കോഴിക്കോട് ജില്ലയിൽ അമീബിക്ക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യ വിദഗ്ധര്‍ നിർദ്ദേശങ്ങൾ നൽകുന്നത്
കുറച്ച് ദിവസമായി കേരളത്തിലെ ജനങ്ങളെ ഭയത്തിലാഴ്ത്തിക്കൊണ്ടിരിക്കുന്ന രോഗമാണ് അമീബിക്ക് മസ്തിഷ്ക ജ്വരം. 2019, 2020 ,2022 ,2023 വർഷങ്ങളിലും റിപ്പോർട്ട് ചെയ്തിരുന്ന രോഗം വീണ്ടും പിടിമുറുക്കുകയാണ്. മഴക്കാലമായതുകൊണ്ടു തന്നെ ഏറെ ശ്രദ്ധിക്കണം. കുടിക്കുന്നതും കുളിക്കുന്നതുമായ ജലത്തിലെ കീടാണുക്കളുടെ അളവും സ്വാധീനവും എത്രയെന്ന് മനസിലാകണമെന്നില്ല. അതുകൊണ്ട് തന്നെ ഒപ്പമുണ്ടാകുന്നവരിൽ കാണുന്ന ഏതു ചെറിയ ലക്ഷണങ്ങളും നിസാരമായി തള്ളി കളയേണ്ടതല്ല.
അതേസമയം, അമീബിക്ക് മസ്തിഷ്ക ജ്വരം പകർച്ച വ്യാധിയല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. ജലാശയങ്ങളിൽ കുളിക്കുമ്പോഴും നീന്തുമ്പോഴും ശ്രദ്ധവേണമെന്നും രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ വേഗത്തിൽ ചികിത്സ തേടണമെന്നുമാണ് നിർദ്ദേശം. അമീബിക്ക് മസ്തിഷ്ക ജ്വരം വന്നാൽ 95%-ലേറെയാണ് മരണനിരക്കെന്നും അതുകൊണ്ട് തന്നെ ചികിത്സ ബുദ്ധിമുട്ടേറിയതാണെന്നും ഡോക്ടർമാർ പറയുന്നു.
ALSO READ : കേരളത്തെ വീണ്ടും വിറപ്പിച്ച് അമീബിക് മസ്തിഷ്കജ്വരം, എങ്ങനെ പ്രതിരോധിക്കാം?
കോഴിക്കോട് ജില്ലയിൽ അമീബിക്ക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ആരോഗ്യ വിദഗ്ദ്ധർ നിർദ്ദേശങ്ങൾ നൽകുന്നത്. പകർച്ച വ്യാധിയല്ലാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എന്നാൽ, ജലാശയങ്ങളിൽ മുങ്ങി കുളിക്കുമ്പോഴും നീന്തുമ്പോഴും ശ്രദ്ധവേണമെന്നും ഡോക്ടർമാർ പറയുന്നു. പനി, തലവേദന, ഛർദി തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ. എന്നാൽ രോഗം മൂർച്ഛിച്ചാൽ ബോധക്ഷയം, അപസ്മാരം എന്നിവയും ഉണ്ടായേക്കാം. ലക്ഷത്തിൽ ഒരാൾക്ക് എന്ന നിരക്കിലാണ് രോഗം റിപ്പോർട്ട് ചെയ്യാറുള്ളത്. എന്നാൽ രോഗം ബാധിച്ചാൽ മരിക്കാനുള്ള സാധ്യത 95%-ലേറെയാണ്.
ജലാശയങ്ങളുടെ ക്ലോറിനേഷനും മൂക്കിൽ വെള്ളം കയറുന്ന നിലയിൽ മുങ്ങി കുളിക്കുന്നതും നീന്തുന്നതും ഒഴിവാക്കുന്നത് രോഗത്തെ തടയും. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ വേഗം ചികിത്സ തേടണമെന്നും ആരോഗ്യ വിദഗ്‌ധർ നിർദ്ദേശിക്കുന്നു.