‘പ്രയാണം’ മുതൽ 1997 ൽ റിലീസായ ‘ചുരം’ വരെ, നാൽപ്പതോളം ചിത്രങ്ങൾ ഒരുക്കിയ ഭരതന്‍ ഇല്ലാതെ മലയാള സിനിമ ഒരു വര്‍ഷം കൂടി പിന്നിടുന്നു
ഫ്രെയിമിലെ ഏതോ മൂലയില്‍ അലക്കി വിരിച്ചിട്ടിരിക്കുന്ന തുണിയുടെ നിറം പോലും ഒരു സിനിമയുടെ സ്റ്റോറി ബോര്‍ഡില്‍ കാണാന്‍ കഴിയുമെങ്കില്‍ അതൊരു ഭരതന്‍ സിനിമ ആയിരിക്കും. മനുഷ്യരുടെ ഉള്ളുലക്കുന്ന ആത്മസംഘര്‍ഷങ്ങളെ ഒരു ചിത്രത്തിലെന്ന പോലെ വെള്ളിത്തിരയിലേക്ക് വരച്ചിട്ട ഭരതന്‍ ടച്ച് വിടവാങ്ങിയിട്ട് ഇന്നേക്ക് 26 വര്‍ഷങ്ങള്‍. ദേഹമേ യാത്രയാകുന്നുള്ളു ദേഹി ഇവിടെ തന്നെയുണ്ടെന്ന് തോന്നിപ്പിക്കുന്ന കാല്‍നൂറ്റാണ്ട് കാലം..
ഭാവനയും സര്‍ഗാത്മകതയും ചാലിച്ച ചായക്കൂട്ടുമായി മലയാള സിനിമയെന്ന കാന്‍വാസില്‍ ഭരതന്‍ വരച്ചിത്ര മായാത്ത മങ്ങാത്ത ചുവര്‍ചിത്രങ്ങളാണ് വൈശാലിയും താഴ്വാരവും കേളിയും രതിനിര്‍വേദവുമൊക്കെ. മലയാളിക്ക് അന്നോളം അപരിചിതമായിരുന്ന ദൃശ്യഭാഷയില്‍ ഒരുക്കിയ സിനിമകളായിരുന്നു ഭരതന്‍റേത്. മനുഷ്യകാമനകളെ കാഴ്ച അനുഭവങ്ങളാക്കിയ ആ ചലച്ചിത്രാവിഷ്കാരത്തെ പാഠപുസ്തകമാക്കാന്‍ ശ്രമിക്കുന്നവരാണ് പുതിയ തലമുറയിലെ സംവിധായകരും.
പ്രണയവും പകയും വിരഹവും രതിയും ആസക്തികളും ഉന്മാദവുമൊക്കെ ഒരേ അച്ചില്‍ വാര്‍ത്തെടുത്തിരുന്ന കാലത്ത് അതിനെയൊക്കെ പൊളിച്ചെഴുതുന്നത് കൂടിയായി ഭരതന്‍ സിനിമകള്‍. പത്മരാജനും ജോണ്‍പോളും എംടിയും ലോഹിതദാസുമൊക്കെ വാക്കുകള്‍ കൊണ്ട് പറയാന്‍ ഉദ്ദേശിച്ചതിനെ നിറമുള്ള തിളക്കമുള്ള കലാസൃഷ്ടിയായി രൂപപ്പെടുത്തുകയായിരുന്നു ഭരതന്‍ എന്ന ക്രാഫ്റ്റ് മാന്‍.
വരകളുടെയും നിറങ്ങളുടെയും ലോകത്ത് നിന്ന് സംഭരിച്ച ഊര്‍ജം ഭരതന്‍ എന്ന സംവിധായകന്‍റെ പിറവിക്ക് അടിത്തറപാകി. കലാസംവിധാനം, പോസ്റ്റർ ഡിസൈൻ, സംവിധാനം, ഗാനരചന, സംഗീത സംവിധാനം തുടങ്ങി പ്രവർത്തിച്ച മേഖലകളിലെല്ലാം തന്റെതായ അടയാളപ്പെടുത്തലുകൾ അവശേഷിപ്പിച്ചാണ് അദ്ദേഹം കടന്നു പോയത്.
തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ, 1946 നവംബർ 14ന് പാലിശ്ശേരി പരമേശ്വരമേനോന്റെയും കാർത്ത്യായനിയമ്മയുടെയും മകനായി ജനിച്ച ഭരതന്റെ സിനിമയിലേക്കുള്ള പ്രചോദനമായത് പിതൃസഹോദരനായ പ്രശസ്ത സംവിധായകന്‍ പി.എൻ. മേനോൻ ആയിരുന്നു.
സ്‌കൂൾ ഓഫ് ഫൈൻ ആർട്ട്‌സിൽ നിന്നു ഡിപ്ലോമ നേടി കലാസംവിധായകനായി ചലച്ചിത്രലോകത്തേക്ക്. ‘ഗന്ധർവ ക്ഷേത്രം’ ആണ് ആദ്യചിത്രം. തുടർന്ന് ചില സിനിമകളിൽ കൂടി കലാസംവിധായകനായും സഹസംവിധായകനായും പ്രവർത്തിച്ച ശേഷം, 1975-ൽ പത്മരാജന്റെ തിരക്കഥയിൽ ‘പ്രയാണം’ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. മികച്ച പ്രാദേശികഭാഷാ ചിത്രത്തിനുള്ള ആ വർഷത്തെ ദേശീയപുരസ്‌കാരം സ്വന്തമാക്കി ഭരതന്‍ മലയാള സിനിമയിലേക്ക് വരവറിയിച്ചു.
