
സംസ്ഥാനത്ത് അംഗീകാരമില്ലാത്ത 24 നഴ്‌സിംഗ് കോളജുകളുണ്ടെന്ന് റിപ്പോർട്ട്. ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലും അംഗീകാരമില്ലാത്ത സർക്കാർ നഴ്‌സിംഗ് കോളേജ് ഉണ്ടെന്നും കണ്ടെത്തൽ. അതിനിടെ ഈ കോളേജുകളിൽ പഠിക്കുന്ന ഒന്നാം സെമസ്റ്റർ വിദ്യാർത്ഥികളുടെ പരീക്ഷാഫലം ആരോഗ്യ സർവ്വകലാശാല തടഞ്ഞതോടെ ആയിരത്തി മുന്നൂറിലധികം വിദ്യാർഥികളുടെ ഭാവി ആശങ്കയിലായിരിക്കുകയാണ്.
കേരളത്തിലെ 24 സർക്കാർ-സ്വകാര്യ സ്വാശ്രയ നഴ്‌സിംഗ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബി എസ് സി നഴ്‌സിംഗ് വിദ്യാർഥികളുടെ പരീക്ഷാ ഫലമാണ് ആരോഗ്യ സർവകലാശാല തടഞ്ഞു വെച്ചത്. ആകെ 1369 വിദ്യാർത്ഥികളുടെ ഫലമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഇതിൽ 60 കുട്ടികൾ ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലെ സർക്കാർ നഴ്‌സിംഗ് കോളേജിലാണ്. ഏപ്രിലിൽ പൂർത്തീകരിച്ച പരീക്ഷയുടെ റിസൾട്ട് ജൂലെെയിൽ പ്രസിദ്ധീകരിച്ചപ്പോൾ മാർക്ക് ലിസ്റ്റിന് പകരം നിങ്ങളുടെ ഫലം തടഞ്ഞു വച്ചിരിക്കുന്നു എന്നൊരു സന്ദേശം മാത്രമാണ് ഇവർക്ക് ലഭിച്ചത്.
2023- 2024 അധ്യയന വർഷത്തിൽ ആരംഭിച്ച പുതിയ നഴ്‌സിംഗ് കോളേജുകളിലെയും സീറ്റ് വർദ്ധന നടത്തിയ കോളേജുകളിലെയും ഫലമാണ് നിലവിൽ തടഞ്ഞു വെച്ചിരിക്കുന്നത്. കോളേജുകൾ ആരംഭിക്കുന്ന സമയത്ത് ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലിൻ്റെ അംഗീകാരം നേടി അത് കെെമാറണമെന്ന നിബന്ധന പാലിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. പുതിയ കോളേജുകൾ ആരംഭിക്കണമെങ്കിൽ കേരള നഴ്‌സിംഗ് കൗൺസിൽ, ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ എന്നിവയുടെ അംഗീകാരം നേടിയ ശേഷം സർവകലാശാല അംഗീകാരം നൽകിയാൽ മതിയെന്നാണ് വ്യവസ്ഥയിലുള്ളത്.
2023 നവംബറിലാണ് പത്തനംതിട്ട ഗവൺമെൻ്റ് നഴ്‌സിംഗ് കോളേജ് പ്രവർത്തനമാരംഭിക്കുന്നത്. സ്വന്തമായി കെട്ടിടമില്ലാതെ ഒറ്റ മുറി ക്ലാസ് റൂമിൽ 2 സ്ഥിര അധ്യാപകരുടെ സഹായത്തോടെയാണ് ഈ വിദ്യാർഥികൾ പഠിക്കുന്നത്. 56 പെൺകുട്ടികൾക്കുമായി ഒരു ടോയിലറ്റ് സൗകര്യം മാത്രമാണിവിടയുള്ളത്. മറ്റു നഴ്‌സിംഗ് സ്ഥാപനങ്ങൾ മെഡിക്കൽ കോളേജുകൾക്ക് സമീപം പ്രവർത്തിക്കെ പത്തനംതിട്ടയിലെ വിദ്യാർഥികൾക്ക് കോന്നി മെഡിക്കൽ കോളേജാണ് ആശ്രയം. കോളേജ് ബസ് ഇല്ലാത്തതിനാൽ സ്വകാര്യ- കെഎസ്ആർടിസി ബസുകളെ ആശ്രയിച്ച് വേണം മെഡിക്കൽ കോളേജിലെത്താൻ. ഇതിനോടൊപ്പം പെർമനൻ്റ് ഹോസ്റ്റൽ സൗകര്യമില്ലാത്തതിനാൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിദ്യാർഥികൾക്ക് ഇ-ഗ്രാൻ്റ് ആനുകൂല്യം ലഭിക്കുന്നില്ല. അംഗീകാരമില്ലാത്തതിനാൽ വിദ്യാഭ്യാസ വായ്പ നിരസിക്കുന്ന അവസ്ഥയും നിലനിൽക്കുന്നു.
സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിൽ നിന്നും വിദ്യാർഥികളുടെ മാതാപിതാകൾ നവകേരള സദസിൽ പരാതി നൽകിയെങ്കിലും നിരാശയായിരുന്നു ഫലം. യാതൊരു വിധത്തിലുള്ള അടിസ്ഥാനാവശ്യങ്ങളും ലഭ്യമാകാത്തതിനാലും സാമ്പത്തിക പ്രതിസന്ധി കൊണ്ടും കോഴ്സ് നിർത്തി പോകേണ്ട അവസ്ഥയാണ് ഉള്ളതെന്ന് ഈ വിദ്യാർഥികൾ പറയുന്നു. അടിയന്തര നടപടി സ്വീകരിക്കാൻ വകുപ്പ് മേധാവികൾക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് കോളേജ് പ്രിൻസിപ്പാളും പറയുന്നു. എന്നാൽ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, സർവകലാശാല, കേരളാ നഴ്‌സിംഗ് കൗൺസിൽ, ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ, എന്നിവർക്കടക്കം നിവേദനങ്ങൾ നൽകിയിട്ടും അനുകൂല നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് ഈ വിദ്യാർഥികൾ വ്യക്തമാക്കുന്നു.