമു സുനില്‍ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അപ്പു പ്രഭാകര്‍ ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഷമീര്‍ മുഹമ്മദാണ് എഡിറ്റര്‍. ഷിബു ജി സുശീലന്‍ പ്രൊഡക്ഷന്‍ ഡിസൈന്‍ നിര്‍വഹിക്കുന്നത്. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.