2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള സർക്കാരിൻ്റെ കാഴ്ചപ്പാട് പ്രതിഫലിപ്പിക്കുന്ന ' വികസിത് ഭാരത് ' എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷ പ്രമേയം
78-ാം സ്വാതന്ത്ര്യ ദിന പുലരിയില്‍ ആഘോഷങ്ങള്‍ക്ക് ഒരുങ്ങി ഇന്ത്യ. രാവിലെ 7:30ന് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയർത്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. പതാക ഉയർത്തിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. പ്രധാനമന്ത്രി മോദിയുടെ തുടർച്ചയായ 11-ാം സ്വാതന്ത്ര്യദിന പ്രസംഗമാണ് ഇക്കുറി ചെങ്കോട്ടയില്‍ നടക്കാന്‍ പോകുന്നത്. രാവിലെ ചെങ്കോട്ടയിൽ എത്തുന്ന പ്രധാനമന്ത്രിയെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, പ്രതിരോധ സെക്രട്ടറി ഗിരിധർ അരമന എന്നിവർ ചേർന്നാണ് സ്വീകരിക്കുന്നത്.
2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള സർക്കാരിൻ്റെ കാഴ്ചപ്പാട് പ്രതിഫലിപ്പിക്കുന്ന 'വികസിത് ഭാരത്' എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷ പ്രമേയം. പ്രധാന മന്ത്രിയുടെ പ്രസംഗത്തില്‍ പ്രമേയത്തില്‍ ഊന്നിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കാം. വിവിധ സേനകളുടെ മാർച്ച് പാസ്റ്റും, സംസ്ഥാനങ്ങളുടെ സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്ന നിശ്ചലദൃശ്യങ്ങളുടെ പ്രദർശനവും ഉണ്ടാകും. ഇന്ത്യൻ നേവിയ്ക്കാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിന ആഘോഷ ചടങ്ങുകളുടെ ഏകോപന ചുമതല. കമാൻഡർ അരുൺ കുമാർ മേത്തയുടെ നേതൃത്വത്തില്‍ സൈന്യം ഗാർഡ് ഓഫ് ഓണർ നല്‍കും.
രാജ്യത്തുടനീളമുള്ള വിവിധ സ്കൂളുകളിൽ നിന്നുള്ള 2,000 കേഡറ്റുകളും, 500 നാഷണൽ സർവീസ് സ്കീം വോളണ്ടിയർമാരും ചടങ്ങിൽ പങ്കെടുക്കും. വികസിത ഭാരതത്തിൻ്റ പ്രധാനപ്പെട്ട നാല് തൂണുകളായി പ്രധാനമന്ത്രി കണക്കാക്കുന്ന കർഷകർ, യുവാക്കൾ, സ്ത്രീകൾ, ദരിദ്രർ എന്നീ വിഭാഗങ്ങളിൽ നിന്നുള്ള നാലായിരത്തോളം ക്ഷണിക്കപ്പെട്ട അതിഥികൾ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പങ്കാളികളാകും. പാരിസ് ഒളിംപിക്സിൽ പങ്കെടുത്ത ഇന്ത്യൻ സംഘം ആഘോഷങ്ങളിൽ ക്ഷണിതാക്കളാണ്.
ഇന്നലെ തന്നെ രാജ്യത്തെ ചരിത്രസ്മാരകങ്ങൾ ദീപാലങ്കൃതമായി ആഘോഷങ്ങള്‍ക്ക് തയ്യാറായി കഴിഞ്ഞിരുന്നു. സംസ്ഥാനങ്ങളിലും വിപുലമായ രീതിയില്‍ സ്വാതന്ത്ര്യ ദിന ആഘോഷങ്ങള്‍ നടക്കും.