
കൊച്ചിയിൽ സിനിമാ ഷൂട്ടിംഗിനിടെ ഉണ്ടായ കാറപകടത്തിന് കാരണം അമിതവേഗതയെന്ന് ആർടിഒ എൻഫോഴ്സ്മെൻ്റിൻ്റെ കണ്ടെത്തൽ. റിപ്പോർട്ട് നാളെ അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് കൈമാറും. നഗരത്തിൽ അനുവദിച്ചിട്ടുള്ള വേഗപരിധിയിലും കൂടുതലായിരുന്നു കാറിൻ്റെ സഞ്ചാരമെന്നും റിപ്പോർട്ടിൽ പറയുന്നു. കാറോടിച്ചിരുന്ന സ്റ്റണ്ട് മാസ്റ്ററുടെ ലൈസൻസ് താത്കാലികമായി റദ്ദ് ചെയ്യാനും ആർടിഒ ശുപാർശ ചെയ്യും.
ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടം സംഭവിക്കുന്നത്. ബ്രൊമാൻസ് എന്ന സിനിമയുടെ കാർ ചെയ്സിങ് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. ഷൂട്ടിങ്ങിനിടെ നിയന്ത്രണം വിട്ട കാർ റോഡിനരികിലെ പോസ്റ്റിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. ഒരു മീറ്ററോളം ഡ്രിഫ്റ്റ് ചെയ്തു പോയ ശേഷമാണ് കാർ നിന്നത്. അപകടത്തിൽ നടൻ അർജുൻ അശോകൻ, സംഗീത് പ്രതാപ്, ബൈക്ക് യാത്രികൻ എന്നിവർക്ക് പരുക്ക് പറ്റിയിരുന്നു.
അതേസമയം, 24 മണിക്കൂർ നേരത്തെ ഒബ്സർവേഷനിലിരുന്ന ശേഷം ഇന്നലെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായതായി നടൻ സംഗീത് പ്രതാപ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു. അപകടത്തിൽ ചെറിയ പരുക്ക് പറ്റിയതായും കുറച്ചു ദിവസത്തെ വിശ്രമത്തിന് ശേഷം പൂർവാധികം കരുത്തോടെ തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.