സംസ്ഥാന വനനിയമ ഭേദഗതിക്കെതിരെയാണ് നിലമ്പൂർ എംഎൽഎ പി.വി. അൻവർ ജനകീയ യാത്ര സംഘടിപ്പിക്കുന്നത്
പി.വി. അൻവറിന്റെ ജനകീയ യാത്രയിൽ കോൺഗ്രസ് പങ്കെടുക്കില്ലെന്ന് വയനാട് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ. വയനാട്ടിലെ ജനകീയ യാത്ര ഡിസിസി പ്രസിഡൻറ് ഉദ്ഘാടനം ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, പ്രചരണ പോസ്റ്റർ തയ്യാറാക്കിയത് തൻ്റെ അറിവോടെ അല്ലെന്നും കോൺഗ്രസ് സംസ്ഥാന നേതൃത്വം പങ്കെടുക്കരുതെന്ന് അറിയിച്ചിട്ടുണ്ടെന്നും എൻ.ഡി. അപ്പച്ചൻ അറിയിച്ചു.
സംസ്ഥാന വനനിയമ ഭേദഗതിക്കെതിരെയാണ് നിലമ്പൂർ എംഎൽഎ പി.വി. അൻവർ ജനകീയ യാത്ര സംഘടിപ്പിക്കുന്നത്. 1961ലെ കേരള വനനിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കിയ പശ്ചാത്തലത്തിലാണ് തീരുമാനം. ജനുവരി മൂന്ന്, നാല്, അഞ്ച് തീയതികളിലായി വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മാനന്തവാടി മുതല്‍ വഴിക്കടവ് വരെയാണ് ജനകീയ യാത്ര സംഘടിപ്പിക്കുക. ഇതിന്‍റെ ഭാഗമായി പനമരത്ത് നടക്കുന്ന പൊതു സമ്മേളനമാണ് ഡി.സി.സി പ്രസിഡന്റ് ഉദ്ഘാടനം ചെയ്യുമെന്ന് പ്രചരിപ്പിച്ചിരുന്നത്. ഇതിനെ തുടർന്ന്, അന്‍വര്‍ കോണ്‍ഗ്രസിലേക്ക് തിരികെ പോവാന്‍ ശ്രമങ്ങള്‍ നടത്തുന്നു എന്ന തരത്തിൽ അഭ്യൂഹങ്ങളും ഉയർന്നിരുന്നു. കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ പിന്തുണ അൻവറിനുണ്ട് എന്ന തരത്തിൽ റിപ്പോർട്ടുകളും വന്നിരുന്നു.
ആഭ്യന്തര വകുപ്പിനെതിരെ ശക്തമായ ആരോപണങ്ങൾ ഉന്നയിച്ച ശേഷമാണ് അൻവർ എല്‍ഡിഎഫില്‍ നിന്ന പുറത്തുപോയത്. തുടർന്നാണ് അന്‍വര്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള സ്ഥാപിക്കുന്നത്. ദേശീയ തലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായും തമിഴ്‌നാട്ടിലെ ഡിഎംകെയുമായെല്ലാം അന്‍വര്‍ സഖ്യസാധ്യതകള്‍ തേടിയിരുന്നു. എന്നാല്‍ അതൊന്നും ഫലം കണ്ടില്ല. നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ പാലക്കാടും വയനാടും അന്‍വറിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ കോണ്‍ഗ്രസിന് സ്വമേധയാ പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് പ്രവേശനത്തിന്‍റെ കാര്യത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുസ്ലീം ലീഗ് എന്നിവരുടെ നിലപാട് നിര്‍ണായകമാവും.