സൗദി അറേബ്യയിൽ നടക്കുന്ന 19ാം പതിപ്പിൽ 24 ടീമുകൾ പങ്കെടുക്കും
2027 എഎഫ്‌സി ഏഷ്യൻ കപ്പ് മൂന്നാം റൗണ്ട് യോഗ്യതാ മത്സരങ്ങൾക്കുള്ള നറുക്കെടുപ്പ് ഡിസംബർ 9ന് കോലാലംപൂരിൽ വെച്ച് നടക്കും. മൂന്ന് വർഷത്തിനപ്പുറം സൗദി അറേബ്യയിൽ വെച്ച് നടക്കുന്ന ടൂർണമെൻ്റിനുള്ള 24 ടീമുകളുടെ അന്തിമ റൗണ്ട് പട്ടികയാണ് തയ്യാറാക്കുക. 2019ൽ 24 ടീമുകളുടെ പോരാട്ടമായി മാറി.
1956ലാണ് വെറും നാലു ടീമുകളുമായി എഎഫ്‌സി ഏഷ്യൻ കപ്പ് ആരംഭിച്ചത്. പിന്നീട് നാലു വർഷത്തിലൊരിക്കൽ മാത്രമാണ് ടൂർണമെൻ്റ് സംഘടിപ്പിക്കുന്നത്. സൗദി അറേബ്യയിൽ നടക്കുന്ന 19ാം പതിപ്പിൽ 24 ടീമുകൾ പങ്കെടുക്കും. ഇതുവരെ 18 ടീമുകളാണ് ടൂർണമെൻ്റിന് യോഗ്യത നേടിയത്. ശേഷിക്കുന്ന ആറ് ടീമുകളെ 2025 മാർച്ചിൽ ആരംഭിക്കുന്ന മൂന്നാം റൗണ്ട് യോഗ്യതാ മത്സരത്തിലൂടെ നിർണയിക്കും.
മൂന്നാം റൗണ്ട് യോഗ്യതാ മത്സരങ്ങളുടെ ഫോർമാറ്റ് എന്താണ്?
നാല് ടീമുകൾ വീതമുള്ള ആറ് ഗ്രൂപ്പുകളായാണ് മൂന്നാം റൗണ്ട് യോഗ്യതാ മത്സരങ്ങൾ നടക്കുക. ഹോം ആൻഡ് എവേ രീതിയിൽ ഈ ടീമുകൾ പരസ്പരം പോരടിക്കും. ഓരോ ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാർ മാത്രം 2027ലെ എഎഫ്‌സി ഏഷ്യൻ കപ്പിന് യോഗ്യത നേടും.
നറുക്കെടുപ്പിനുള്ള സീഡിംഗുകൾ എന്തൊക്കെയാണ്?
പോട്ട് 1: സിറിയ (95), തായ്‌ലൻഡ് (97), താജിക്കിസ്ഥാൻ (104), ലെബനൻ (112), വിയറ്റ്‌നാം (116), ഇന്ത്യ (127)
പോട്ട് 2: മലേഷ്യ (132), തുർക്ക്‌മെനിസ്ഥാൻ (143), ഫിലിപ്പീൻസ് (149), അഫ്ഗാനിസ്ഥാൻ (155), ഹോങ്കോങ് (156), യെമൻ (158)
പോട്ട് 3: സിംഗപ്പൂർ (161), മാലിദ്വീപ് (162), ചൈനീസ് തായ്പേയ് (165), മ്യാൻമർ (167), നേപ്പാൾ (175), ഭൂട്ടാൻ (182)
പോട്ട് 4: ബ്രൂണെ (184), ബംഗ്ലാദേശ് (185), ലാവോസ് (186), തിമോർ ലെസ്റ്റെ (196), പാകിസ്ഥാൻ (198), ശ്രീലങ്ക (200)
മൂന്നാം റൗണ്ട് യോഗ്യതാ മത്സരത്തിൽ ഇന്ത്യ ഏത് പോട്ടിലാണ്?
ഏഷ്യയിലെ ഏറ്റവും ഉയർന്ന റാങ്കുള്ള ആറാമത്തെ ടീമും, ടോപ്പ് സീഡ് ടീമുകളിലൊന്നുമാണ് ഇന്ത്യ. കഴിഞ്ഞ വർഷത്തെ പ്രകടനങ്ങൾ ടീമിന് തിരിച്ചടിയായിരുന്നു. പേരിന് ഒരു വിജയം പോലുമില്ലാതെയാണ് 2024ലെ ഇന്ത്യൻ ടീമിൻ്റെ കാംപെയ്ൻ അവസാനിച്ചത്. അതുകൊണ്ട് തന്നെ കഴിഞ്ഞ 18 മാസങ്ങളിൽ ഇന്ത്യൻ ഫുട്ബോൾ ടീമിൻ്റെ റാങ്കിങ് 99ൽ നിന്ന് 127ലേക്ക് കുത്തനെ ഇടിഞ്ഞിരുന്നു.
അതേസമയം, മൂന്നാം റൗണ്ടിലെ ഗ്രൂപ്പ് പോരാട്ടങ്ങളിൽ ഒന്നാമതെത്താനായാൽ ഇന്ത്യയുടെ നീലപ്പടയും 2027 എഎഫ്‌സി ഏഷ്യൻ കപ്പ് ഫുട്ബോളിൽ പന്തു തട്ടും. മറിച്ചായാൽ കാത്തിരിപ്പ് വീണ്ടും തുടരും. തന്നെ സംബന്ധിച്ചിടത്തോളം റാങ്കിംഗ് സിസ്റ്റം ഒരു നുണയാണെന്നും ആഫ്രിക്കയിലെ ഏറ്റവും മോശം ടീം മറ്റൊരു ഭൂഖണ്ഡത്തിലെ മിക്ക ടീമുകളേക്കാളും മികച്ചതാണെന്നും ഇന്ത്യയുടെ മുഖ്യ പരിശീലകൻ മനോലോ മാർക്വേസ് പറഞ്ഞിരുന്നു. ഇന്ത്യ (125) റാങ്കിങ്ങിൽ അവർക്ക് മുകളിലാണ്. എന്നാൽ ഇന്ത്യൻ ടീം സൈപ്രസിനേക്കാൾ (127) മികച്ചവരാണ് എന്ന് അതിന് അർത്ഥമില്ലെന്നും മനോലോ മാർക്വേസ് കൂട്ടിച്ചേർത്തു.