'ഭീകരവാദം വളർത്തുക ലക്ഷ്യം'; ജമ്മുവിൽ 50ഓളം പാക് ഭീകരർ നുഴഞ്ഞുകയറി; തുരത്താനൊരുങ്ങി സൈന്യം

ജമ്മു കശ്മീർ കേന്ദ്രീകരിച്ച് തീവ്രവാദ പ്രവർത്തനങ്ങൾ കൂടുതൽ വർധിപ്പിക്കുകയാണ് ഭീകരരുടെ നിഗൂഢ പദ്ധതിയെന്നാണ് ഇൻ്റലിജൻസ് സ്ഥിരീകരിക്കുന്നത്.
'ഭീകരവാദം വളർത്തുക ലക്ഷ്യം'; ജമ്മുവിൽ 50ഓളം പാക് ഭീകരർ നുഴഞ്ഞുകയറി; തുരത്താനൊരുങ്ങി സൈന്യം
Published on

ജമ്മു മേഖലയിൽ ഭീകരവാദം വളർത്താൻ ലക്ഷ്യമിട്ട് പ്രത്യേക പരിശീലനം ലഭിച്ച അമ്പതോളം പാക് ഭീകരർ നുഴഞ്ഞുകയറിയതായി സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രാലയം. ഇൻ്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ വാർത്താ ഏജൻസിയായ എഎൻഐയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. ഏറ്റവുമൊടുവിലായി 50 മുതൽ 55 വരെ ഭീകരർ ജമ്മു മേഖലയിലേക്ക് നുഴഞ്ഞുകയറിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ജമ്മു കശ്മീർ കേന്ദ്രീകരിച്ച് തീവ്രവാദ പ്രവർത്തനങ്ങൾ കൂടുതൽ വർധിപ്പിക്കുകയാണ് ഭീകരരുടെ നിഗൂഢ പദ്ധതിയെന്നാണ് ഇൻ്റലിജൻസ് സ്ഥിരീകരിക്കുന്നത്. ഈ സാഹചര്യത്തെ നേരിടാനും ഭീകരരെ കണ്ടെത്തി വകവരുത്താനുമായി 500 പാരാ സ്പെഷ്യൽ ഫോഴ്സ് കമാൻഡോസിനെ ഇന്ത്യൻ സൈന്യം നിയോഗിച്ചതായും എഎൻഐ റിപ്പോർട്ട് ചെയ്തു.

ജമ്മുവിൽ ഭീകരർക്ക് പിന്തുണ വർധിപ്പിക്കാൻ പ്രദേശത്തെ തൊഴിലാളികളുടെ പിന്തുണ തേടുന്നുണ്ടെന്നും സൂചനയുണ്ട്. പാകിസ്ഥാൻ്റെ നേതൃത്വത്തിലുള്ള ഭീകരവാദത്തെ ചെറുക്കാനായി 3,500-4,000 സൈനികരെ മേഖലയിൽ ഇന്ത്യൻ സൈന്യം നേരത്തെ തന്നെ നിയോഗിച്ചിരുന്നു. ഇതിന് പുറമെയാണ് പ്രത്യേക പരിശീലനം സിദ്ധിച്ച പാരാ സ്പെഷ്യൽ ഫോഴ്സിനെ അധികമായി വിന്യസിച്ചിരിക്കുന്നത്. ഭീകരരെ തുരത്താനായി പ്രത്യേക പദ്ധതികളും സൈന്യം ആസൂത്രണം ചെയ്യുന്നുണ്ട്. നവീനമായ ആയുധങ്ങളും വാർത്താവിനിമയ സൗകര്യങ്ങളും സൈന്യത്തിന് നൽകുമെന്നും റിപ്പോർട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com