ധാക്കയിലെ പ്രധാനമന്ത്രിയുടെ വസതി കൊള്ളയടിക്കുന്ന ജനക്കൂട്ടത്തിൻ്റെ വീഡിയോ ദൃശ്യങ്ങളും ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടു
പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചതായി സ്ഥിരീകരിച്ച് ബംഗ്ലാദേശിൻ്റെ കരസേനാ മേധാവി. രാജ്യം ഭരിക്കാൻ ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് കരസേനാ മേധാവി ജനറൽ വക്കർ ഉസ് സമാൻ പറഞ്ഞു. ഷെയ്ഖ് ഹസീനയുടെ രാജിയെ തുടർന്ന്, ഉച്ചകഴിഞ്ഞ് രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് ബംഗ്ലാദേശ് സൈനിക മേധാവി ഇക്കാര്യം പറഞ്ഞത്.
ബംഗ്ലാദേശിൻ്റെ ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ കലാപങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. ധാക്കയിലെ പ്രധാനമന്ത്രിയുടെ വസതി കൊള്ളയടിക്കുന്ന ജനക്കൂട്ടത്തിൻ്റെ വീഡിയോ ദൃശ്യങ്ങളും ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടു. കേന്ദ്ര സർക്കാരിനെിരെ പ്രതിഷേധം നടത്തുന്ന പ്രതിഷേധക്കാരുടെ ഇടയിൽ നിന്ന് വെടിയൊച്ചകളും കേൾക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
നിരവധി വാഹനങ്ങളും സർക്കാർ ഓഫീസുകളും അഗ്നിക്കിരയാക്കി. ബംഗ്ലാദേശിൻ്റെ തലസ്ഥാനമായ ധാക്കയിലെ തെരുവുകളിൽ പതിനായിരക്കണക്കിന് പ്രതിഷേധക്കാരാണ് കയ്യേറിയിരിക്കുന്നത്. ഇവിടങ്ങളിൽ ക്രമസമാധാനം പൂർണമായി തകർന്ന നിലയിലാണ്. സംഘർഷങ്ങളെ തുടർന്ന് ധാക്കയിലെ അന്താരാഷ്ട്ര വിമാനത്താവളവും അടച്ചിട്ടുണ്ട്.
ആക്രമണങ്ങൾ ഭയന്ന് സൈനിക ഹെലികോപ്റ്ററിൽ ഷെയ്ഖ് ഹസീനയും സഹോദരിയും ഇന്ത്യയിലേക്ക് പറന്നെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ നിന്ന് ലണ്ടനിലേക്ക് പോകുമെന്നും ടൈംസ് നൗ റിപ്പോർട്ട് ചെയ്തു. ഇക്കാര്യത്തിൽ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.
നേരത്തെ രാജ്യവ്യാപകമായ കർഫ്യൂവും ഇൻ്റർനെറ്റ് നിരോധനവും ഏർപ്പെടുത്തിയിട്ടും വൻ ജനാവലി പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തുകയായിരുന്നു. പ്രധാനമന്ത്രിയുടെ വസതിയിൽ നിന്ന് ആൾക്കൂട്ടം സോഫയും കസേരകളുമെല്ലാം എടുത്ത് പുറത്തേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് ചാനലുകൾ പുറത്തുവിട്ടത്. ഞായറാഴ്ചത്തെ പ്രതിഷേധത്തിൽ മാത്രം 90 പേർ കൊല്ലപ്പെട്ടിരുന്നു. നിലവിൽ ആകെ മരണം 300 കടന്നതായാണ് വിവരം.
1971ൽ ബംഗ്ലാദേശ് നിലവിൽ വന്ന ശേഷം ദക്ഷിണേഷ്യൻ രാജ്യത്ത് അരങ്ങേറുന്ന ഏറ്റവും ഭീതിതമായ കലാപമാണിത്. രാജ്യത്തെ സിവിൽ സർവീസ് ജോലികൾക്കുള്ള സംവരണം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ജൂലൈ മുതലാണ് പ്രതിഷേധങ്ങൾ ആരംഭിച്ചത്. ധാക്കയിൽ നിന്നുള്ള കലാപ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ ചരിത്ര നിമിഷമെന്നാണ് ബിബിസി റിപ്പോർട്ടർമാർ കലാപത്തെ വിശേഷിപ്പിച്ചത്.