കേരളത്തിൻ്റെ 'കൈരളി'യെ കാണാതായിട്ട് ഇന്നേക്ക് 45 വർഷം

51 ജീവനക്കാരുമായി ഗോവയില്‍ നിന്ന് ജര്‍മ്മനിയിലേക്ക് നീങ്ങിയ കപ്പലിനെന്തു സംഭവിച്ചുവെന്നതിൽ ദുരൂഹതകൾ മാത്രമാണ് ബാക്കി
കൈരളി കപ്പൽ
കൈരളി കപ്പൽ
Published on

കേരളത്തിന്‍റെ ഏറ്റവും വലിയ ദുരൂഹതയായി കരുതുന്ന കൈരളി കപ്പൽ കാണാതായിട്ട് ഇന്ന് 45 വർഷം തികയുന്നു. ഇരുമ്പയിരുമായി ഗോവയില്‍ നിന്ന് ജര്‍മ്മനിലേക്ക് നീങ്ങിയ കപ്പലില്‍ ക്യാപ്റ്റൻ ഉൾപ്പെടെ 51 ജീവനക്കാർ ഉണ്ടായിരുന്നു.

1976 ഫെബ്രുവരിയിൽ പൊന്നുംവില കൊടുത്താണ് നോര്‍വെയുടെ സാഗ സോഡ് എന്ന കപ്പൽ കേരളം സ്വന്തമാക്കിയത്. നാട്ടിലെത്തിയ കപ്പലിന് കേരള സ്റ്റേറ്റ് ഷിപ്പിംഗ് കോര്‍പ്പറേഷന്‍ കൈരളിയെന്ന് പേരിട്ടു. 1979 ജൂണ്‍ 30ന് മോർമുഗോവയില്‍ നിന്ന് 20,538 ടണ്‍ ഇരുമ്പയിരുമായി കിഴക്കന്‍ ജര്‍മ്മനിയിലെ റോസ്‌റ്റോക്ക് ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു കപ്പല്‍. അറബിക്കടലിൻ്റെ ഓളപരപ്പുകള്‍ താണ്ടുമ്പോള്‍ അത് അവസാന യാത്രയാണെന്ന് കൈരളിയോ കേരളമോ കരുതിയിരുന്നില്ല.

വർഷങ്ങളുടെ അനുഭവസമ്പത്തുള്ള കോട്ടയം സ്വദേശി മരിയദാസ് ജോസഫായിരുന്നു ക്യാപ്റ്റൻ. കപ്പലില്‍ 23 മലയാളികളടക്കം 51 ജീവനക്കാരുണ്ടായിരുന്നു. ജൂലായ് മൂന്നിന് രാത്രി
കപ്പലിൽ നിന്നും ഒരു സന്ദേശം ലഭിച്ചു. 'സാഹചര്യം അനുകൂലമാണ്. ഞങ്ങൾ 350 മൈൽ താണ്ടിയിരിക്കുന്നു'. കപ്പലിൽ നിന്നെത്തിയ അവസാന സന്ദേശവും ഇതായിരുന്നു.

ജൂലൈ 11. ആഫ്രിക്കന്‍ തുറമുഖമായ ജിബൂട്ടിയിൽ നിന്നും കേരള ഷിപ്പിംഗ് കോര്‍പ്പറേഷനിലേക്ക് സന്ദേശമെത്തി. ഇന്ധനം നിറയ്ക്കാൻ എട്ടാം തീയതി തുറമുഖത്തടുക്കേണ്ട കൈരളി ഇതുവരെയും തീരമണഞ്ഞില്ലെന്ന് ഷിപ്പിംഗ് ഏജന്റ് വിളിച്ചറിയിച്ചു. ഇതോടെ കപ്പൽ മുങ്ങിയെന്നും കടൽ കൊള്ളക്കാർ റാഞ്ചിയെന്നും അഭ്യുഹങ്ങൾ പടർന്നു. കൈരളി വാർത്തകളിൽ നിറഞ്ഞു.

നാവിക സേന തിരച്ചിൽ നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചില്ല. ക്യാപ്റ്റൻ്റെ മുന്നറിയിപ്പ് അവഗണിച്ച് റഡാർ സംവിധാനങ്ങളില്ലാതെയാണ് കപ്പൽ യാത്ര തിരിച്ചതെന്നും, രാഷ്ട്രീയ സമ്മർദമാണ് പിന്നിലെന്നും വിമർശിക്കപ്പെട്ടു. കോര്‍പ്പറേഷന്റെ ഭാഗത്തുനിന്ന് അനാസ്ഥയുണ്ടായെന്ന് ആരോപിച്ച് മാധ്യമങ്ങളും കാണാതായവരുടെ കുടുംബങ്ങളും രംഗത്തെത്തി. കപ്പല്‍ അപ്രത്യക്ഷമായി പന്ത്രണ്ട് ദിവസങ്ങള്‍ക്കിപ്പുറമാണ്  തെരച്ചിൽ ആരംഭിച്ചതെന്നും, സന്ദേശങ്ങള്‍ ലഭിക്കാതിരുന്ന ഉടന്‍ അന്വേഷിച്ചിരുന്നെങ്കില്‍ അവശിഷ്ടങ്ങളെങ്കിലും കണ്ടെത്താനാകുമായിരുന്നു എന്നുമാണ് പ്രധാന ആരോപണം. 45 വർഷം പിന്നിടുമ്പോഴും കൈരളിക്കും 51 നാവികർക്കും എന്ത് സംഭവിച്ചുവെന്നതിൽ ദുരൂഹതകൾ മാത്രമാണ് ബാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com