എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിജയകാന്തിനെ ഗോട്ട് സിനിമയില്‍ പുനരാവിഷ്കരക്കാനുള്ള അനുവാദം അദ്ദേഹത്തിന്‍റെ ഭാര്യ പ്രേമലതയില്‍ നിന്ന് സിനിമയുടെ അണിയറക്കാര്‍ തേടിയിരുന്നു
അന്തരിച്ച തമിഴ്നാട് മുന്‍ പ്രതിപക്ഷ നേതാവും നടനുമായ വിജയകാന്തിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച് ഗോട്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. നടന്‍ വിജയ്, സംവിധായകന്‍ വെങ്കട് പ്രഭു, നിര്‍മാതാവ് അര്‍ച്ചനാ കല്‍പ്പാത്തി എന്നിവരാണ് വിജയകാന്തിന്‍റെ ചെന്നൈ സാലിഗ്രാമത്തിലെ വീട്ടിലെത്തി കുടുംബാഗങ്ങളെ സന്ദര്‍ശിച്ചത്. എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിജയകാന്തിനെ ഗോട്ട് സിനിമയില്‍ പുനരാവിഷ്കരക്കാനുള്ള അനുവാദം അദ്ദേഹത്തിന്‍റെ ഭാര്യ പ്രേമലതയില്‍ നിന്ന് സിനിമയുടെ അണിയറക്കാര്‍ തേടിയിരുന്നു. ഇതിന് നന്ദി പറയാനാണ് വിജയ് അടക്കമുള്ളവര്‍ നേരിട്ടെത്തിയത്.
1993ല്‍ എസ്.എ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത 'സെന്തൂരപാണ്ടി' എന്ന സിനിമയില്‍ വിജയും വിജയകാന്തും ഒരുമിച്ച് അഭിനയിച്ചിരുന്നു. വിജയ്‌യുടെ കരിയറിലെ ആരംഭകാലത്ത് വിജയകാന്ത് നല്‍കിയിരുന്ന പിന്തുണയെ കുറിച്ച് അദ്ദേഹം പലപ്പോഴും പറഞ്ഞിരുന്നു. വിജയകാന്തിന്‍റെ ഭൗതികശരീരം കാണാന്‍ എത്തിയപ്പോള്‍ വിജയ് വികാരാധീനനായതും മാധ്യമങ്ങളിലൂടെ പ്രേക്ഷകര്‍ കണ്ടിരുന്നു.
സിനിമാ ജീവിതം അവസാനിപ്പിച്ച് മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന വിജയ്‌യുടെ കരിയറിലെ അവസാന ചിത്രങ്ങളിലൊന്നാണ് ഗോട്ട്. സെപ്റ്റംബര്‍ അഞ്ചിന് റിലീസ് ചെയ്യുന്ന സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വിജയ് ഇരട്ട വേഷങ്ങളിലെത്തുന്ന സിനിമയില്‍ വിവിധ പ്രായത്തിലുള്ള ലുക്കുകളില്‍ താരം പ്രത്യക്ഷപ്പെടുന്നു. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം. പ്രശാന്ത്, പ്രഭുദേവ, അജ്മല്‍, സ്നേഹ, ലൈല, ജയറാം, മീനാക്ഷി ചൗധരി തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍.