2021 മെയ് മുതൽ 2022 ഓഗസ്റ്റ് വരെയുള്ള കണക്കുകളെടുത്താൽ അസമിൽ നടന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ കണക്കുകൾ അസ്വാഭാവികമാണെന്ന് കാണാം
2021 മെയ് പത്തിന് അസം മുഖ്യമന്ത്രിയായി ബിജെപി നേതാവ് ഹിമന്ത ബിശ്വ ശർമ അധികാരമേറ്റ ശേഷം പതിനഞ്ച് മാസത്തിനിടെ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് 56 പേർ. പരുക്കേറ്റത് 139 പേർക്ക്. രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 171. ഇത്തരം പൊലീസ് ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും ചില പ്രത്യേക സമുദായങ്ങളിൽ നിന്നുള്ളവരാണെന്ന കണ്ടെത്തൽ സർക്കാരിന് നേരെയുള്ള വിമർശനമായി മാറിയിരിക്കുകയാണ്.
പ്രതികൾ പൊലീസിനെ ഉപദ്രവിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു, പ്രതികൾ തോക്കുകൾ തട്ടിയെടുക്കാൻ ശ്രമിച്ചപ്പോൾ വെടിവെച്ചു എന്നിങ്ങനെയാണ് എല്ലാ ഏറ്റുമുട്ടൽ കേസുകളിലുമുള്ള പൊലീസ് വാദം. 2021 മെയ് മുതൽ 2022 ഓഗസ്റ്റ് വരെയുള്ള കണക്കുകളെടുത്താൽ അസമിൽ നടന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ കണക്കുകൾ അസ്വാഭാവികമാണെന്ന് കാണാം.
കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും ബലാത്സംഗം, കൊലപാതകം, മയക്കുമരുന്ന് കടത്ത്, പശുക്കടത്ത്, മോഷണം തുടങ്ങിയ കേസുകൾ ആരോപിച്ച് പിടിയിലായവരാണ്. പക്ഷേ, മോഷണക്കേസ് പ്രതികൾ വരെ വെടിയേറ്റ് മരിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. ഈ ഏറ്റുമുട്ടൽ കൊലകളിൽ സുപ്രീം കോടതി സംശയം പ്രകടിപ്പിച്ചതോടെയാണ് അസം സർക്കാരിൻ്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെട്ടത്. പൊലീസ് നടത്തുന്നത് വ്യാജ ഏറ്റുമുട്ടൽ കൊലകളാണ് എന്നതാണ് പ്രധാന വിമർശനം.
ഈ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹർജി ഗുവാഹത്തി ഹൈക്കോടതിയിൽ വന്നിരുന്നു. പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷനാണ് ഹർജിക്കാരന് വേണ്ടി ഹൈക്കോടതിയിലെത്തിയത്. എന്നാൽ ഈ ഹർജി കോടതി തള്ളി. ഇതിനെതിരെ സുപ്രീം കോടതിയിൽ വന്ന ഹർജിയിൽ ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ എന്നിവരുടെ ബെഞ്ച് കഴിഞ്ഞദിവസം ഇടപെടുകയും ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. ഒന്‍പത് മാസം കൊണ്ട് 171 ഏറ്റുമുട്ടൽ സംഭവങ്ങളെന്നത് ഭയാനകമാണെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി പൊലീസ് ഒരു പ്രത്യേക സമുദായത്തെ മാത്രമാണോ ലക്ഷ്യമിടുന്നതെന്നും ചോദിച്ചു.
കഴിഞ്ഞ ജൂലൈ 17ന് അസം-മണിപ്പൂർ അതിർത്തി ഗ്രാമമായ കച്ചാറിൽ തീവ്രവാദിളെന്ന് ആരോപിച്ച് ഗോത്രവർഗത്തിൽപ്പെട്ട മൂന്ന് യുവാക്കളെ പൊലീസ് കൊലപ്പെടുത്തിയിരുന്നു. ഒളിച്ചിരുന്ന യുവാക്കൾ വെടിയുതിർത്തെന്നും തിരിച്ച് വെടിവെച്ചപ്പോൾ അവർ കൊല്ലപ്പെട്ടെന്നുമായിരുന്നു പൊലീസ് ഭാഷ്യം. പ്രതികളുടെ കൈവശമുള്ള തോക്ക് പിടിച്ചെടുത്തുവെന്നും പൊലീസ് പറഞ്ഞു. ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും ആവർത്തിച്ചിരുന്നു.
എന്നാൽ പൊലീസിന്‍റേത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം കുടുംബം ഉയർത്തുകയും ഇതിന് തെളിവായുള്ള വീഡിയോ പുറത്തുവിടുകയും ചെയ്തതോടെയാണ് സംഭവത്തിൻ്റെ ഗതി മാറിയത്. ഇതോടെ ആദിവാസി സംഘടനകൾ പ്രതിഷേധമുയർത്തി. പശുക്കടത്ത് ആരോപിച്ച് നിരവധി പേരെ അസം പൊലീസ് വെടിവെച്ചിട്ടതും വിവാദമായി. കഴിഞ്ഞ ഓഗസ്റ്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ യുവാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ചിരുന്നു. തെളിവെടുപ്പിന് കൊണ്ടുപോകും വഴി കുളത്തിൽ ചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ വെടിവെയ്ക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇത്തരം നിരവധി സംഭവങ്ങളുണ്ടായതോടെ പ്രതിപക്ഷം പ്രതിഷേധമുയർത്തി. മനുഷ്യാവകാശ സംഘടനകളും പ്രതിഷേധങ്ങളുമായി രംഗത്തുവന്നു.
Also Read: 'ഇതൊക്കെ തന്നെയല്ലേ ഞങ്ങളും പറയുന്നത്'; വിജയ് കോപ്പിയടിച്ചെന്ന് ഡിഎംകെ
ചെറിയ കാര്യങ്ങൾക്ക് ജനങ്ങളെ വെടിവെച്ചു കൊല്ലുകയാണ് ബിജെപി സർക്കാരെന്നും അസം ഒരു പൊലീസ് സ്റ്റേറ്റായി മാറിയെന്നും പ്രതിപക്ഷം വിമർശിച്ചു. പരിശീലനം ലഭിച്ച പൊലീസുകാരിൽ നിന്ന് തോക്ക് തട്ടിയെടുക്കാൻ എങ്ങനെ കഴിയുമെന്നും പ്രതിപക്ഷം ചോദിച്ചു. എന്നാൽ ഏറ്റുമുട്ടലുകളെ മുഖ്യമന്ത്രി ന്യായീകരിച്ചു. കുറ്റവാളികൾ രക്ഷപ്പെടാൻ ശ്രമിക്കുകയോ പൊലീസിൽ നിന്ന് തോക്ക് തട്ടിയെടുക്കുകയോ ചെയ്താൽ വെടിയുതിർക്കേണ്ടത് പൊലീസിന്‍റെ കടമയാണെന്നായിരുന്നു ഹിമന്തയുടെ മറുപടി. ഏതായാലും അസമിലെ ഏറ്റുമുട്ടൽ കൊലകളുടെ കണക്കുകളും അതിൽ ചില സമുദായങ്ങൾ മാത്രം അകപ്പെടുന്നതും സർക്കാരിനെ സംശയത്തിന്‍റെ നിഴലില്‍ നിർത്തുകയാണ്.