ഈ ചിത്രം ഏറെ പ്രത്യേകതയുള്ളതാണെന്നും, ഇത്തരം ഒരു ചിത്രത്തിൻ്റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷം തോന്നുന്നുവെന്നും കുറിച്ചുകൊണ്ട് സൂര്യയും ട്രെയിലർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു
തമിഴ് സൂപ്പർ താരം സൂര്യ പ്രധാന കഥാപാത്രമായെത്തുന്ന കങ്കുവയുടെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തുവന്നതിന് തൊട്ടുപിന്നാലെ, വലിയ അഭിനന്ദനപ്രവാഹമാണ് തമിഴ് സിനിമാപ്രേമികളിൽ നിന്നും പുറത്തുവരുന്നത്. ചിത്രത്തിൻ്റെ ട്രെയിലറിൽ പ്രതികരണവുമായി തമിഴ് സൂപ്പർ നായികയും സൂര്യയുടെ ജീവിതപങ്കാളിയുമായ ജ്യോതികയും രംഗത്തെത്തി. "ഓരോ തവണയും മികച്ച രീതിയിൽ സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിങ്ങളെക്കുറിച്ച് അഭിമാനം തോന്നുന്നു. ഈ ചിത്രം ഏറ്റവും പ്രത്യേകതയുള്ളതായി തോന്നുന്നു," ഇങ്ങനെ കുറിച്ചുകൊണ്ടാണ് ജ്യോതിക കങ്കുവ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
ഈ ചിത്രം ഏറെ പ്രത്യേകതയുള്ളതാണെന്നും, ഇത്തരം ഒരു ചിത്രത്തിൻ്റെ ഭാഗമാകാൻ സാധിച്ചതിൽ സന്തോഷം തോന്നുന്നുവെന്നും കുറിച്ചുകൊണ്ട് സൂര്യയും ഇൻസ്റ്റഗ്രാമിൽ ട്രെയിലർ പങ്കുവെച്ചു. "ഈ ചിത്രം കൂട്ടായ പ്രവർത്തനത്തിൻ്റെ ഭാഗമാണ്. ചിത്രത്തിൻ്റെ സംവിധായകൻ ശിവയ്ക്ക് പിറന്നാൾ ആശംസകൾ," സൂര്യ എക്സിൽ കുറിച്ചു.
ചിത്രത്തിൽ പ്രതിനായക വേഷമായ ഉദിരനെ അവതരിപ്പിക്കുന്നത് ബോബി ഡിയോളാണ്. സൂര്യയോടൊപ്പം അഭിനയിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നുവെന്നും, അദ്ദേഹം വലിയ നടനാണെന്നും ബോബി ഡിയോൾ ദേശീയ വാർത്താ ഏജൻസിയായ ഏഎൻഐയോട് പറഞ്ഞു. ഈ സിനിമയിൽ അഭിനയിക്കുമ്പോൾ ഒരു സഹോദരനോടെന്ന പോലെയാണ് തനിക്ക് സൂര്യയെ അനുഭവപ്പെട്ടതെന്നും, അത് ചിത്രത്തിൻ്റെ ക്ലൈമാക്സ് ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിക്കാൻ സഹായകമായി എന്നും ബോബി ഡിയോൾ പറഞ്ഞു.
READ MORE: തമാശയല്ല, വയലൻസ്; എന്‍റെ ആക്ഷൻ രംഗങ്ങൾക്ക് പ്രചോദനം 'ടോം ആൻഡ് ജെറി': അക്ഷയ് കുമാർ
ശിവ സംവിധാനം ചെയ്യുന്ന കങ്കുവയിൽ ദിഷ പഠാനിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സ്റ്റൂഡിയോ ഗ്രീൻ, യു വി ക്രിയേഷൻസ് എന്നിവയുടെ ബാനറിൽ കെ. ഇ ജ്ഞാനവേൽ രാജ, വി വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉദ്ദലാപതി എന്നിവരാണ് ചിത്രം നിർമിക്കുന്നത്. രജനീകാന്ത് ചിത്രം വേട്ടയ്യനോടൊപ്പം, ഒക്ടോബർ പത്തിനാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്.