ഇവിടെ തെരുവുനായകളുടെ ശല്യം രൂക്ഷമാണെന്ന് നഗരസഭയെ അറിയിച്ചെങ്കിലും, നടപടി ഒന്നും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്
യുപിയിലെ ഗൊരഖ്‌പൂരിൽ തെരുവ് നായ ആക്രമണത്തിൻ്റെ ഞെട്ടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഒരു മണിക്കൂറിൽ കുട്ടികൾ ഉൾപ്പെടെ 17 പേരെയാണ് ഒരു തെരുവ് നായ ആക്രമിച്ചത്. ഓഗസ്റ്റ് 14ന് യുപിയിലെ ഗൊരഖ്‌പൂരിലാണ് സംഭവം നടന്നത്. സിസിടിവിയിൽ പതിഞ്ഞ വിഡീയയിലാണ് സംഭവം പുറത്തായത്.
രാത്രി 9.45 ഓടെ ഫോണിൽ സംസാരിക്കുകയായിരുന്ന ഒരു യുവാവിൻ്റെ അടുത്തേക്ക് നായ കുരച്ചുകൊണ്ട് വരികയും, ആക്രമിക്കുകയും ചെയ്യുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. നായ വിദ്യാർഥിയുടെ കാലിൽ കടിക്കുകയും, വീണപ്പോൾ മുഖത്ത് കടിക്കുകയും ചെയ്തു. വിദ്യാർഥിയുടെ ചുണ്ടിനും, കണ്ണുകൾക്കും പരുക്കേറ്റിട്ടുണ്ട്.
ഇതേ പട്ടി, സ്വന്തം വീടിന്റെ ഗേറ്റിന് സമീപം നിന്ന ഒരു യുവതിയെ ആക്രമിക്കുകയും അവരുടെ കാൽമുട്ടിലും കാലിലും കടിക്കുകയും ചെയ്തു. വീടിന്റെ പുറത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് പെൺകുട്ടികളെയും നായ ആക്രമിച്ചു. ഒരു മണിക്കൂറിൽ 17 പേരെയാണ് ഈ നായ ആക്രമിച്ചത്. ഇവിടെ തെരുവ് നായകളുടെ ശല്യം രൂക്ഷമാണെന്ന് നഗരസഭയെ അറിയിച്ചെങ്കിലും, നടപടി ഒന്നും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വീഡിയോ കാണാൻ ക്ലിക്ക് ചെയ്യൂ...
Read More: പാകിസ്ഥാനിൽ ബാലവിവാഹം 18 ശതമാനത്തോളം വർധിക്കാൻ വെള്ളപ്പൊക്കം കാരണമായതെങ്ങനെ?
അതേസമയം, സംഭവത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും ഗൊരഖ്പൂർ അഡീഷണൽ മുൻസിപ്പൽ കമ്മീഷണർ ദുർഗേഷ് മിശ്ര പറഞ്ഞു. 'തെരുവ് നായ്ക്കളുടെ വന്ധ്യംകരണത്തിനായി സ്ഥിരമായി ഒരു കാമ്പെയ്ൻ നടത്തുന്നുണ്ട്. ഒരു ആനിമൽ ബർത്ത് കൺട്രോൾ സെൻ്റർ കൂടി നിർമിക്കുന്നുണ്ട്. വളർത്ത് നായ്ക്കൾക്കുള്ള വാക്സിനേഷനായി ബോധവൽക്കരണ കാമ്പെയ്‌നുകൾ നടത്തുന്നുണ്ടെന്നും' ദുർഗേഷ് മിശ്ര പറഞ്ഞു.