ഫീവര്‍ എഎഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് വസന്‍ ബാല ഇതേ കുറിച്ച് സംസാരിച്ചത്
ആലിയ ഭട്ടിനെ കേന്ദ്ര കഥാപാത്രമാക്കി വസന്‍ ബാല സംവിധാനം ചെയ്ത ചിത്രമാണ് ജിഗ്ര. ഒക്ടോബര്‍ 11ന് തിയേറ്ററിലെത്തിയ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ച്ചവെക്കാനായില്ല. ആലിയ ഭട്ടിന്റെ എക്കാലത്തെയും കുറഞ്ഞ ബോക്‌സ് ഓഫീസ് ഓപ്പണറായിരുന്നു ചിത്രം. ഇപ്പോഴിതാ എന്തുകൊണ്ട് ചിത്രം മികച്ച പ്രകടനം ബോക്‌സ് ഓഫീസില്‍ കാഴ്ച്ചവെച്ചില്ല എന്നതിനെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് സംവിധായകന്‍ വസന്‍ ബാല. ഫീവര്‍ എഎഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് വസന്‍ ബാല ഇതേ കുറിച്ച് സംസാരിച്ചത്.
എവിടെയാണ് തങ്ങള്‍ക്ക് തെറ്റുപറ്റിയതെന്ന് വിശകലനം ചെയ്യേണ്ടതുണ്ടെന്നും ബോക്‌സ് ഓഫീസിലെ ചിത്രത്തിന്റെ പ്രകടനം തന്റെ ഉത്തരവാദിത്തമായിരുന്നുവെന്നും വസന്‍ ബാല അഭിമുഖത്തില്‍ പറഞ്ഞു. 'ആലിയ ഭട്ട് എല്ലാവരുടെയും ഫസ്റ്റ് ചോയിസാണ്. അവള്‍ക്ക് മറ്റേതെങ്കിലും സിനിമ തിരഞ്ഞെടുക്കാമായിരുന്നു. പക്ഷെ ആ സമയത്ത് അവള്‍ തിരഞ്ഞെടുത്തത് ജിഗ്രയാണ്. ആ തിരഞ്ഞെടുപ്പില്‍ അവള്‍ എന്നെ വിശ്വസിച്ചു', എന്നാണ് വസന്‍ ബാല പറഞ്ഞത്.
'അതുകൊണ്ട് തന്നെ ഈ കാര്യത്തെ വിശകലനം ചെയ്യേണ്ടത് അത്യാവശ്യമാണ്. എന്തോ സംഭവിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ക്ക് തിയേറ്ററില്‍ വരണമെന്ന് തോന്നിയില്ല', സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
ആദ്യ ദിനം ജിഗ്ര ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത് 4.55 കോടിയാണ്. ജിഗ്രക്ക് മുന്‍പ് ആലിയ ഭട്ടിന്റെ ഹൈവേയാണ് ഏറ്റവും കുറവ് ആദ്യ ദിന കളക്ഷന്‍ നേടിയ ചിത്രം. Sacnilk.com റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ജിഗ്ര ഇതുവരെ 27.30 കോടിയാണ് നേടിയത്.