തിങ്കളാഴ്ച ഇന്ത്യന്‍ വിപണി വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ നിഫ്റ്റി 50 പോയിന്‍റ് ഇടിഞ്ഞ് 24,317 ലും സെൻസെക്സ് 421 പോയിന്‍റ് 79,284ലും എത്തി
ഹിന്‍ഡന്‍ബര്‍ഗ് റിസെര്‍ച്ചിന്‍റെ പുതിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ അദാനി ഗ്രൂപ്പിന്‍റെ ഓഹരികളില്‍ വന്‍ ഇടിവ്. അദാനി ഗ്രൂപ്പിന്‍റെ കമ്പനികളുടെ ഓഹരിയില്‍ 7 ശതമാനം കുറവാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്.
ALSO READ: "വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമം"; ഹിന്‍ഡന്‍ബർഗിനെതിരെ പ്രതികരണവുമായി അദാനി ഗ്രൂപ്പ്
അദാനി ഗ്രൂപ്പിന്‍റെ വിദേശ ഷെല്‍ കമ്പനികളില്‍ സെബി ചെയര്‍പേഴ്‌സണ്‍ മാധബി ബുച്ചിനും ഭര്‍ത്താവിനും നിക്ഷേപമുണ്ടെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്‍റെ കണ്ടെത്തല്‍. ആരോപണം അദാനിയും മാധബിയും നിഷേധിച്ചെങ്കിലും നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരി പിന്‍വലിക്കുകയായിരുന്നു. 10 അദാനി സ്‌റ്റോക്കുകളുടെ സംയോജിത മാര്‍ക്കറ്റ് മൂലധനം 16.7 ലക്ഷത്തിലേക്ക് ചുരുങ്ങിയതിനാല്‍ നിക്ഷേപകര്‍ക്ക് 53,000 കോടി രൂപയുടെ നഷ്ടമാണുണ്ടായത്.
ഗ്രൂപ്പിന്‍റെ കമ്പനികളില്‍ ഏറ്റവും കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയത് അദാനി ഗ്രീന്‍ എനര്‍ജി ഷെയറുകള്‍ക്കാണ്. 7 ശതമാനം നഷ്ടം സംഭവിച്ച്, ബിഎസ്ഇയില്‍ 1,656 രൂപയോടെ ഷെയറുകള്‍ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തിയിരുന്നു .
ALSO READ: ഇത് വ്യക്തിഹത്യ, സാമ്പത്തിക ഇടപാടുകൾ സുതാര്യം; ഹിൻഡൻബർഗ് റിപ്പോർട്ടിനെതിരെ മാധബി ബുച്ചും ഭര്‍ത്താവും
അദാനി ടോട്ടല്‍ ഗ്യാസ് ഷെയറുകള്‍ക്ക് 5 ശതമാനവും അദാനി പവറിന് 4 ശതമാനവും നഷ്ടമാണ് സംഭവിച്ചത്. അദാനി വില്‍മര്‍, അദാനി എനര്‍ജി സൊല്യൂഷന്‍സ്, അദാനി എന്‍റര്‍പ്രൈസസ് എന്നീ സ്ഥാപനങ്ങള്‍ 3 ശതമാനം കുറവിലാണ് വ്യാപാരം നടത്തിയത്. നിഫ്റ്റിയില്‍ 2 ശതമാനം കുറവാണ് അദാനി പോര്‍ട്ടിനുണ്ടായത്. കമ്പനിയുടെ മുന്‍നിര സ്ഥാപനമായ അദാനി എന്‍റര്‍പ്രൈസസിനു ശേഷം ബ്ലൂചിപ്പ് സൂചികയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഷ്ടമാണിത്.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വിപണിയെ ബാധിക്കില്ലായെന്നാണ് മാര്‍ക്കറ്റ് നിരീക്ഷകര്‍ പറഞ്ഞിരുന്നത്. റിപ്പോര്‍ട്ടിനെ സെന്‍സേഷണലിസം എന്ന് പറഞ്ഞു തള്ളുകയായിരുന്നു നിരീക്ഷകര്‍. എന്നാല്‍ അദാനി ഗ്രൂപ്പിന്‍റെ ഓഹരികളില്‍ സംഭവിച്ച ഇടിവ് സൂചിപ്പിക്കുന്നത് തിരിച്ചാണ്. വരും ദിവസങ്ങളില്‍ അദാനിക്കെതിരെയുള്ള ഹിന്‍ഡന്‍ബര്‍ഗിന്‍റെ ആദ്യ റിപ്പോര്‍ട്ടിലെ സെബി അന്വേഷണം നിക്ഷേപകര്‍ പിന്തുടരാനാണ് സാധ്യത.
ALSO READ: ഹിന്‍ഡന്‍ബര്‍ഗ് അദാനിയെ ആദ്യം വരിഞ്ഞുമുറുക്കിയത് ഇങ്ങനെ...
2023 ജനുവരിയിലാണ് ഹിന്‍ഡന്‍ബര്‍ഗ് റിസെര്‍ച്ച് അദാനിക്കെതിരെ ആദ്യ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വിദേശ രാജ്യങ്ങളിലെ ഷെല്‍ കമ്പനികളില്‍ നിന്നും സ്വന്തം സ്ഥാപനങ്ങളിലേക്ക് നിക്ഷേപം നടത്തി ഓഹരിവില പെരുപ്പിച്ചു കാട്ടിയെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗിന്‍റെ ആരോപണം. റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ മാര്‍ക്കറ്റ് റെഗുലേറ്റര്‍മാരായ സെബി ഹിന്‍ഡന്‍ബര്‍ഗിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇത്തരം റിപ്പോര്‍ട്ടുകളോട് ശ്രദ്ധയോടെ വേണം പ്രതികരിക്കാനെന്ന് സെബി നിക്ഷേപകരെ അറിയിച്ചു.
തിങ്കളാഴ്ച ഇന്ത്യന്‍ വിപണി വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ നിഫ്റ്റി 50 പോയിന്‍റ് ഇടിഞ്ഞ് 24,317 ലും സെൻസെക്സ് 421 പോയിന്‍റ് 79,284ലും എത്തി. 9:20 ഓടെ തന്നെ നിഫ്റ്റി 24300 പോയിന്‍റിനും താഴേക്ക് പോയി. കഴിഞ്ഞവാരം വിപണി കണ്ട വിറ്റഴിക്കല്‍ ട്രെന്‍ഡിനെ തുടർന്ന് സെന്‍സെക്സ് 80,981 ൽ നിന്നും 78,353 ലേക്കും നിഫ്റ്റി 24,717ൽ നിന്നും 23,895 ലേക്കും വീണിരുന്നു. വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ സെൻസെക്‌സ് 1276 പോയിന്‍റും നിഫ്‌റ്റി സൂചിക 350 പോയിന്‍റുമാണ് ഇടിവ് രേഖപ്പെടുത്തിയിരുന്നത്. മുൻ നിര ഓഹരി ഇൻഡക്‌സുകൾക്ക് ഒന്നര ശതമാനം തകർച്ചയാണ് രേഖപ്പെടുത്തിയത്.