വ്യഭിചാരത്തിൻ്റെ പേരിൽ സ്ത്രീകളെ പരസ്യമായി ചാട്ടവാറടിയും കല്ലെറിയലും പുനരാരംഭിക്കുമെന്ന് താലിബാൻ അറിയിച്ചു
അഫ്‌ഗാൻ മനുഷ്യാവകാശ പ്രവർത്തകയ്ക്ക് താലിബാൻ ജയിലിൽ നേരിടേണ്ടി വന്നത് ക്രൂരപീഡനം. ആയുധധാരികൾ യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. അഫ്ഗാനിസ്ഥാനിൽ തടങ്കലിൽ കഴിയുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെ അതിക്രമങ്ങൾ വർധിച്ചു വരുന്നതായി റിപ്പോർട്ടുണ്ട്. എന്നാൽ ആദ്യമായാണ് ഇതിനെ സംബന്ധിക്കുന്ന വീഡിയോ അടക്കമുള്ള തെളിവുകൾ പുറത്തു വരുന്നത്.
താലിബാൻ ഭരണകൂടത്തിനെതിരെ തുടർന്ന് സംസാരിച്ചാൽ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായും ദൃശ്യങ്ങളിലുണ്ട്. വസ്ത്രം അഴിച്ചുമാറ്റാൻ ആജ്ഞാപിക്കുകയും തയ്യാറാകാതെ നിന്ന യുവതിയെ മർദിക്കുന്നതായും ദൃശ്യങ്ങളിൽ കാണാം. താലിബാനെതിരെ പരസ്യമായ പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും തടങ്കലിൽ വെച്ച് ബലാത്സംഗത്തിനിരയാക്കിയതെന്നും യുവതി വെളിപ്പെടുത്തി. തന്നെ കൂടുതൽ അപമാനിക്കാൻ വേണ്ടിയാണ് ആക്രമിക്കുന്ന ദൃശ്യങ്ങൾ പകർത്തിയതെന്നും യുവതി പറഞ്ഞു.
2021മുതൽ അഫ്ഗാനിലെ സ്ത്രീകളെയും പെൺകുട്ടികളെയും പൊതുജീവിതത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.സെക്കൻ്ററി വിദ്യാഭ്യാസം നേടുന്നതിലും വിലക്കേർപ്പെടുത്തി. കൂടാതെ ശമ്പളം ലഭിക്കുന്ന തൊഴിലിൽ ഏർപ്പെടുന്നതും തടയുന്നു. ഇവർക്ക് ബ്യൂട്ടിപാർലറിലോ ജിമ്മുകളിലോ പോകുന്നതിനും വിലക്കുണ്ട്. കൂടാതെ കർശനമായ ഡ്രസ്കോഡ് പാലിക്കാനും നിർദേശം നൽകി. ഇതിന് പുറമേയാണ് ഇപ്പോള്‍ വ്യഭിചാരത്തിൻ്റെ പേരിൽ സ്ത്രീകളെ പരസ്യമായി ചാട്ടവാറടിയും കല്ലെറിയലും പുനരാരംഭിക്കുമെന്ന് താലിബാൻ അറിയിച്ചിട്ടുള്ളത്.
സ്ത്രീകൾക്കു വേണ്ടി ശബ്ദമുയർത്തിയതിന് നിരവധി ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്യുകയും തടങ്കലിൽ വെക്കുകയും ചെയ്തിട്ടുണ്ട്. അവർക്കൊക്കെ നേരിടേണ്ടി വന്നത് ക്രൂര പീഡനമാണെന്ന് വെളിപ്പെടുത്തി കൊണ്ട് അവർ രംഗത്തു വന്നിരുന്നു. 41 ദിവസത്തോളമാണ് ചിലർക്ക് തടവിൽ കഴിയേണ്ടി വന്നത്. 2022 ൽ സ്ത്രീകൾക്കു വേണ്ടി പ്രവർത്തിച്ച ആക്ടിവിസ്റ്റിനെ മർദിക്കുകയും വൈദ്യുതാഘാതം ഏൽപ്പിക്കുകയും ചെയ്തതായി യുവതി വെളിപ്പെടുത്തിയിരുന്നു. സ്വന്തം സുരക്ഷയ്ക്ക് വലിയ ഭീഷണി നേരിടുമ്പോഴും അഫ്ഗാനിലെ സ്ത്രീകളും പെൺകുട്ടികളും പരസ്യ പ്രതിഷേധം നടത്തുന്നുവെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ രണ്ടു വർഷത്തിനിടെ 221ഓളം പ്രതിഷേധ പ്രകടനങ്ങൾ നടന്നതായാണ് റിപ്പോർട്ട്.