മുത്തൂറ്റ്, ബജാജ്, ശ്രീറാം തുടങ്ങി സ്വകാര്യ ബാങ്കുകളാണ് നിസ്സഹായരായ മനുഷ്യരെ വീണ്ടും ദുരിതത്തിൽ ആഴ്ത്തുന്നത്
വയനാട് ഉരുൾപ്പൊട്ടൽ ബാധിതരിൽ മുണ്ടക്കൈ-ചൂരൽമല പ്രദേശവാസികൾ മാത്രമല്ല കടക്കെണിയിലായത് 900 കണ്ടി ഉൾപ്പെടെയുള്ള വിനോദ സഞ്ചാര മേഖലയിലെ 250 ഓളം ജീപ്പ് ഡ്രൈവർമാർ കൂടിയാണ്. സ്വകാര്യ ബാങ്കുകളിൽ നിന്നെടുത്ത ലോണുകൾ തിരിച്ചടയ്ക്കാൻ സാധിക്കാതെ പ്രതിസന്ധിയിലായിരിക്കുകയായിവർ. സർവ്വതും നഷ്ട്ടമായിരിക്കുന്ന ദുരിത ബാധിതരുടെ കൈയിൽ നിന്നും സഹായധനമായി ലഭിച്ച തുക പോലും പിടിച്ചെടുക്കുകയാണ് ബാങ്കുകൾ.
മുത്തൂറ്റ്, ബജാജ്, ശ്രീറാം തുടങ്ങി സ്വകാര്യ ബാങ്കുകളാണ് നിസ്സഹായരായ മനുഷ്യരെ വീണ്ടും ദുരിതത്തിൽ ആഴ്ത്തുന്നത്. സ്വകാര്യ ബാങ്കുകൾക്ക് പുറമെ സ്വകാര്യ വ്യക്തികളോട് പലിശയ്ക്ക് പണം വാങ്ങിയവരും ഭീഷണി നേരിടുന്നുണ്ട്. തവണകൾ ലംഘിച്ചാൽ പിഴ തുകയും അക്കൗണ്ടിൽ നിന്നും ഈടാക്കുന്നുണ്ട്. വാഹനമടക്കം മുഴുവൻ സ്വത്തും നഷ്ടമായവരും, വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും ഇതിൽപെടുന്നു.
ALSO READ: വയനാട് ദുരിതബാധിതരുടെ വായ്പകള്‍ എഴുതി തള്ളുന്ന കാര്യം ബാങ്കുകള്‍ തീരുമാനിക്കും
സർക്കാർ ഇടപെട്ട് വാഹന വായ്പകൾ പുനഃക്രമീകരിക്കുകയോ, എഴുതി തള്ളുകയോ ചെയ്യണമെന്നും, സ്വകാര്യ ബാങ്കുകൾ നടത്തുന്ന മനുഷ്യത്വരഹിതമായ സമീപനങ്ങൾ തടയാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നും ദുരിത ബാധിതർ ആവശ്യപ്പെടുന്നു. വാഹനവും, തൊഴിലും, ജീവനോപാതികളും നഷ്ടമായവർക്ക് പ്രത്യേക പുനരധിവാസ പാക്കേജുകൾ പ്രഖ്യാപിക്കണം, സബ്‌സിഡിയോടെ പുതിയ പലിശരഹിത വായ്പകൾ അനുവദിക്കണം എന്നുമാണ് ദുരിതബാധിതരുടെ ആവശ്യം.