
തിരുവനന്തപുരം വഞ്ചിയൂരിൽ എയർ ഗൺ ഉപയോഗിച്ചുള്ള വെടിവെപ്പിൽ തിരുവനന്തപുരം സ്വദേശിക്ക് പരുക്ക്. വള്ളക്കടവ് സ്വദേശിനി ഷിനിയെ ആണ് മുഖം മൂടി ധരിച്ചെത്തിയ സ്ത്രീ ആക്രമിച്ചത്. എൻആർഎച്ച്എം ജീവനക്കാരിയായ ഷിനിയുടെ വലതു കൈക്ക് പരുക്കേറ്റു. പരിക്കേറ്റ ഷിനിയെ ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം തുടങ്ങി. പെരുന്താന്നി പോസ്റ്റോഫീസിന് മുന്നിലാണ് സംഭവം.
ആമസോണിൽ നിന്നുള്ള കൊറിയർ നൽകാനെന്ന പേരിലാണ് മുഖംമൂടി ധരിച്ച് അക്രമി എത്തിയത്. ഷിനിയുടെ പിതാവ് പാർസൽ വാങ്ങാൻ ശ്രമിച്ചെങ്കിലും അക്രമി സാധനം കൈമാറിയില്ല. ഷിനി ഇറങ്ങി വന്നപ്പോൾ കൈയ്യിൽ കരുതിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അക്രമിയായ സ്ത്രീയെത്തിയത് സിൽവർ നിറമുള്ള കാറിലാണെന്നാണ് കണ്ടെത്തൽ. കാർ പാർക്ക് ചെയ്ത ശേഷം തല മറച്ചാണ് അക്രമം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
READ MORE: ബൈക്കിന് സൈഡ് കൊടുക്കുന്നതിനിടെ പൊലീസ് ജീപ്പ് പുഴയിലേക്ക് മറിഞ്ഞു; ആളപായമില്ല
അക്രമിയായ യുവതി ഷിനിയെ ചോദിച്ചാണ് വന്നതെന്നും അവൾ തന്നെ കൊറിയർ പേപ്പറിൽ ഒപ്പിടണമെന്ന് നിർബന്ധിച്ചുവെന്നും ഭർത്താവിന്റെ അച്ഛൻ ഭാസ്കരൻ നായർ പറഞ്ഞു. "അക്രമി രാവിലെ എട്ടരയോടെയാണ് വന്ന് ബെല്ലടിച്ചത്. ഷിനി തന്നെ കൊറിയർ പേപ്പറിൽ ഒപ്പിടണമെന്ന് നിർബന്ധിച്ചു. പേന ഇല്ലെന്ന് അവർ പറഞ്ഞു. ഞാൻ അകത്ത് പോയി പേന എടുത്ത് വരുന്നതിന് ഇടക്കാണ് പാർസലുമായി വന്ന യുവതി വെടിയുതിർത്തത്. ഒരു തവണ കയ്യിലും രണ്ട് തവണ തറയിലും വെടിയുതിർത്തു. വന്നത് സ്ത്രീ തന്നെയാണ്, ഒത്ത ശരീരമുള്ള സ്ത്രീയാണെന്നാണ് കാഴ്ചയിൽ തോന്നിയത്," ഭാസ്കരൻ നായർ പറഞ്ഞു.