ഗൂഗിളിനെപ്പോലും പറ്റിച്ചു, 8300 കോടിയുടെ തട്ടിപ്പ്; ഇന്ത്യന്‍ വ്യവസായികള്‍ക്ക് ശിക്ഷ വിധിച്ച് യുഎസ് കോടതി

കമ്പനിയുടെ ഹൈ പ്രൊഫൈൽ നിക്ഷേപകരായിരുന്ന ​ഗോൾഡ്മാൻസാഷ് ​ഗ്രൂപ്പിനെയും, ​ഗൂ​ഗിള്‍ മാതൃസ്ഥാപനമായ ആൽഫബെറ്റിനെയും വരെ ഞെട്ടിച്ചിരിക്കുകയാണ് 8300 കോടി രൂപയുടെ ഈ തട്ടിപ്പ്
റിഷി ഷായും ശ്രദ്ധ അ​ഗർവാളും
റിഷി ഷായും ശ്രദ്ധ അ​ഗർവാളും
Published on

ഇന്ത്യൻ - അമേരിക്കൻ വ്യവസായിയും ഔട്ട്കം ഹെൽത്തിൻ്റെ സഹസ്ഥാപകനുമായ റിഷി ഷായ്ക്ക് ഏഴര വർഷം തടവുശിക്ഷ വിധിച്ച് യുഎസ് കോടതി. കമ്പനിയുടെ ഹൈ പ്രൊഫൈൽ നിക്ഷേപകരായിരുന്ന ​ഗോൾഡ്മാൻസാഷ് ​ഗ്രൂപ്പിനെയും, ​ഗൂ​ഗിള്‍ മാതൃസ്ഥാപനമായ ആൽഫബെറ്റിനെയും വരെ ഞെട്ടിച്ചിരിക്കുകയാണ് 8300 കോടി രൂപയുടെ ഈ തട്ടിപ്പ്. സമീപകാലത്തെ ഏറ്റവും വലിയ വ്യവസായ തട്ടിപ്പിനാണ് യുഎസ് ജില്ലാ കോടതി ജഡ്ജി തോമസ് ഡ‍ർക്കിൻ്റെ ഈ വിധിയോടെ തീർപ്പായിരിക്കുന്നത്. കമ്പനി സഹസ്ഥാപകയായ ശ്രദ്ധ അ​ഗർവാളിന് മൂന്ന് വർഷവും, സിഒഒ ബ്രാഡ് പർഡിന് രണ്ട് വർഷവും മൂന്ന് മാസവുമാണ് തടവ് വിധിച്ചിരിക്കുന്നത്.

ഔട്ട്കം ഹെൽത്ത് ഷായുടെ അമേരിക്കൻ യൂനിവേഴ്സിറ്റി കാലത്തെ ആശയമാണെന്നാണ് ബ്ലൂംബെർ​ഗ് റിപ്പോർട്ടില്‍ പറയുന്നത്. 2006ൽ കോൺടെക്സ്റ്റ് മീഡിയ ഹെൽത്ത് എന്ന പേരില്‍ ആരംഭിച്ച കമ്പനി, ഡോക്ടർമാരുടെ ഓഫീസുകളിൽ ടെലിവിഷനുകൾ സ്ഥാപിച്ച്, വ്യത്യസ്തമായ ആരോഗ്യ പരസ്യങ്ങൾ സ്ട്രീം ചെയ്യുന്നതിനായി പ്രവർത്തിച്ചു വരികയായിരുന്നു. ഷായും സഹസ്ഥാപകയായ ശ്രദ്ധ അ​ഗർവാളും ചേർന്ന്, രോ​ഗികൾക്കും ആരോ​ഗ്യ സംരക്ഷകർക്കുമിടയിലെ ഒരു മികച്ച പാലമായി പ്രവർത്തിച്ചു. പ്രമുഖ മരുന്ന് നിർമാണ കമ്പനികളായിരുന്നു പരസ്യത്തിനായി ഔട്ട്കം ഹെൽത്തിനെ സമീപിച്ചിരുന്നത്. 2010ഓടെ റിഷി ഷായുടെ സ്റ്റാര്‍ട്ട് അപ്പ്, മേഖലയിലെ പ്രമുഖ കമ്പനിയായി മാറി. അതോടെ, കമ്പനിയുടെ ആസ്തിയും വ‍ർധിച്ചു. 2016ൽ കമ്പനിയുടെ ആസ്തി നാല് ബില്യൺ ഡോളർ ആയിരുന്നു. 2017ൽ കമ്പനിയുടെ തട്ടിപ്പുകളെക്കുറിച്ചുള്ള കണക്ക് വാൾസ്ട്രീറ്റ് ജേണൽ പുറത്തുവിട്ടതോടെയാണ് കമ്പനികളുടെ പല കണക്കും ഊതി പെരുപ്പിച്ചതാണെന്നും, ഇല്ലാത്ത സേവനങ്ങൾ കാണിച്ചാണ് പണം തട്ടിയതെന്നുമുള്ള വാർത്ത പുറംലോകം അറിയുന്നത്.

ഇതോടെ കമ്പനിയുടെ ഇടപാടുകാരും നിക്ഷേപകരും നിയമനടപടികളുമായി മുന്നോട്ടു നീങ്ങി. ഏപ്രിലിൽ കമ്പനിയിലെ കൃത്രിമത്വം കണ്ടെത്തുകയും, റിഷി ഷായും, മറ്റ് രണ്ട് പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്നാണ് ഇപ്പോൾ കോടതി മൂന്ന് പേർക്കും ശിക്ഷ വിധിച്ചിരിക്കുന്നത്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com