fbwpx
പുരുഷന്‍മാര്‍ക്ക് വേണ്ടി സംസാരിക്കുന്ന സിനിമ: ആഭ്യന്തര കുറ്റവാളിയെ കുറിച്ച് സംവിധായകന്‍ സേതുനാഥ് പദ്മകുമാര്‍

കുറ്റവാളി സഹദേവനാണോ നയനയാണോ അതോ ഇവിടുത്തെ സിസ്റ്റമാണോ അതോ സമൂഹമാണോ എന്നൊക്കെ ഏപ്രില്‍ 3ന് പ്രേക്ഷകര്‍ കണ്ടിട്ട് വിധി എഴുതട്ടെ

INTERVIEW


ആസിഫ് അലിയെ കേന്ദ്ര കഥാപാത്രമാക്കി സേതുനാഥ് പദ്മകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ആഭ്യന്തര കുറ്റവാളി. ചിത്രം ഏപ്രില്‍ 3ന് തിയേറ്ററിലേക്ക് എത്തുകയാണ്. ആഭ്യന്തര കുറ്റവാളി എന്ന ചിത്രം പുരുഷന്‍മാര്‍ക്ക് വേണ്ടി സംസാരിക്കുന്ന സിനിമയായിരിക്കുമെന്ന് സംവിധായകന്‍ സേതുനാഥ് പദ്മകുമാര്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു. ആഭ്യന്തര കുറ്റവാളിയൊരു പുരുഷപക്ഷ സിനിമയാണെന്നും സേതുനാഥ് കൂട്ടിച്ചേര്‍ത്തു.


ആസിഫ് പറഞ്ഞപോലെ ആഭ്യന്തര കുറ്റവാളിയൊരു മെയില്‍ ഷോവനിസ്റ്റിക് പടമോ?


ആഭ്യന്തര കുറ്റവാളി ഒരു മെയില്‍ ഷോവനിസ്റ്റ് പടം എന്നതിലുപരി സംവിധായകന്‍ എന്ന നിലയില്‍ അതിനെ പുരുഷപക്ഷ സിനിമ എന്ന് വിളിക്കാനാണ് താല്‍പര്യം. നമ്മുടെ നാട്ടില്‍ കാലാകാലങ്ങളായി സ്ത്രീ സംരക്ഷണത്തിന് വേണ്ടി കുറേ അധികം സിനിമകള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അതില്‍ ചിലതെങ്കിലും വളച്ചൊടിക്കപ്പെടുകയും പുരുഷന്‍മാര്‍ അതിന് ഇരകളായി തീരുന്നത് നമ്മള്‍ കാണുന്നതാണ് നിത്യേന. അത് ഇന്നുമുണ്ട് എന്നുമുണ്ട്. പിന്നെ ആണുങ്ങള്‍ക്ക് വേണ്ടി, അവരുടെ പ്രശ്‌നങ്ങള്‍ സംസാരിക്കാന്‍ വേണ്ടി ഒരു സിനിമയുണ്ടെങ്കില്‍ അത് ആഭ്യന്തര കുറ്റവാളിയായിരിക്കും.



യഥാര്‍ത്ഥ കുറ്റവാളി ആരാണ് എന്നതിന് ഉത്തരം ഏപ്രില്‍ മൂന്നിന്

ആരാണ് കുറ്റവാളി എന്ന ചോദ്യത്തിന് ഉത്തരമാണ് ആഭ്യന്തര കുറ്റവാളി എന്ന സിനിമ. ഏപ്രില്‍ 3ന് പ്രേക്ഷകര്‍ കണ്ടിട്ട് വിധി എഴുതട്ടെ. കുറ്റവാളി സഹദേവനാണോ നയനയാണോ അതോ ഇവിടുത്തെ സിസ്റ്റമാണോ അതോ സമൂഹമാണോ എന്നൊക്കെ. വിജയം ആഗ്രഹിച്ചും മുന്നില്‍ കണ്ടുമാണ് നമ്മള്‍ എല്ലാവരും ജീവിക്കുന്നതും പ്രയത്‌നിക്കുന്നതുമെല്ലാം. പ്രേക്ഷകന് സിനിമ കണക്ട് ആകുമ്പോള്‍ താനെ സംഭവിക്കുന്നതാണ് 50 കോടിയും 100 കോടിയുമെല്ലാം. അങ്ങനെ സംഭവിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. അത് കൂടാതെ ആസിഫ് ബ്രോ അടക്കമുള്ളവര്‍ പറയുന്ന ഒരു കാര്യമുണ്ട്. ഈ സിനിമ ആസിഫ് ബ്രോയുടെ കരിയറിന്റെ പീക് ടൈമില്‍ തന്നെ സംഭവിച്ചു എന്നത് എന്റെ ഭാഗ്യമായി ഞാന്‍ കാണുന്നു.


