മത്സ്യത്തൊഴിലാളിയായ നരേന്ദ്രയ്ക്ക് ഏതാനും ദിവസം ജോലിക്ക് പോകാനായിരുന്നില്ല, തുടർന്നാണ് ലോൺ എടുത്തത്
ലോണ്‍ ആപ്പുകളുടെ ക്രൂരത തുടരുന്നു. ആന്ധ്രാപ്രദേശില്‍ വിശാഖപട്ടണത്താണ് 25 കാരനായ യുവാവാണ് ഏറ്റവും ഒടുവില്‍ ലോണ്‍ ആപ്പിന്റെ ഭീഷണിയെ തുടര്‍ന്ന് ജീവനൊടുക്കിയത്. ഭാര്യയുടെ മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചതില്‍ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തത്. വിവാഹം കഴിഞ്ഞ് ആറ് മാസത്തിനുള്ളിലാണ് ദാരുണമായ സംഭവം.
കഴിഞ്ഞ ഒക്ടോബര്‍ 28 നായിരുന്നു നരേന്ദ്രയുടേയും അഖിലയുടെയും വിവാഹം. വ്യത്യസ്ത ജാതിയിൽ പെട്ട ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു.
മോശം കാലാവസ്ഥയെ തുടര്‍ന്ന് മത്സ്യത്തൊഴിലാളിയായ നരേന്ദ്രയ്ക്ക് ഏതാനും ദിവസം ജോലിക്ക് പോകാനായിരുന്നില്ല. ഇതിനെ തുടര്‍ന്ന് ജീവിത ചെലവിനായി 2000 ലോണ്‍ ആപ്പില്‍ നിന്നും കടമെടുത്തിരുന്നു.
എന്നാല്‍, ആഴ്ചകള്‍ക്കുള്ളില്‍ തുക തിരിച്ച് ആവശ്യപ്പെട്ട് ലോണ്‍ ആപ്പ് ഏജന്റ് നരേന്ദ്രയെ വിളിക്കാന്‍ തുടങ്ങി. നിരവധി ഭീഷണി സന്ദേശങ്ങളും ഏജന്റ് നരേന്ദ്രയ്ക്ക് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് നരേന്ദ്രയുടെ ഭാര്യയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങളും ഏജന്റ് പ്രചരിപ്പിച്ചത്. നരേന്ദ്രയുടെ മൊബൈല്‍ കോണ്‍ടാക്ടില്‍ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം ചിത്രം അയച്ചു.
Also Read: അനധികൃത ഫ്ലക്സ് ബോർഡുകൾ നീക്കാൻ ധൈര്യം വേണം; സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി
ചിത്രം ഭാര്യയുടെ മൊബൈലിലേക്കും വന്നതോടെ മുഴുവന്‍ തുകയും തിരിച്ചു നല്‍കാന്‍ ഇരുവരും തീരുമാനിച്ചിരുന്നു. എന്നാല്‍, ഇതിന് തയ്യാറാകാതെ ഏജന്റ് ഭീഷണി തുടരുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഭാര്യയുടെ ചിത്രങ്ങള്‍ പ്രചരിച്ചതറിഞ്ഞ് നിരവധി പേര്‍ വിളിക്കാന്‍ തുടങ്ങിയതോടെ മനംനൊന്താണ് യുവാവ് ആത്മഹത്യ ചെയ്തത്.
ലോണ്‍ ആപ്പുകളുടെ ഭീഷണിയെ തുടര്‍ന്ന് ആന്ധ്രപ്രദേശില്‍ ഒരാഴ്ചയ്ക്കിടയില്‍ നടക്കുന്ന മൂന്നാമത്തെ സംഭവമാണ് നരേന്ദ്രയുടേത്. നന്ദ്യാല്‍ ജില്ലയില്‍ ഭീഷണിയെ തുടര്‍ന്ന് ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയെ പൊലീസ് എത്തി രക്ഷിച്ചിക്കുകയായിരുന്നു.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)