പുസ്തകത്തിന്റെ പൂർണരൂപം പുറത്തുപോയതിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നായിരുന്നു ഇ.പി ജയരാജന്‍റെ ആരോപണം
പുസ്തക വിവാദത്തിൽ വീണ്ടും ഇ.പി. ജയരാജൻ്റെ മൊഴി എടുക്കാൻ പൊലീസ് നീക്കം. കോട്ടയം എസ്പി സമർപ്പിച്ച റിപ്പോർട്ട് തൃപ്തികരമല്ലെന്ന് ചൂണ്ടികാട്ടി സംസ്ഥാന പൊലീസ് മേധാവി റിപ്പോർട്ട് മടക്കിയിരുന്നു. വീണ്ടും അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാന്‍ എസ്‌പിക്ക് നിർദേശം നൽകിയതിനെ തുടർന്നാണ് കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചത്.
പുസ്തകത്തിന്‍റെ പൂർണരൂപം പുറത്തുപോയതിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നായിരുന്നു ഇ.പി ജയരാജന്‍റെ ആരോപണം. എന്നാൽ കോട്ടയം എസ്പി പ്രാഥമികാന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിൽ ഗൂഢാലോചനയെക്കുറിച്ച് പരാമർശമേ ഇല്ല. പല ചോദ്യങ്ങൾക്കും ഉത്തരവുമില്ല. പിന്നാലെയാണ് വ്യക്തതയില്ലെന്ന് ചൂണ്ടി കാട്ടി ഡിജിപി റിപ്പോർട്ട് മടക്കിയത്. കൂടുതൽ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് എസ്പിക്ക് നിർദേശം നൽകിയിരിക്കുന്നത്. ഇ.പി ഉൾപ്പടെ കൂടുതൽ പേരുടെ മൊഴി എടുക്കാനാണ് അന്വേഷണ സംഘത്തിൻ്റെ നീക്കം.
Also Read: ആത്മകഥാ വിവാദം: വ്യക്തത കുറവ്, അന്വേഷണ റിപ്പോർട്ട് മടക്കി ഡിജിപി
പുസ്തകത്തിന്റെ പൂർണരൂപമടങ്ങിയ പി.ഡി.എഫ് ചോർന്നത് ഡിസി ബുക്സിൽ നിന്ന് തന്നെയാണന്നാണ് പൊലീസ് കണ്ടെത്തൽ. ഇ.പി. ജയരാജനും ഡിസി ബുക്സും തമ്മിൽ കരാറുണ്ടായിരുന്നില്ല എന്നീ കണ്ടെത്തലുകൾ മാത്രമാണ് റിപ്പോർട്ടിലുള്ളത്. എന്നാൽ ആര് ചോർത്തി, എങ്ങനെ ചോർത്തി, എന്തിന് ചോർത്തി എന്നീ ചോദ്യങ്ങൾക്ക് ഉത്തരമില്ല. ഗൂഢാലോചന നടന്നോ എന്നതിലും വ്യക്തതയില്ല. വ്യക്തതക്കായി രവി ഡിസിയുടെയും ഇ.പിയുടെയും മൊഴി വീണ്ടും രേഖപെടുത്തി കൂടുതൽ നിഗമനങ്ങളുള്ള റിപ്പോർട്ട് തയ്യാറാക്കാനാണ് പൊലീസ്
ഒരുങ്ങുന്നത്.ഈ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം കേസെടുത്തുള്ള അന്വേഷണം വേണോ എന്ന കാര്യത്തിൽ തീരുമാനമെടുത്താൽ മതിയെന്നാണ് സംസ്ഥാന പൊലീസ് മേധാവിയുടെ നിലപാട്.
വയനാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് പോളിങ് ദിവസം രാവിലെയാണ് ഇ.പിയുടെ ആത്മകഥ എന്ന നിലയില്‍ 170ഓളം പേജ് വരുന്ന പിഡിഎഫ് പുറത്തുവന്നത്. ഇ.പിയുടെ ആത്മകഥ, കട്ടന്‍ചായയും പരിപ്പുവടയും എന്ന പേരോടെ പുറത്തുവരുന്നതായി ഡിസി ബുക്സ് സമൂഹ മാധ്യമങ്ങളില്‍ പരസ്യവും നല്‍കിയിരുന്നു. എന്നാല്‍ പിഡിഎഫിനെ തള്ളി ഇ.പി തന്നെ രംഗത്തെത്തിയതോടെ സാങ്കേതിക തടസം കാരണം നിർമിതി നിർത്തിവെച്ചതായി ഡിസി അറിയിച്ചു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ഇ.പിയുടെ ആത്മകഥ വിവാദം വലിയ ചർച്ചകള്‍ക്ക് വഴിവെച്ചിരുന്നു.