ധൈര്യത്തോടെ വെളിപ്പെടുത്തുന്നവരെ ഒറ്റപ്പെടുത്തുന്ന പ്രവണതയാണെന്നും കുട്ടി പദ്മിനി
മലയാള സിനിമാ മേഖലയില്‍ ഉയര്‍ന്ന ലൈംഗിക ചൂഷണ വെളിപ്പെടുത്തലുകള്‍ മറ്റ് സിനിമാ മേഖലകളിലേക്കും വ്യാപിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതിനു പിന്നാലെയാണ് മുതിര്‍ന്ന നടന്മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തിയത്.
തമിഴ് സിനിമ-സീരിയല്‍ രംഗത്തും സമാനമായ ചൂഷണങ്ങള്‍ നടന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത നടിയും സീരിയല്‍ നിര്‍മാതാവുമായ കുട്ടി പദ്മിനി. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് കുട്ടി പദ്മിനിയുടെ വെളിപ്പെടുത്തല്‍. ലൈംഗിക പീഡനങ്ങളെ തുടര്‍ന്ന് നിരവധി സ്ത്രീകള്‍ ജീവനൊടുക്കിയതായാണ് വെളിപ്പെടുത്തല്‍.
മറ്റ് തൊഴിലിടങ്ങളെ പോലെയുള്ള തൊഴിലിടം മാത്രമാണ് സിനിമാ മേഖലയും പക്ഷേ, എന്തുകൊണ്ട് ഇവിടെ മാത്രം 'മാംസക്കച്ചവടം' ആകണം. ഇത് വളരെ തെറ്റാണെന്നും അവര്‍ പറഞ്ഞു. തമിഴ് സീരിയല്‍ രംഗത്തുള്ള സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും കലാകാരികളോട് ലൈംഗിക ആവശ്യങ്ങള്‍ മുന്നോട്ടുവെക്കുന്നു. ലൈംഗിക പീഡനം തെളിയിക്കാന്‍ കഴിയാത്തതിനാല്‍ പല സ്ത്രീകളും പരാതിപ്പെടുന്നില്ല. ചിലര്‍ നേട്ടത്തിനു വേണ്ടി പലതും സഹിക്കുന്നു.
ALSO READ: തൊടുപുഴയിലെ ലൊക്കേഷനിൽ വച്ച് ലൈംഗികാതിക്രമം; നടൻ ജയസൂര്യക്കെതിരെ വീണ്ടും കേസ്
ധൈര്യത്തോടെ വെളിപ്പെടുത്തുന്നവരെ ഒറ്റപ്പെടുത്തുന്ന പ്രവണതയാണുള്ളത്. പരാതി ഉന്നയിക്കുന്ന സ്ത്രീകള്‍ക്ക് നിരോധനം അടക്കം നേരിടേണ്ടി വരുമെന്ന് ഗായിക ചിന്മയി ശ്രീപദയുടേയും ശ്രീ റെഡ്ഡിയുടേയും അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടി കുട്ടി പദ്മിനി പറയുന്നു.
നടന്‍ രാധാരവിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ചിന്മയി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ ചിന്മയിക്ക് വിലക്ക് നേരിടേണ്ടി വന്നു. പിന്തുണ നല്‍കിയ ശ്രീ റെഡ്ഡിക്ക് താരങ്ങളുടെ അസോസിയേഷനിലെ അംഗത്വ കാര്‍ഡ് നല്‍കിയില്ല. അതുകൊണ്ട് തന്നെ അവര്‍ക്ക് സീരിയല്‍ രംഗത്തു പോലും ജോലി ചെയ്യാന്‍ കഴിയാതെയായി. തമിഴ് സിനിമയിലെ ലൈംഗിക പീഡന ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഒരു പുരോഗതിയും ഉണ്ടാകുന്നില്ലെന്നും കുട്ടി പദ്മിനി വിമര്‍ശിച്ചു.
ALSO READ: മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ചുണ്ട്; വെളിപ്പെടുത്തി നടന്‍ ലാല്‍
മലയാള സിനിമയില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ സുരേഷ് ഗോപി നടത്തിയ പ്രതികരണത്തേയും കുട്ടി പദ്മിനി വിമര്‍ശിച്ചു. തെളിവ് എവിടെയെന്ന് സുരേഷ് ഗോപി ചോദിച്ചതായി വായിച്ചു. ഇത്തരം ആരോപണത്തില്‍ എങ്ങനെയാണ് ഒരാള്‍ക്ക് തെളിവ് നല്‍കാനാകുക? സിബിഐ ചെയ്യുന്നത് പോലെ അവര്‍ നുണ പരിശോധന നടത്തട്ടെ.
ബാലതാരമായിരിക്കുമ്പോള്‍ താനും ലൈംഗികമായി ഉപദ്രവിക്കപ്പെട്ടിരുന്നതായും കുട്ടി പദ്മിനി വെളിപ്പെടുത്തി. തന്റെ അമ്മ പ്രശ്‌നം ഉണ്ടാക്കിയതിനെ തുടര്‍ന്ന് ഒരു ഹിന്ദി സിനിമയില്‍ നിന്നും ഒഴിവാക്കപ്പെട്ടതായും അവര്‍ പറഞ്ഞു.