ആസിഫ് ഒരു നെക്സ്റ്റ് ഡോര്‍ ബോയി

ആഭ്യന്തര കുറ്റവാളി കല്യാണത്തിന് ഇടയ്ക്ക് നടക്കുന്ന ഒരു കഥയല്ല. കല്യാണം കഴിച്ചതുകൊണ്ട് സംഭവിച്ചു പോകുന്ന ഒരു കഥയാണ്. അതായത് ഭാര്യാ ഭതൃ ബന്ധത്തിലെ പ്രശ്‌നങ്ങള്‍ നാല് ചുമരിന് മുകളിലേക്ക് വളര്‍ന്നാല്‍ എന്തൊക്കെ സംഭവിക്കാം പിന്നീട് എന്നായിരിക്കും ചിത്രം ചര്‍ച്ച ചെയ്യുന്നത്. ഒരു സാധാരണക്കാരനാണ് ഈ സിനിമയിലെ സഹദേവന്‍ എന്ന കഥാപാത്രം. ആസിഫ് അലി എന്ന നടന്‍ നമ്മള്‍ മലയാളികള്‍ക്ക് എല്ലാവര്‍ക്കും അറിയാം ഒരു നെക്സ്റ്റ് ഡോര്‍ ബോയിയാണ്. അതുകൊണ്ട് തന്നെ സഹദേവന്‍ എന്ന് പറയുന്ന കഥാപാത്രം ഞാന്‍ രൂപീകരിക്കുമ്പോള്‍ ആദ്യം തോന്നിയ പേരുകളില്‍ ഒരാള്‍ ആസിഫ് അലി തന്നെയാണ്.


മനസില്‍ എന്നും സിനിമയായിരുന്നു

മഹാവീര്യര്‍ എന്ന എബ്രിഡ് ഷൈന്‍ സാറിന്റെ സിനിമയില്‍ അസോസിയേറ്റ് ഡയറക്ടറായി ഞാന്‍ ജോലി ചെയ്യുന്ന സമയത്താണ് ആസിഫിനെ പരിചയപ്പെടുന്നത്. ആ സമയത്താണ് അദ്ദേഹവുമായി ആഭ്യന്തര കുറ്റവാളിയുടെ കഥാ തന്ദു ചര്‍ച്ച ചെയ്യുന്നത്. അടുത്ത ചോദ്യം സിനിമയുടെ ടൈറ്റില്‍ എന്താണ് എന്നതായിരുന്നു. ഞാന്‍ ആഭ്യന്തര കുറ്റവാളി എന്ന് പറഞ്ഞതും ടൈറ്റില്‍ ഇഷ്ടപ്പെടുകയും മഹാവീര്യറിന് ശേഷമുള്ള അടുത്ത സിനിമയുടെ ലൊക്കേഷനിലേക്ക് വരാന്‍ പറഞ്ഞ് അവിടെ നിന്ന് കഥ പറയുകയും ചെയ്തു. രണ്ട് മണിക്കൂറോളം കഥ കേട്ടശേഷം ആസിഫ് ബ്രോ കമ്മിറ്റ് ചെയ്യുകയായിരുന്നു സിനിമ.

എന്നെ സംബന്ധിച്ച് സിനിമയായിരുന്നു എന്നും മനസില്‍. അത് ഒരു 20 വയസ് പ്രായമുള്ളപ്പോള്‍ വീട്ടില്‍ അവതരിപ്പിച്ചപ്പോള്‍ വേണ്ട പിന്തുണയൊന്നും എനിക്ക് ലഭിച്ചിരുന്നില്ല. അങ്ങനെ എംബിഎ കഴിഞ്ഞ് സിപ്ലയില്‍ ജോയിന്‍ ചെയ്യുകയും 9 വര്‍ഷത്തോളം സെയില്‍സ് മാനേജറായി ജോലി ചെയ്യുകയും ചെയ്തു. പിന്നീട് എനിക്ക് എപ്പഴോ ജീവിതത്തില്‍ ഒരു ടേണിംഗ് പോയന്റില്‍ തോന്നി സ്വന്തം ഇഷ്ടം മറക്കരുതെന്ന്. അങ്ങനെ 33-ാം വയസില്‍ ജോലി രാജി വെച്ച് ഫിലിം മേക്കിംഗ് പഠിക്കാന്‍ പോയി. പിന്നീട് ഇഷ്‌ക് എന്ന സിനിമയുടെ രചയ്താവായ രതീഷ് രവിയെ പരിചയപ്പെടാന്‍ സാധിച്ചു. പിന്നീട് ഇഷ്‌കില്‍ ഫസ്റ്റ് അസിസ്റ്റന്റായി ജോയിന്‍ ചെയ്തു. അതിന് ശേഷം രണ്ടാമത്തെ സിനിമ പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത അന്വേഷണമാണ്. അതില്‍ അസോസിയേറ്റ് ഡയറക്ടറായിരുന്നു. അതിന് ശേഷം ആന പറമ്പിലെ വേള്‍ഡ് കപ്പ്, പ്രീസ്റ്റ്, ഊര്‍ഫ്, അടി, ഹെവന്‍, മഹാവീര്യര്‍, ടര്‍ക്കിഷ് തര്‍ക്കം, മാസ്റ്റര്‍ പീസ് എന്ന വെബ്‌സീരീസ് തുടങ്ങിയ സിനിമകളില്‍ അസോസിയേറ്റ് ഡയറക്ടറായി ജോലി ചെയ്തു. പിന്നെ ഇതിനിടയില്‍ മൂന്ന് സിനിമകളില്‍ ചെറിയ വേഷം അഭിനയിക്കാന്‍ സാധിച്ചിട്ടുമുണ്ട്.

Also Read
user
Share This

Popular

KERALA
NATIONAL
മലപ്പുറത്ത് വിദ്യാർഥിനികളെ കാണാതായിട്ട് 24 മണിക്കൂർ; പെൺകുട്ടികൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ സിസിടിവി ദൃശ്യം പുറത്ത്