അർജുനായി പന്ത്രണ്ടാം നാൾ; രക്ഷാദൗത്യതിനായി പോൺടൂൺ ബ്രിഡ്ജുകൾ എത്തിക്കും

രക്ഷാപ്രവർത്തനത്തിൽ അടിയന്തര സഹായം അഭ്യർഥിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും കത്തയച്ചിരുന്നു
അർജുനായി പന്ത്രണ്ടാം നാൾ; രക്ഷാദൗത്യതിനായി പോൺടൂൺ ബ്രിഡ്ജുകൾ എത്തിക്കും
Published on

ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ പന്ത്രണ്ടാം ദിവസത്തിലേക്ക്. രക്ഷാദൗത്യതിനായി ഇന്ന് പോൺടൂൺ ബ്രിഡ്ജുകൾ എത്തിക്കും. കനത്ത മഴയും അടിയൊഴുക്കും തുടരുന്ന സാഹചര്യത്തിൽ നാവികസേനയുടെ സഹായത്തിനായി മത്സ്യത്തൊഴിലാളികളും സ്ഥലത്തെത്തും.

കഴിഞ്ഞ ദിവസം രക്ഷാപ്രവർത്തനത്തിൽ അടിയന്തര സഹായം അഭ്യർഥിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും കത്തയച്ചിരുന്നു. നാവികസേനയിൽ നിന്നും കൂടുതൽ മുങ്ങൽ വിദഗ്ധരെ വിന്യസിപ്പിക്കണമെന്നും കൂടുതൽ അത്യാധുനിക സംവിധാനങ്ങൾ എത്തിക്കണമെന്നുമാണ് മുഖ്യമന്ത്രിയുടെ ആവശ്യം. കേരളം കർണാടകയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കൂടുതൽ വിദഗ്ധരും ഉപകരണങ്ങളും എത്തിക്കുന്നതിലൂടെ രക്ഷാപ്രവർത്തനത്തിന് കൂടുതൽ സഹായകമാകുമെന്നും മുഖ്യമന്ത്രി കത്തിൽ സൂചിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതിരോധമന്ത്രി രാജ് നാഥ് സിംഗിനും പിണറായി വിജയൻ കത്തയച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഐബോഡ് ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ട്രക്ക് പ്രൊഫൈലെന്ന് സംശയിക്കുന്ന പുതിയ സിഗ്നൽ ലഭിച്ചിരുന്നു. പ്രദേശവാസിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. പുഴയ്ക്ക് നടുവിലെ മൺകൂനയ്ക്ക് സമീപമായാണ് സിഗ്നൽ ലഭിച്ചത്. സ്കൂബ ഡൈവേഴ്‌സ് ഇന്ന് മൺകൂന കേന്ദ്രീകരിച്ച് പരിശോധന നടത്തും. ഐ ബോഡ് നടത്തിയ പത്ത് പരിശോധനയിലും ലഭിക്കാത്ത സിഗ്നൽ ആണ് ഇന്നലെ ലഭിച്ചത്.

അതേസമയം അർജുൻ്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണത്തിൽ കോഴിക്കോട് സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വാർത്താ സമ്മേളനം എഡിറ്റ് ചെയ്ത് മാറ്റി വ്യാജ പ്രചാരണം നടക്കുന്നെന്ന് ചൂണ്ടികാട്ടിയാണ് കഴിഞ്ഞ ദിവസം അർജുൻ്റെ കുടുംബം പൊലീസിൽ പരാതി നൽകിയത്.

സൈന്യം രക്ഷാപ്രവർത്തനം ആരംഭിച്ച ദിവസം കുടുംബം നടത്തിയ വാർത്താ സമ്മേളനത്തിലെ പരാമർശങ്ങൾ എഡിറ്റ് ചെയ്താണ് വ്യാപകമായ സൈബർ ആക്രമണം നടക്കുന്നത്. അർജുൻ്റെ അമ്മയുടെ സഹോദരിയുടെ ശബ്ദം എഡിറ്റ് ചെയ്ത് മാറ്റിയാണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്. അമ്മ വൈകാരികമായി നടത്തിയ പരാമർശങ്ങൾക്ക് എതിരെയും ദുഷ്പ്രചാരണങ്ങളുണ്ടായി. ഇതോടെയാണ് കുടുംബം സൈബർ സെല്ലിൽ പരാതി നൽകിയത്.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com