90 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ഫിൻജാൽ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. നാളെ ഉച്ചയോടെ കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിൽ കരയിൽ പ്രവേശിക്കാനാണ് സാധ്യത. ഈ സാഹചര്യം കണക്കിലെടുത്ത് വടക്കൻ തമിഴ്നാട്ടിലും, പുതുച്ചേരിയിലും, തെക്കൻ ആന്ധ്രാ തീരത്തും കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 90 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ചെന്നൈ അടക്കമുള്ള വടക്കൻ തമിഴ്നാട്, പുതുച്ചേരി, തിരുപ്പതി അടക്കം തെക്കൻ ആന്ധ്ര എന്നിവിടങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. മഴ സാധ്യത കണക്കിലെടുത്ത് ചെന്നൈയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് രാവിലെ അവധി പ്രഖ്യാപിച്ചിരുന്നു. നാളെ ചെന്നൈ അടക്കമുള്ള വടക്കൻ ജില്ലകളിൽ റെഡ് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം വൈകീട്ട് ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിൻവലിച്ചെങ്കിലും പിന്നീട് വീണ്ടും കരുത്താർജ്ജിക്കുകയായിരുന്നു.
അതേസമയം, കേരളത്തിലും അടുത്ത അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും നവംബർ 30 മുതൽ ഡിസംബർ മൂന്ന് വരെ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൂടാതെ അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.