എൽ1 പോയിൻ്റിന് ചുറ്റും ഒരു ഭ്രമണം പൂർത്തിയാക്കാൻ 178 ദിവസമാണ് ആദിത്യ-എൽ1 എടുത്തത്
ആദിത്യ-എൽ1
ഇന്ത്യയുടെ ആദ്യ സൗര പര്യവേഷണ ദൗത്യമായ ആദിത്യ-എൽ1 സൂര്യന്റെയും ഭൂമിയുടെയും ഇടയിലുള്ള ലഗ്രാഞ്ച് പോയിൻ്റ് 1 ന് ചുറ്റുമുള്ള ആദ്യത്തെ ഹാലോ ഭ്രമണപഥം വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു. എൽ1 പോയിൻ്റിന് ചുറ്റും ഒരു ഭ്രമണം പൂർത്തിയാക്കാൻ 178 ദിവസമാണ് ആദിത്യ-എൽ1 എടുത്തത്. നിലവിൽ പേടകം എൽ 1 ന് ചുറ്റുമുള്ള രണ്ടാമത്തെ ഹാലോ ഓർബിറ്റ് പാതയിലേക്ക് നീങ്ങിയതായും ഐഎസ്ആർഒ വ്യക്തമാക്കി.
ഹാലോ ഭ്രമണപഥത്തിലെ സഞ്ചാരത്തിൽ ധാരാളം വെല്ലുവിളികൾ പേടകം നേരിടുന്നുണ്ടെന്നും ഐഎസ്ആർഒ പറഞ്ഞു. പേടകത്തെ ഭ്രമണപഥത്തിൽ തന്നെ നിലനിർത്താനായി ഫെബ്രുവരി 22 നും ജൂൺ 7 നും രണ്ട് സ്റ്റേഷൻ-കീപ്പിംഗ് നടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു. സൂര്യനെപ്പറ്റി പഠിക്കാനായി കഴിഞ്ഞ വർഷം സെപ്റ്റംബർ 2 നാണ് ആദിത്യ-എൽ1 വിക്ഷേപിച്ചത്. ഈ വർഷം ജനുവരി 6-നാണ് പേടകം ഹാലോ ഭ്രമണപഥത്തിൽ എത്തിയത്.
ഭൂമിയുടെയും സൂര്യന്റെയും അന്തരീക്ഷത്തിലെ താപ വ്യതിയാനം, സൂര്യന്റെ പാളികളായ ഫോട്ടോ സ്ഫിയർ, ക്രോമോ സ്ഫിയർ, പുറം പാളിയായ കൊറോണ എന്നിവയെക്കുറിച്ചാണ് ആദിത്യ എൽ-1 പഠിക്കുക. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഏഴ് പേലോഡുകളാണ് പേടകത്തിൽ പഠനത്തിനായി സജ്ജീകരിച്ചിരിക്കുന്നത്. ഇതിൽ നാലെണ്ണം സൂര്യനെക്കുറിച്ചും മൂന്നെണ്ണം ലഗ്രാഞ്ച് 1 എന്ന ബിന്ദുവിന്റെ സവിശേഷതകളെക്കുറിച്ചും പഠിക്കും.