
ചെങ്ങന്നൂർ നഗരത്തിലെ കല്ലിശ്ശേരി ഇറപ്പുഴപാലത്തിൽ നിന്ന് കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ 12 പേരാണ് ആറ്റിലേക്ക് ചാടി ജീവനൊടുക്കിയത്. പാലത്തിന്റെ ഇരുവശത്തും ഉയരത്തിലുള്ള ഫെൻസിങ്ങുകൾ വേണമെന്ന ആവശ്യം ഇതോടെ ശക്തമാകുകയാണ്.
ചെങ്ങന്നൂർ എം.സി റോഡിൽ കല്ലിശ്ശേരിയിൽ പമ്പയാറിന് കുറുകെയാണ് ഇറപ്പുഴ പാലം ഉള്ളത്. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ച പാലത്തിന് പകരം ഇവിടെ പുതിയ പാലം നിർമിച്ചിരുന്നു. പഴയ പാലം പൊളിച്ചു നീക്കില്ലെന്നും അത് ചരിത്രശേഷിപ്പായി സംരക്ഷിക്കും എന്നുമായിരുന്നു അധികൃതരുടെ വാഗ്ദാനം. എന്നാൽ, ഇപ്പോള്‍ പാലത്തിൽ വെളിച്ചം പോലും ഇല്ലാത്ത സ്ഥിതിയാണ്. പാലത്തിന്റെ കൈവരികൾക്ക് ഉയരം കുറവാണ്, രാത്രിയിൽ പാലത്തിൽ വെളിച്ചം ഇല്ലാത്തത് കൊണ്ട് ജീവനൊടുക്കാൻ തീരുമാനിക്കുന്നവർ ഈ പാലമാണ് തെരഞ്ഞെടുക്കുന്നത്. 12 ഓളം പേരാണ് കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടി ജീവൻ വെടിഞ്ഞത്.
പാലത്തിന്റെ ഇരുവശത്തും സംരക്ഷണ വലയങ്ങൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇറിഗേഷൻ വകുപ്പിന്റെ യും പിഡബ്ല്യുഡി വകുപ്പിന്റെയും നിയന്ത്രണത്തിൽ മാത്രമേ പാലത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ കഴിയുകയുള്ളൂ. അടിയന്തരമായി അധികൃതർ ഇടപെട്ട് പാലങ്ങളുടെ ഇരുവശത്തും സംരക്ഷണ വലയങ്ങൾ സ്ഥാപിക്കുവാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.