സംഭവത്തില്‍ തിയേറ്റര്‍ ഉടമ ഉള്‍പ്പെടെ മൂന്ന് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു
തെന്നിന്ത്യന്‍ താരം അല്ലു അര്‍ജുന്‍ അറസ്റ്റില്‍. പുഷ്പ 2 റിലീസിനിടെ സ്ത്രീ മരിച്ച സംഭവത്തിലാണ് നടപടി. ഹൈദരാബാദ് പൊലീസാണ് താരത്തെ അറസ്റ്റ് ചെയ്തത്. ജൂബിലി ഹില്‍സ് വസതിയില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ തിയേറ്റര്‍ ഉടമ ഉള്‍പ്പെടെ മൂന്ന് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
പുഷ്പ 2 പ്രീമിയര്‍ ഷോ കാണാനെത്തി തിക്കിലും തിരക്കിലും പെട്ടാണ് ഹൈദരാബാദ് ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതി (39) മരിച്ചത്. ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ തേജിനും (9) സാന്‍വിക്കും (7) ഒപ്പമാണ് സന്ധ്യ തിയറ്ററില്‍ രേവതി പ്രീമിയര്‍ ഷോ കാണാന്‍ എത്തിയത്.
തിക്കിലും തിരക്കിലും പെട്ട് രേവതി ബോധംകെട്ട് നിലത്ത് വീഴുകയായിരുന്നു. തുടര്‍ന്ന് ആളുകള്‍ രേവതിയുടെ പുറത്തേക്ക് വീഴുകയും നില ഗുരുതരമാകുകയും ചെയ്തു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രേവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
മുന്നറിയിപ്പൊന്നുമില്ലാതെ നടൻ അല്ലു അർജുൻ തീയേറ്ററിൽ സിനിമ കാണാനെത്തിയതിനെ തുടർന്ന് ഉണ്ടായ തിരക്കിനിടയിലാണ് ദാരുണ സംഭവം ഉണ്ടായതെന്ന് ഹൈദരാബാദ് പൊലീസ് പറയുന്നു. തീയേറ്ററിൽ ജനത്തിരക്ക് നിയന്ത്രിക്കാൻ ആവശ്യത്തിന് സുരക്ഷാ ക്രമീകരണങ്ങളൊന്നും ഒരുക്കാതെയാണ് അല്ലു അർജുൻ തീയേറ്ററിലെത്തിയതെന്നാണ് ആരോപണം.
രേവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് അല്ലു അർജുൻ അറിയിച്ചിരുന്നു. ദുഃഖകരമായ സംഭവമാണ് ഉണ്ടായതെന്നും തൻ്റെ ഹൃദയം തകർന്നുവെന്നുമായിരുന്നു ആരാധികയുടെ മരണത്തിൽ താരത്തിൻ്റെ പ്രതികരണം.