ഭരതന്‍- പത്മരാജന്‍ കൂട്ടുകെട്ട് സജീവമായ ഈ കാലഘട്ടം മലയാള സിനിമയുടെ സുവര്‍ണകാലഘട്ടമെന്ന് വിശേഷിപ്പിക്കുന്നവരും ഏറെയാണ്. അശ്ലീലമില്ലാതെ രതിയുടെ ലോകത്തെ കൗമാരക്കാരന്‍റെ കണ്ണിലൂടെ വരച്ചിട്ട 'രതിനിര്‍വേദം' മലയാളത്തിലെ ക്ലാസിക് സിനിമകളുടെ സ്ഥാനത്ത് ഇരിപ്പുറപ്പിച്ചു.
എം.ടി ഭരതന്‍ കൂട്ടുകെട്ടില്‍ പിറന്ന വൈശാലിയും താഴ്വാരവുമൊക്കെ എവര്‍ഗ്രീന്‍ ഹിറ്റുകളായി മാറി. ചാമരത്തിലൂടെ ഭരതന്‍ കൈപിടിച്ച് കയറ്റിയ ജോണ്‍പോള്‍ എന്ന തിരക്കഥാകൃത്തിനെ അടയാളപ്പെടുത്തിയ ഒരുപിടി മികച്ച സിനിമകള്‍ ഈ കൂട്ടുകെട്ടില്‍ നിന്നുണ്ടായി. പാളങ്ങൾ, ഓർമ്മയ്ക്കായ്, മർമ്മരം, കാതോടു കാതോരം, സന്ധ്യമയങ്ങും നേരം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, നീലക്കുറിഞ്ഞി പൂത്തപ്പോൾ, ചമയം, മാളൂട്ടി, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ഒരു സായാഹ്നത്തിന്റെ സ്വപ്നം എന്നിങ്ങനെ പോകുന്നു ആ ഹിറ്റ് കൂട്ടുകെട്ടിന്‍റെ സൃഷ്ടികള്‍.
സാധാരണക്കാരന്‍റെ കഥകളില്‍ കേന്ദ്രീകരിച്ച സിനിമകളായിരുന്നു ഭരതന്‍- ലോഹിതദാസ് കൂട്ടുകെട്ടില്‍ പിറന്നത്. അമരവും പാഥേയവും വെങ്കലവുമൊക്കെ അതിന് ഉദാഹരണങ്ങള്‍. അതുവരെ ഉണ്ടായിരുന്ന നായക സങ്കല്‍പ്പങ്ങളെ ഉടച്ചുവാര്‍ക്കുന്നതായിരുന്നു ഭരതന്‍ സിനിമകളില്‍ നമ്മള്‍ കണ്ട നായകന്മാര്‍. മോഹന്‍ലാലിനും മമ്മൂട്ടിക്കും പുറമെ പ്രതാപ് പോത്തന്‍, നെടുമുടി വേണു, ഭരത് ഗോപി എന്നിവരും ഭരതന്‍റെ ഫ്രെയിമില്‍ നിറഞ്ഞാടി.
താരകേന്ദ്രീകൃതമല്ലാത്ത സിനിമകള്‍ സംവിധാനം ചെയ്തിരുന്ന ഭരതന്‍, കമല്‍ഹാസനും ശിവാജി ഗണേശനുമൊപ്പം ഒരുക്കിയ 'തേവര്‍ മകന്‍' തമിഴിലെ എക്കാലത്തെയും മികച്ച ക്ലാസിക് സിനിമകളിലൊന്നായി. 'സാവിത്രി', 'ഊഞ്ഞാലാടും ഉറവുകള്‍', 'ആവാരം പൂ' എന്നിവയാണ് ഭരതന്‍ ടച്ചുള്ള മറ്റ് തമിഴ് സിനിമകള്‍.
‘പ്രയാണം’ മുതൽ 1997 ൽ റിലീസായ ‘ചുരം’ വരെ, മലയാളത്തിലും തമിഴിലുമായി നാൽപ്പതോളം ചിത്രങ്ങൾ ഭരതൻ ഒരുക്കി. ചിലതിന്റെ തിരക്കഥയും അദ്ദേഹത്തിന്റെതായിരുന്നു. സിനിമയില്‍ നിന്ന് ഭരതന്‍റെ ജീവിത സഖിയായി മാറിയ കെപിഎസി ലളിതയ്ക്ക് അദ്ദേഹം ലളിതയുടെ പ്രിയപ്പെട്ട മണിയേട്ടനായിരുന്നു. അച്ഛന്‍റെ വഴിയെ സിനിമ ലോകത്ത് എത്തിയ മകന്‍ സിദ്ധാര്‍ത്ഥ് സംവിധാനത്തിനൊപ്പം അഭിനയത്തിലും മികവ് പ്രകടമാക്കി.
മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച ചലച്ചിത്രകാരനെന്ന വിശേഷണത്തിനൊപ്പം മനുഷ്യന്‍റെ പച്ചയായ ജീവിതം പറഞ്ഞ ഭരതന്‍ ടച്ചുള്ള അനേകം സിനിമകളും ബാക്കിയാക്കിയാണ് 52-ാം വയസില്‍ 1998 ജൂലൈ 30-ന് കലാലോകത്തോട് ഭരതന്‍ വിടപറഞ്ഞത്.