കുട്ടികൾക്കുള്ള വാക്സിനേഷൻ പരിപാടികൾ തടസപ്പെടുത്തിയതും യുദ്ധം മൂലം ജല-ശുചീകരണ സംവിധാനങ്ങൾക്കുണ്ടായ വൻ നാശനഷ്ടവുമാണ് ഗാസയിൽ പോളിയോ വീണ്ടും പ്രത്യക്ഷപ്പെടാൻ കാരണമെന്ന് മാനുഷിക സംഘടനകൾ ആരോപിച്ചു
ഗാസയിൽ 25 വർഷത്തിന് ശേഷം പത്തു മാസം പ്രായമുള്ള കുഞ്ഞിന് പോളിയോ സ്ഥിരീകരിച്ചു. കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ല. എന്നാൽ പ്രദേശത്തു നിന്ന് നിന്ന് ശേഖരിച്ച സാമ്പിളുകളിൽ ടൈപ്പ് 2 പോളിയോ വൈറസ് കണ്ടെത്തിയിരുന്നു. താൻ വളരെ ആശങ്കാകുലനാണെന്നും വരും ആഴ്ചകളിൽ ഒരു വാക്സിനേഷൻ പ്രോഗ്രാം അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ (ഡബ്ല്യുഎച്ച്ഒ) തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
അഞ്ച് വയസിൽ താഴെയുള്ള കുട്ടികളെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. കുട്ടികൾക്കുള്ള വാക്സിനേഷൻ പരിപാടികൾ തടസപ്പെടുത്തിയതും, യുദ്ധം മൂലം ജല-ശുചീകരണ സംവിധാനങ്ങൾക്കുണ്ടായ വൻ നാശനഷ്ടവുമാണ് ഗാസയിൽ പോളിയോ വീണ്ടും പ്രത്യക്ഷപ്പെടാൻ കാരണമെന്ന് മാനുഷിക സംഘടനകൾ ആരോപിച്ചു. വ്യാപനം തടയാൻ ശ്രമിക്കുന്നതിനായി, 10 വയസിന് താഴെയുള്ള 6,40,000ത്തിലേറെ കുട്ടികൾക്കായി പോളിയോ വാക്സിനേഷൻ ക്യാംപയിൻ നടത്തുന്നതിന് യുഎൻ സമ്മർദ്ദം ചെലുത്തുന്നതായി യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് പറഞ്ഞു.
ALSO READ: സിദ്ദീഖിന്റെ വാദം തള്ളി ജഗദീഷ്; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ AMMA-യിലെ ഭിന്നത പുറത്ത്
"ഗാസയിലെ ലക്ഷക്കണക്കിന് കുട്ടികൾ അപകടത്തിലാണ്. ക്യാംപയിൻ വിജയിക്കണമെങ്കിൽ വാക്സിനുകളും ആവശ്യമായ ഉപകരണങ്ങളും എത്തിക്കാനും പോളിയോ വിദഗ്ധരെ ഗാസയിലേക്ക് പ്രവേശിപ്പിക്കാനും സൗകര്യം ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യത്തിന് ഇന്ധനം, പണത്തിൻ്റെ വർധിച്ച ഒഴുക്ക്, വിശ്വസനീയമായ ആശയവിനിമയങ്ങൾ, ആരോഗ്യ പ്രവർത്തകരുടെയും ആരോഗ്യ കേന്ദ്രങ്ങളിൽ എത്തുന്നവരുടെയും സുരക്ഷിതത്വം എന്നിവയും ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
1.6 ദശലക്ഷം ഡോസ് വാക്സിൻ പുറത്തിറക്കാൻ WHO അംഗീകാരം നൽകിയിട്ടുണ്ട്. യൂണിസെഫ് അവരുടെ ഡെലിവറി കോൾഡ് സ്റ്റോറേജ് യൂണിറ്റുകൾക്കൊപ്പം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും അധികൃതർ അറിയിച്ചു. UNRWA യുടെ മെഡിക്കൽ ടീമുകൾ ഗാസയിൽ എത്തിക്കഴിഞ്ഞാൽ വാക്സിനുകൾ വിതരണം ചെയ്യും. 25 വർഷത്തിന് ശേഷം വൈറസ് വീണ്ടും പ്രത്യക്ഷപ്പെടുന്നത് സ്ഥിതിഗതികൾ എത്രത്തോളം നിരാശാജനകവും അപകടകരവുമായി മാറിയിരിക്കുന്നു എന്നതിൻ്റെ മറ്റൊരു ഓർമ്മപ്പെടുത്തലാണെന്ന് യൂണിസെഫിൻ്റെ എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസൽ പറഞ്ഞു.