
സിനിമ ആസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രമാണ് കമൽ ഹാസന്റെ തഗ് ലൈഫ്. 34 വർഷങ്ങൾക്ക് ശേഷം മണി രത്‌നവും കമൽ ഹാസനും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇപ്പോഴിതാ റിപോർട്ടുകൾ പ്രകാരം ഡിജിറ്റല്‍ അവകാശം ഏറ്റവും കൂടുതൽ തുകയ്ക്ക് വിറ്റു പോയ തമിഴ് ചിത്രം ആയി മാറിയിരിക്കുകയാണ് തഗ് ലൈഫ്. നെറ്റ്ഫ്ലിസ് ആണ് ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ വിതരണക്കാരൻ കാർത്തിക് രവി വർമ്മ പറയുന്നതനുസരിച്ച് 149 . 7 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം നെറ്ഫ്ലിസ് വാങ്ങിയിരിക്കുന്നത്. അതേസമയം, അജിത്തിന്റെ 'ഗുഡ് ബാഡ് അഗ്ലി' 95 ലക്ഷം രൂപയ്ക്കാണ് ഡിജിറ്റല്‍ അവകാശം വിറ്റുപോയത്. 'കങ്കുവ' 100 കോടി രൂപ, വിജയുടെ 'ദി ഗോട്ട്', 110 കോടി രൂപയ്ക്കാണ് വിറ്റുപോയത്.
വിക്രം ആണ് കമൽ ഹാസൻ നായകനായെത്തിയ അവസാനത്തെ ചിത്രം. ചിത്രം വൻ വിജയമായതോടു കൂടി കമൽ ഹാസന്റെ വിപണി മൂല്യവും വർധിച്ചിരിക്കുകയാണ്. പൊന്നിയൻ സെൽവൻ ആണ് മണി രത്‌നം അവസാനം സംവിധാനം ചെയ്ത ചിത്രം. എക്കാലത്തും മികച്ച ചിത്രങ്ങൾ സംഭാവന ചെയ്തിട്ടുള്ള മണി രത്‌നവും കമൽ ഹാസനും ഒന്നിക്കുന്നത് ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
കമൽ ഹാസന്റെ 69 പിറന്നാൾ അനുബന്ധിച്ച് കഴിഞ്ഞ വർഷമാണ് തഗ് ലൈഫ് പ്രഖ്യാപിച്ചത്. ഒരു ഗ്യാങ്‌സ്റ്റർ ചിത്രമായാണ് തഗ് ലൈഫ് എത്തുക എന്നാണ് അറിയാൻ കഴിയുന്നത്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും, മദ്രാസ് ടാകീസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജയം രവി, തൃഷ, അഭിരാമി, നാസ്സർ, അലി ഫസൽ, രോഹിത് സഫര് എന്നിവരാണ് മറ്റു അഭിനേതാക്കൾ. എ ആർ റഹ്മാൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്.
മണിരത്നത്തിന്റെ കണ്ണത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് തഗ് ലൈഫിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. അന്‍പറിവ് മാസ്റ്റർസാണ് ചിത്രത്തിൽ ആക്ഷൻ കൊറിയോഗ്രഫി ചെയ്യുന്നത്.