അഡീഷണൽ ഡയറക്ടർ വി. മീനാക്ഷിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് രാവിലെ പതിനൊന്ന് മണിയോടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്
ആലപ്പുഴയിൽ ഗർഭകാല ചികിത്സാ പിഴവിനെത്തുടർന്ന് ഗുരുതര വൈകല്യങ്ങളോടെ ജനിച്ച നവജാത ശിശുവിനെ ഡോകാർമാരുടെ വിദഗ്ധ സംഘം പരിശോധിച്ചു. കുഞ്ഞിന്
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നാണ് ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തിൻ്റെ വിലയിരുത്തൽ. അഡീഷണൽ ഡയറക്ടർ വി. മീനാക്ഷിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് രാവിലെ പതിനൊന്ന് മണിയോടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്.
പിന്നാലെ അനീഷും സുറുമിയും കുഞ്ഞുമായി വന്നു. കുഞ്ഞിൻ്റെ നിലവിലെ അവസ്ഥയെക്കുറിച്ച് മാതാപിതാക്കളിൽ നിന്നും വിദഗ്ധ സംഘം വിശദമായി ചോദിച്ചറിഞ്ഞു. ഇതുവരെയുള്ള ചികിത്സാ രേഖകളും പരിശോധിച്ചു. വൈകല്യങ്ങൾ ലഘൂകരിക്കുന്നതിനുള്ള തെറാപ്പി അടക്കമുള്ള കാര്യങ്ങളും വിദഗ്ധ സംഘം നിർദ്ദേശിച്ചിട്ടുണ്ട്. ആലപ്പുഴ ലജനത്ത് വാർഡ് സ്വദേശികളായ അനീഷ് മുഹമ്മദ് - സുറുമി ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞാണ് അപൂർവ വൈകല്യങ്ങളോടെ ജനിച്ചത്.
ഗർഭകാലത്ത് ഏഴുതവണ സ്കാനിങ് നടത്തിയിട്ടും വൈകല്യങ്ങൾ കണ്ടെത്താനായില്ല എന്നായിരുന്നു പരാതി. സുറുമിയുടെ പരാതിയിൽ ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലെ രണ്ടു ഡോക്ടർമാർ ഉൾപ്പടെ നാല് പേർക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്. ചികിത്സാ രേഖകൾ ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായ ആലപ്പുഴ ഡിവൈഎസ്പി രക്ഷിതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം സ്കാനിങ് പിഴവ് ആരോപണം നേരിടുന്ന ശങ്കേഴ്സ് മിഡാഡ് എന്നീ ലാബുകളിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ മാർച്ച് നടത്തി.