ശാന്തമാകാതെ ബംഗ്ലാദേശ്, ഭരണകക്ഷി പ്രവര്‍ത്തകരും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം; 98 പേര്‍ കൊല്ലപ്പെട്ടു

ബംഗ്ലാദേശിൽ താമസിക്കുന്ന പൗരന്മാരോട് ജാഗ്രത പാലിക്കാൻ ഇന്ത്യ ഗവൺമെൻ്റ് ആവശ്യപ്പെട്ടു
ഫയൽ ചിത്രം
ഫയൽ ചിത്രം
Published on

ബംഗ്ലാദേശ് കലാപത്തിൽ പ്രതിഷേധക്കാരും ഭരണകക്ഷിയായ അവാമി ലീഗിൻ്റെ അനുയായികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 98 പേർ മരിച്ചതായി റിപ്പോർട്ട് .
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ പ്രക്ഷോഭം ശക്തമാക്കിയതോടെ ഭരണകക്ഷിയായ അവാമി ലീഗ് പ്രവര്‍ത്തകര്‍ ഇവരെ നേരിടാന്‍ തെരുവിലിറങ്ങുകയായിരുന്നു. മരിച്ചവരില്‍ 14 പേര്‍ പൊലീസുകാരാണെന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം വിവാദ ക്വാട്ട അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശിൽ പൊലീസും വിദ്യാർഥി പ്രതിഷേധക്കാരും തമ്മിലുള്ള അക്രമാസക്തമായ ഏറ്റുമുട്ടലിൽ ഇതുവരെ 200 ലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇതിനെത്തുർടന്ന് ബംഗ്ലാദേശിൽ താമസിക്കുന്ന പൗരന്മാരോട് ജാഗ്രത പാലിക്കാൻ ഇന്ത്യ ഗവൺമെൻ്റ് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം നടന്ന രൂക്ഷമായ ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരുക്കേറ്റിരുന്നു.

സംഘർഷം കൊടുമ്പിരി കൊള്ളുന്ന സമയത്ത് ബംഗ്ലാദേശിലെ ഇന്ത്യൻ പൗരന്മാർക്ക് ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യത്ത് സംവരണ വിരുദ്ധ സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാരും വിദ്യാർഥികളും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നായിരുന്നു ഹൈക്കമ്മീഷൻ്റെ അടിയന്തര നിർദേശം . രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ സർവകലാശാലകളും അടച്ചിടാനുള്ള ബംഗ്ലാദേശ് സർക്കാരിൻ്റെ തീരുമാനത്തെത്തുടർന്നായിരുന്നു ഇത്തരത്തിലൊരു മുന്നറിയിപ്പ് നൽകിയിരുന്നത്.

ബംഗ്ലാദേശിലെ സംഘർഷത്തെ തുടർന്ന് പ്രധാനമന്ത്രി ഷേഖ് ഹസീന രാജിവയ്ക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്. സംവരണ വിഷയത്തെ ചൊല്ലിയുണ്ടായ സമരത്തിൽ കൊല്ലപ്പെട്ടവർക്ക് നീതി ഉറപ്പാക്കാണമെന്നും പ്രധാനമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ നടത്തിയ പ്രതിഷേധത്തിൽ ആയിരക്കണക്കിനാളുകളാണ് അണിനിരന്നത്.

രാജ്യത്തെ സിവിൽ സർവീസ് ജോലികൾക്കായുള്ള ക്വാട്ട സമ്പ്രദായത്തിൽ 1971-ലെ പാകിസ്ഥാനെതിരായ സ്വാതന്ത്ര്യയുദ്ധത്തിൽ പങ്കെടുത്തവരുൾപ്പടെയുള്ള പ്രത്യേക വിഭാഗങ്ങൾക്ക് സംവരണം നൽകുന്നത് പരിഷ്കരിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ബംഗ്ലാദേശിൽ പ്രതിഷേധം നടക്കുന്നത്. ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നത്. സംഘർഷങ്ങൾ അടിച്ചമർത്താനായി വെടിവെപ്പടക്കമുള്ള മാർഗങ്ങളാണ് പൊലീസ് സ്വീകരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com