അയൽരാജ്യത്ത് അഭയം തേടിയ ഷെയ്ഖ് ഹസീന ഇന്ത്യ വഴി ലണ്ടനിലേക്ക് പോകുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ഷെയ്ഖ് ഹസീന
രാജ്യവ്യാപക പ്രതിഷേധങ്ങളെയും തുടര്‍ന്ന് രാജിവെച്ച ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിൽ വിമാനമിറങ്ങി. ഗാസിയാബാദിലെ ഹിന്‍ഡണ്‍ എയര്‍ ഫോഴ്സ് വ്യോമത്താവളത്തിലാണ് ഷെയ്ഖ് ഹസീനയും സഹോദരിയും വിമാനമിറങ്ങിയത്. അയൽരാജ്യത്ത് അഭയം തേടിയ ഷെയ്ഖ് ഹസീന ഇന്ത്യ വഴി ലണ്ടനിലേക്ക് പോകുമെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
നേരത്തെ പ്രതിഷേധത്തെ തുടര്‍ന്ന് ഹസീന ധാക്ക വിട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് രാജി വാര്‍ത്തയും പുറത്തുവന്നത്. ധാക്കയില്‍ നിന്നും സൈന്യത്തിൻ്റെ ഹെലികോപ്റ്ററിൽ ഹസീന രാജ്യം വിട്ടെന്നായിരുന്നു വിവരം. രാജ്യത്ത് പട്ടാളഭരണം നിലവിൽ വരുമെന്നും ഇടക്കാല സർക്കാർ രൂപീകരിക്കുമെന്നും ബംഗ്ലാദേശ് കരസേനാ തലവൻ വക്കാർ ഉസ് സമാൻ രാജ്യത്തെ അഭിസംബോധന ചെയ്യവെ അറിയിച്ചിരുന്നു.
Also Read: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു
അതേസമയം, പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് നാടുവിട്ടതിനു ശേഷം ധാക്കയില്‍ വലിയതോതിലുള്ള കൊള്ളയാണ് നടക്കുന്നത്. പ്രതിഷേധക്കാര്‍ ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍റെ തലസ്ഥാനത്തുള്ള വസതിയിലേക്ക് അതിക്രമിച്ചു കയറി മോഷണം നടത്തുകയും വസ്തുക്കള്‍ നശിപ്പിക്കുകയും ചെയ്തു. പ്രതിഷേധക്കാര്‍ വീടിനുള്ളിലേക്ക് ഇരച്ചുകയറിയ ശേഷം ഇവിടെ നിന്നും പുകയുയര്‍ന്നതായി ബിബിസി ബംഗ്ലാ റിപ്പോര്‍ട്ട് ചെയ്തു.
ഷെയ്ഖ് ഹസീനയുടെ വസതിയായ ജനഭബനിലേക്ക് കടന്ന പ്രതിഷേധക്കാർ ഫര്‍ണീച്ചറുകള്‍ എടുത്തുകൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ പിതാവും ബംഗ്ലാദേശിന്‍റെ സ്ഥാപകനുമായ ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്‍റെ പ്രതിമകളും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. 1975ല്‍ പ്രധാനമന്ത്രിയായി ഇരിക്കുമ്പോഴാണ് സൈനിക അട്ടിമറിയില്‍ മുജീബുര്‍ റഹ്‌മാന്‍ കൊല്ലപ്പെടുന്നത്. മുജീബുറിന്‍റെ സ്മരണാര്‍ഥം സ്ഥാപിച്ചിരുന്ന മ്യൂസിയവും സംഘര്‍ഷത്തില്‍ തകര്‍ക്കപ്പെട്ടു. ധാക്കയ്ക്ക് കിഴക്കുള്ള സില്‍ഹെത് നഗരത്തിലെ ഡെപ്യൂട്ടി കമ്മീഷണറുടെയും പൊലീസ് മേധാവിയുടെയും ഓഫീസുകള്‍ക്ക് തീവെച്ചുവെന്ന വാര്‍ത്തകളും പുറത്തു വരുന്നുണ്ട്. നിരവധി കൗണ്‍സിലര്‍മാരുടെ വീടുകളും ആക്രമിക്കപ്പെട്ടിരിക്കുന്നു.
ജൂലൈയില്‍ ആരംഭിച്ച വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ ഇതുവരെ 300ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 98 പേര്‍ കൊല്ലപ്പെട്ടു. പ്രധാനമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് പ്രക്ഷോഭം രൂക്ഷമാകുന്നതിന് ഇടയിലാണ് ഷെയ്ഖ് ഹസീനയുടെ രാജിയും പലായനവും. ഹസീന രാജ്യം വിട്ടെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ആഹ്ളാദഭരിതരായ ജനക്കൂട്ടം നഗരത്തിലെ തെരുവുകളിലേക്ക് ഇരമ്പിയെത്തി. ധാക്കയില്‍ പ്രക്ഷോഭകാരികള്‍ ബംഗ്ലാദേശ് പതാക വീശിയും ടാങ്കറുകള്‍ക്ക് മുകളില്‍ കയറി നൃത്തം ചെയ്തുമാണ് ഹസീനയുടെ പലായന വാര്‍ത്ത സ്വീകരിച്ചതെന്ന് എഎഫ്പി റിപ്പോര്‍ട്ടില്‍ പറയുന്നു.