രാജ്ഘട്ടിലെത്തി ഗാന്ധി സമാധിയില്‍ എത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയത്.
78-ാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയിലെത്തി ദേശീയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്ഘട്ടിലെത്തി ഗാന്ധി സമാധിയില്‍ എത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തിയത്. തുടര്‍ന്ന് മോദി രാജ്യത്തെ അഭിസംബോധന ചെയ്തു.
സ്വാതന്ത്ര്യ സമര സേനാനികളെ പ്രധാനമന്ത്രി അനുസ്മരിച്ചു. സ്വാതന്ത്ര്യ സമര സേനാനികളോട് രാജ്യം കടപ്പെട്ടിരിക്കുന്നുവെന്നും മോദി പറഞ്ഞു. ഒളംപിക്‌സ് മെഡല്‍ ജേതാക്കളെയും കായിക താരങ്ങളെയും അദ്ദേഹം അനുമോദിക്കുകയും ചെയ്തു.
പ്രകൃതി ദുരന്തങ്ങള്‍ രാജ്യത്തിന് വെല്ലുവിളിയാണ്. ദുരന്തങ്ങളില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കണം. പ്രകൃതി ദുരന്തങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരെയും മോദി അനുസ്മരിച്ചു.
സ്ത്രീകള്‍ക്ക് കൂടുതല്‍ തുല്യത ഉറപ്പാക്കും. രാജ്യം യുവാക്കള്‍ക്കും കര്‍ഷകര്‍ക്കുമൊപ്പമാണ്. ഓരോ ചെറിയ മേഖലകളിലും മാറ്റമുണ്ടാകും. 2047ല്‍ വികസിത് ഭാരത് എന്ന ലക്ഷ്യം കൈവരിക്കും. പരിഷ്‌കരണങ്ങളുമായി മുന്നോട്ടാണ് രാജ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോകത്തെ തന്നെ മികച്ച ബാങ്കിംഗ് സംവിധാനമാണ് ഇന്ത്യയിലേത്. കൊവിഡിനെ നേരിട്ടത് ലോകം അത്ഭുതത്തോടെയാണ് നോക്കി കണ്ടത്. രാജ്യമാണ് പ്രധാനം. ഭരണ നിര്‍വഹണം വേഗത്തിലാക്കും. ഉത്പാദന മേഖലയുടെ ഹബ്ബായി രാജ്യം മാറി. ബഹിരാകാശ സ്‌പേസ് സ്റ്റേഷന്‍ യാഥാര്‍ഥ്യമാക്കും. ഇന്ത്യയ്ക്ക് സുവര്‍ണകാലമാണ്. സ്വച്ഛ് ഭാരത് പദ്ധതി വിജയമാണെന്നും മോദി പറഞ്ഞു.
കര്‍ഷകര്‍, സ്ത്രീകള്‍, ഗോത്രവിഭാഗത്തിലുള്ളവര്‍ തുടങ്ങി ഇത്തവണ വിശിഷ്ടാതിഥികളായി 6000 പേരാണ് പങ്കെടുക്കുന്നത്. ചടങ്ങില്‍ പാരിസ് ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘവുമുണ്ട്. വികസിത് ഭാരത് @2047 എന്നതാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിന പ്രമേയം.